'അർഹിക്കുന്ന മെഡൽ തട്ടിയെടുത്തു'; വിനേഷ് ഫോഗട്ടിന് വെള്ളി നൽകണമെന്ന് സചിൻ
text_fieldsപാരീസ് ഒളിമ്പിക്സിൽ അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ട് വെള്ളിമെഡൽ അർഹിക്കുന്നുണ്ടെന്ന് ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കർ. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലാണ് സചിന്റെ അഭിപ്രായപ്രകടനം. നിയമങ്ങളെല്ലാം പാലിച്ചാണ് വിനേഷ് ഫൈനലിലെത്തിയത്. അതുകൊണ്ട് വിനേഷ് മെഡൽ അർഹിക്കുന്നുണ്ടെന്ന് സചിൻ പറഞ്ഞു.
എല്ലാ കായിക ഇനത്തിനും അതിന്റേതായ നിയമങ്ങളുണ്ട്. എന്നാൽ, ചില പ്രത്യേക സാഹചര്യങ്ങളിൽ സമയത്തിനനുസരിച്ച് അതിൽ ചില പുനപരിശോധനകളുണ്ടാവും. വിനേഷ് ഫോഗട്ട് നിയമങ്ങളെല്ലാം പാലിച്ച് തന്നെയാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. ഫൈനലിന് മുമ്പാണ് ഭാരത്തിന്റെ പേരിൽ അവർക്ക് അയോഗ്യത വന്നത്. അർഹതപ്പെട്ട ഒരു മെഡൽ അവരിൽ നിന്നും തട്ടിയെടുക്കുന്നതിന് തുല്യമാണ് ഇപ്പോഴത്തെ നടപടികളെന്നും അദ്ദേഹം പറഞ്ഞു.
ലഹരി ഉപയോഗിച്ചതിന് പിടിക്കപ്പെട്ടതിന്റെ പേരിൽ കായിക താരത്തിന് അയോഗ്യത വരികയാണെങ്കിൽ അത് നീതികരിക്കാവുന്നതാണ്. എന്നാൽ, ക്രമക്കേടുമില്ലാതെ നിയമങ്ങളെല്ലാം പാലിച്ചാണ് വിനേഷ് ഫോഗട്ട് ഫൈനലിലെത്തിയത്. അതുകൊണ്ട് അവർ തീർച്ചയായും മെഡൽ അർഹിക്കുന്നു. കായിക വ്യവഹാര കോടതിയുടെ വിധിക്കായി നമുക്ക് കാത്തിരിക്കാമെന്നും സചിൻ പറഞ്ഞു.
നേരത്തെ ഫൈനലിന് തൊട്ട് മുമ്പായിരുന്നു വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്. ഭാരക്കൂടുതലിന്റെ പേരിലായിരുന്നു അയോഗ്യത. വിനേഷ് ഫോഗട്ടിന്റെ ഭാരം 100 ഗ്രാം കൂടിയെന്ന് പറഞ്ഞായിരുന്നു അയോഗ്യയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.