ഒളിംപിക്സിന് റഷ്യയുണ്ടാകില്ല, പക്ഷേ റഷ്യക്കാരുണ്ടാകും; കാരണം ഇതാണ്
text_fieldsടോക്യോ: സോവിയറ്റ് യൂനിയനില്‍നിന്ന് വേര്‍പെട്ട് ഒളിമ്പിക്സിൽ ഒറ്റക്കു മത്സരിച്ച് തുടങ്ങിയ റഷ്യ 1996 മുതല്‍ 2016 റിയോ ഒളിമ്പിക്സ് വരെ 151 സ്വര്‍ണമടക്കം 451ലധികം മെഡലുകള്‍ നേടിയിട്ടുള്ളവരാണ്. കായികപാരമ്പര്യം ഏറെയുള്ള ഈ സംഘത്തെ പക്ഷേ ഇത്തവണ ടോക്യോയിൽ കാണില്ല. സര്‍ക്കാര്‍ പിന്തുണയോടെ രാജ്യത്ത് ഉത്തേജകമരുന്ന് ഉപയോഗം വ്യാപകമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് റഷ്യക്ക് അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ സമിതിയുടെ (വാഡ) വിലക്കു വീണത്. രാജ്യത്തിെൻറ പേരിലോ ദേശീയപതാകക്കു കീഴിലോ റഷ്യന്‍ താരങ്ങള്‍ക്ക് മത്സരിക്കാനാവില്ലെന്നായിരുന്നു ഉത്തരവ്.
എങ്കിലും റഷ്യക്കാരായ അത്ലറ്റുകൾക്ക് മറ്റൊരു പേരിൽ കായികമേളയിൽ പങ്കെടുക്കാം. രാജ്യത്തിെൻറ പതാക പോഡിയത്തിലോ ൈമതാനങ്ങളിലോ ഉണ്ടാവില്ല. റഷ്യൻ ഒളിമ്പിക്സ് കമ്മിറ്റിയുടെ (ആർ.ഒ.സി) പ്രതിനിധികളായാവും താരങ്ങൾ മത്സരത്തിൽ പങ്കെടുക്കുക. ഇവർക്ക് മെഡലുകൾ ലഭിച്ചാൽ റഷ്യൻ ഒളിമ്പിക്സ് കമ്മിറ്റിയുടെ പേരിലാവും ചേർക്കപ്പെടുക. അത്ലറ്റുകൾക്ക് രാജ്യത്തിെൻറ നിറങ്ങളായ ചുവപ്പ്, നീല, വെള്ള എന്നിവ വസ്ത്രങ്ങളിൽ ഉപയോഗിക്കാം. സ്വർണം നേടിയ താരങ്ങൾ മെഡലുകൾ അണിയുന്ന സമയം റഷ്യൻ ദേശീയഗാനത്തിന് പകരം വിഖ്യാത റഷ്യൻ ഗാനരചയിതാവായ പ്യോട്ടർ ഇല്ലിച്ച് ചൈകോവ്സ്കിയുടെ ഗാനമായിരിക്കും അണിയറയിലുണ്ടാവുക. വിലക്കു വീണിരുന്ന 2018 ശീതകാല ഒളിമ്പിക്സിലും 'റഷ്യയിൽനിന്നുള്ള ഒളിമ്പിക്സ് അത്ലറ്റുകൾ' (ഒ.എ.ആർ) എന്ന വിലാസത്തിലാണ് താരങ്ങൾ മത്സരിച്ചിരുന്നത്.പഴയതും പുതിയതുമായി ഉത്തേജന കേസ് റഷ്യയെ വിടാതെ പിന്തുടരുന്നുണ്ട്. ടോക്യോ ഒളിമ്പിക്സിന് യോഗ്യത നേടിയിരുന്ന രണ്ടു നീന്തൽതാരങ്ങൾക്കും റോവർ താരങ്ങൾക്കും ഈയിടെ വിലക്കുവീണിരുന്നു.
വിലക്കുണ്ടെങ്കിലും റഷ്യയിൽനിന്നുള്ള അത്ലറ്റുകൾക്ക് ഇത്തവണ കുറവൊന്നുമില്ല. പ്രധാന ഇനങ്ങളിലെല്ലാമായി 330 താരങ്ങൾ ഇത്തവണ പങ്കെടുക്കുന്നുണ്ട്. 2016 റിയോ ഒളിമ്പിക്സിനേക്കാൾ 50ഓളം പേർ കൂടുതൽ. ജിംനാസ്റ്റിക്കിൽ 16 കാരിയ വിക്ടോറിയ ലിസ്ടുനോവയാണ് ഇവരിൽ ഏറ്റവും പ്രായം കുറഞ്ഞ താരം. കുതിരയോട്ടത്തിൽ പങ്കെടുക്കുന്ന 56 കാരി ഇന്നെസ മെർകുലോവയാണ് സംഘത്തിലെ സീനിയർ താരം. ട്രാക്, ഫീൽഡ് ഇനങ്ങളിലുള്ള താരങ്ങൾക്കാണ് കൂടുതൽ വിലക്കുള്ളത്. വെയ്റ്റ്ലിഫ്റ്റിലെ നിരവധി താരങ്ങളും ഉത്തേജനക്കുരുക്കിൽപെട്ടതാണ്. ഓരോ പുരുഷ, വനിത താരങ്ങൾ മാത്രമേ ഇത്തവണ വെയ്റ്റ്ലിഫ്റ്റിൽ റഷ്യയിൽനിന്ന് പങ്കെടുക്കുന്നുള്ളൂ. 19 സ്വർണവുമായി നാലാം സ്ഥാനത്തായിരുന്നു കഴിഞ്ഞ റിയോ ഒളിമ്പിക്സിൽ റഷ്യ.
2014ല്‍ സോച്ചിയില്‍ നടന്ന ശീതകാല ഒളിമ്പിക്സില്‍ ഒട്ടേറെ റഷ്യന്‍ താരങ്ങള്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചെന്നും റഷ്യന്‍ സര്‍ക്കാര്‍ അതിനുള്ള അവസരം ഒരുക്കിക്കൊടുത്തെന്നുമുള്ള രാജ്യാന്തര ഉത്തേജകവിരുദ്ധ സമിതിയുടെ കെണ്ടത്തലോടെയാണ് വിവാദം ഉയർന്നത്. 2010 മുതല്‍ തുടര്‍ച്ചയായി നാലു വര്‍ഷങ്ങളില്‍ റഷ്യന്‍ താരങ്ങള്‍ 'സര്‍ക്കാര്‍ സ്പോണ്‍സേഡ്' മരുന്നുപയോഗം നടത്തിയെന്നും കണ്ടെത്തിയിരുന്നു. എന്നാൽ, വാഡയുടെ കണ്ടെത്തലുകള്‍ റഷ്യ അംഗീകരിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.