ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് രണ്ട് സ്വർണം
text_fieldsന്യൂഡൽഹി: ഇടിക്കൂട്ടിൽ രാജ്യത്തിന് അഭിമാനമായിരിക്കുകയാണ് നിതു ഖൻഗാൻസും സ്വീറ്റി ബുറയും. ഒന്നര മണിക്കൂറിന്റെ ഇടവേളയിൽ ലോക ബോക്സിങ്ങിൽ രണ്ട് സ്വർണമാണ് ഈ മിടുക്കികളുടെ കൈകരുത്തിൽ ഇന്ത്യക്ക് സ്വന്തമായത്. 48 കിലോ ഭാരവുമായി ലൈറ്റ് ഫ്ലൈവെയ്റ്റ് എന്ന കനം കുറഞ്ഞ ഇനത്തിലാണ് നിതുവിന്റെ സ്വർണം. 81 കിലോ ലൈറ്റ് ഹെവിവെയ്റ്റിലാണ് സ്വീറ്റിയുടെ മധുര വിജയം. വാശിയേറിയ പോരാട്ടമായിരുന്നു സ്വീറ്റിയും ചൈനയുടെ വാങ് ലിനയും തമ്മിൽ. 4-3ന് സ്വീറ്റി ജയിച്ചുകയറുകയായിരുന്നു.
നിതു ഖൻഗാൻസ് എന്ന 22കാരിയുടെ ഇടികൾക്ക് ക്വിന്റൽ കണക്കിന് ഭാരമുണ്ട്. ഇന്ത്യയിൽ ബോക്സിങ്ങിന്റെ കളിത്തൊട്ടിലായ ഹരിയാനയിലെ ഭിവാനിയിൽ നിന്നെത്തിയാണ് സ്വന്തം നാട്ടിൽ ലോകകിരീടമെന്ന സമ്മോഹന സ്വപ്നം നിതു യാഥാർഥ്യമാക്കിയത്. സെമിഫൈനലിൽ അൽപം പതറിയെങ്കിലും ചാമ്പ്യൻഷിപ്പിലുടനീളം ഗംഭീരഫോമിലായിരുന്നു ഈ മിടുക്കി. നേരത്തേ, മൂന്ന് മത്സരങ്ങളിൽ എതിരാളികളെ ഇടിച്ച് കീഴടക്കിയപ്പോൾ കളിയിലെ നിയമപ്രകാരം റഫറി ഇടപെട്ട് വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു (റഫറി സ്റ്റോപ് കണ്ടസ്റ്റ്) . രണ്ട് തവണ ലോക യൂത്ത് ചാമ്പ്യനായ നിതു ഫൈനലിലും തകർപ്പൻ ഫോമിലായിരുന്നു. മംഗോളിയയുടെ ലുത്സൈഖാൻ അൽറ്റാന്റ്സെറ്റ്സെഗിനെതിരെ ഫൈനലിൽ രണ്ടാം റൗണ്ടിൽ മാത്രമാണ് നിതു അൽപം അയഞ്ഞത്. എന്നാലും 3:2ന് രണ്ടാം റൗണ്ടും ഇടിച്ചു നേടി. മൂന്ന് റൗണ്ടിൽ അൽറ്റാന്റ്സെറ്റ്സെഗിനും നിതുവിനും മഞ്ഞക്കാർഡ് കിട്ടി. ഒമ്പത് മിനിറ്റ് നീണ്ട പോരിനൊടുവിൽ ലോകജേത്രിയാകാൻ നിതുവിന് ഏറെ കഷ്ടപ്പെടേണ്ടി വന്നില്ല.
ലോകകിരീടം നേടുന്ന ആറാമത്തെ ഇന്ത്യൻ വനിതയെന്ന നേട്ടമായിരുന്നു നിതു സ്വന്തമാക്കിയത്. പിന്നാലെ സ്വീറ്റി ഏഴാമത്തെ താരമായി. മേരികോം (2002,2005, 2006, 2008, 2010, 2018), സരിത ദേവി (2006), ആർ.എൽ ജെന്നി (2006), മലയാളി താരം കെ.സി. ലേഖ (2006), നിഖാത് സരീൻ (2022) എന്നിവരാണ് മുമ്പ് ലോകജേത്രികളായത്.
2000 ഒക്ടോബർ 19ന് ഭിവാനി ജില്ലയിലെ ധനാനയിലാണ് നിതുവിന്റെ ജനനം. സ്കൂളിൽ പഠിക്കുമ്പോൾ സഹപാഠികളുമായി സ്ഥിരം അടിയുണ്ടാക്കിയിരുന്ന വികൃതിക്കുട്ടിയെ ബോക്സിങ്ങിലേക്ക് തിരിച്ചുവിട്ടത് പിതാവ് ജയ് ഭഗവാനാണ്. രണ്ട് വർഷത്തോളം പരിശീലനം നടത്തിയിട്ടും കാര്യമായ പുരോഗതിയില്ലാത്തതിനാൽ നിതു എല്ലാം ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ജോലിയിൽ നിന്ന് നീണ്ട അവധിയെടുത്തും ആറ് ലക്ഷത്തോളം രൂപ വായ്പയെടുത്തും പിതാവ് മികച്ച പിന്തുണയേകി.
വിജേന്ദർ സിങ്ങിന്റെ പരിശീലകനും ഭിവാനി ബോക്സിങ് ക്ലബിന്റെ സ്ഥാപകനുമായ ജഗദീഷ് സിങ്ങിന്റെ ശ്രദ്ധയിൽപെട്ടതാണ് കരിയറിൽ വഴിത്തിരിവായത്. (വിജേന്ദർ സിങ്ങിന്റെ സാന്നിധ്യത്തിലായിരുന്നു ഡൽഹിയിൽ ഞായറാഴ്ച ലോകചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയതും). ഇതിനിടയിൽ നീണ്ട അവധിയുടെ പേരിൽ ശിക്ഷാനടപടി നേരിട്ട നിതുവിന്റെ പിതാവിന് ജോലി ഉപേക്ഷിക്കേണ്ടിയും വന്നു. ദിവസവും 70 കിലോമീറ്റർ യാത്ര ചെയ്തായിരുന്നു നിതുവും പിതാവും ഭിവാനി ബോക്സിങ് ക്ലബിൽ പരിശീലനത്തിനെത്തിയത്.
2015ൽ ജൂനിയർ തലത്തിൽ ഹരിയാനക്ക് വേണ്ടി സ്വർണം നേടി തുടങ്ങിയ നിതു പിന്നീട് ലോക യൂത്ത് ചാമ്പ്യൻഷിപ്പിലും ഏഷ്യൻ യൂത്ത് ചാമ്പ്യൻഷിപ്പിലും ബർമിങ്ഹാം കോമൺവെൽത്ത് ഗെയിംസിലും സ്വർണമണിഞ്ഞിരുന്നു.
30കാരിയായ സ്വീറ്റി 2014ൽ ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയിരുന്നു. ഏഷ്യൻ ചാമ്പ്യൻഷിപ്പിലും മെഡലുകൾ നേടി. ഹരിയാനയിലെ ഹിസാർ സ്വദേശിനിയാണ്. അന്താരാഷ്ട്ര കബഡി താരമായ ദീപക് ഹൂഡയുടെ ഭാര്യയാണ്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ സ്വീറ്റിയും ദീപക് ഹൂഡയും പങ്കെടുത്തത് വാർത്തകളിൽ നിറഞ്ഞിരുന്നു. അനിയത്തി സിവിയും ബോക്സിങ് താരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.