ഏഷ്യൻ ഗെയിംസ്: ഇന്ത്യൻ മെഡൽ വേട്ടക്കാരിൽ ഇവർ തമ്മിലുള്ള പ്രായ വ്യത്യാസം 50
text_fieldsഏഷ്യൻ ഗെയിംസ് മെഡൽവേട്ടയിൽ സെഞ്ച്വറി തികച്ചിരിക്കുകയാണ് ഇന്ത്യ. വനിത കബഡിയിലെ സുവർണ നേട്ടത്തോടെയായിരുന്നു 100 മെഡലെന്ന ചരിത്രനേട്ടം ഇന്ത്യ പിന്നിട്ടത്. സ്‍പോർട്സിൽ പ്രായമൊക്കെ വെറും നമ്പറാണെന്ന് പറയുന്നത് ക്ലീഷേയാണ്. എന്നാൽ, ഇത്തവണത്തെ ഏഷ്യൻ ഗെയിംസിൽ രണ്ട് ഇന്ത്യൻ താരങ്ങൾ അത് ഒരിക്കൽ കൂടി തെളിയിച്ചു. ഇന്ത്യയുടെ 100 മെഡൽ വേട്ടക്കാരിൽ രണ്ടുപേരായ സഞ്ജന ബതുലയും ജഗ്ഗി ശിവദാസാനിയും തമ്മിലുള്ള പ്രായ വ്യത്യാസം 50 ആണ്.
റോളർ സ്കേറ്റിങ്ങിൽ ഇന്ത്യക്കായി വെങ്കല മെഡൽ നേടിയ 15 വയസ്സുകാരി സഞ്ജന ഹാങ്‌ഷൗവിൽ മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരിയായിരുന്നു. 2001 ജൂൺ 21-ലായിരുന്നു സഞ്ജനയുടെ ജനനം. വനിതകളുടെ സ്പീഡ് സ്കേറ്റിങ് 3000 മീറ്റർ റിലേ റേസിലായിരുന്നു അവൾ വെങ്കലമണിഞ്ഞത്.
65 വയസ്സുകാരനായ ജഗ്ഗി ശിവദാസാനി ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യക്കാരനുമായി. പുരുഷൻമാരുടെ ബ്രിഡ്ജ് ടീം ഇവന്റിലാണ് അദ്ദേഹം വെള്ളി മെഡൽ കരസ്ഥമാക്കിയത്. ശിവദാസനിയുടെ രണ്ടാമത്തെ ഏഷ്യൻ ഗെയിംസ് മെഡലാണിത്. 2018-ലെ ഇവന്റിൽ അദ്ദേഹം വെങ്കല മെഡൽ നേടിയിരുന്നു.
അതേസമയം, ഇന്ത്യക്ക് വേണ്ടി 15 വയസുകാരിയായ ഒരാൾ കൂടി മെഡൽ നേടിയിട്ടുണ്ട്. സ്ക്വാഷിൽ അനാഹാത്ത് സിങ്ങാണ് വെങ്കലം നേടിയത്. സഞ്ജനയും അനാഹത്തും തമ്മിൽ മൂന്ന് മാസത്തെ പ്രായ വ്യത്യാസമാണുള്ളത്.
107 മെഡലുകളെന്ന (28 സ്വർണം, 38 വെള്ളി, 41 വെങ്കലം) റെക്കോർഡ് നേട്ടത്തോടെയാണ് ഇന്ത്യ ഏഷ്യൻ ഗെയിംസ് കാമ്പെയ്ൻ പൂർത്തിയാക്കിയത്. സ്വർണ്ണ മെഡൽ കൊയ്ത്തിൽ നാലാമതായാണ് ഇന്ത്യ ഫിനിഷ് ചെയ്തത്. 16 സ്വർണമടക്കം 2018ലെ 70 മെഡൽ നേട്ടമാണ് ഇന്ത്യ ഇത്തവണ മറികടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.