അബോധാവസ്ഥയിലുള്ള മൈക്കൽ ഷൂമാക്കറുടെ ‘വെളിപ്പെടുത്തലുകളു’മായി ജർമൻ മാസിക; നിയമനടപടിക്ക് കുടുംബം
text_fields10 വർഷമായി അബോധാവസ്ഥയിൽ കഴിയുന്ന പ്രമുഖ കാറോട്ട താരം മൈക്കൽ ഷൂമാക്കറുടെ വൻ വെളിപ്പെടുത്തലുകളെന്ന പേരിൽ വിവാദ അഭിമുഖം പ്രസിദ്ധീകരിച്ച ജർമൻ മാസികക്കെതിരെ നിയമനടപടിക്കൊരുങ്ങി കുടുംബം. താരത്തിന്റെ സ്വകാര്യത ലംഘിച്ചുവെന്ന പേരിലാണ് കുടുംബം രംഗത്തെത്തിയത്.
2013 ഡിസംബറിൽ കുടുംബത്തിനൊപ്പം ഫ്രഞ്ച് ആൽപ്സ് മലനിരകളിൽ സ്കീയിങ്ങിനിടെ വീണ് തലച്ചോറിന് ഗുരുതര പരിക്കേറ്റ മുൻ ഫെറാരി ഇതിഹാസത്തെ പിന്നീട് പുറത്തുകണ്ടിട്ടില്ല. നീണ്ട ആശുപത്രി വാസത്തിനു ശേഷം വീട്ടിൽ കഴിയുന്ന താരത്തെ ഏറ്റവുമടുത്ത കുടുംബക്കാർക്ക് മാത്രമാണ് കാണാൻ അവസരം. ഇപ്പോഴും ചികിത്സ തുടരുന്ന ഷൂമാക്കർക്ക് പൂർണ ആരോഗ്യാവസ്ഥയിലേക്ക് തിരിച്ചുവരാനുള്ള സാധ്യത തീരെയില്ലെന്ന് മെഡിക്കൽ വിദഗ്ധർ പറയുന്നു.
അതിനിടെയാണ്, ജർമൻ മാസികയായ ഡൈ അക്റ്റുവെല മുൻപേജിൽ ഷൂമാക്കറുടെ വലിയ ചിത്രം നൽകി ഷൂമാക്കറുടെ എക്സ്ക്ലൂസീവ് അഭിമുഖം നൽകിയത്. ‘‘മൈക്കൽ ഷൂമാക്കർ: ആദ്യ അഭിമുഖം’ എന്ന പേരിലായിരുന്നു ആഘോഷപൂർവമുള്ള തലക്കെട്ട്. എന്നാൽ, അകത്തെത്തുമ്പോഴാണ് ഇത് പുതിയ കാല ട്രെൻഡായ എ.ഐ അഭിമുഖമാണെന്ന സൂചനയുള്ളത്. നിർമിത ബുദ്ധി അദ്ഭുതങ്ങൾ കാട്ടുന്ന കാലത്ത് അത് ഉപയോഗപ്പെടുത്തി ഒരു അഭിമുഖം നൽകുക മാത്രമായിരുന്നു മാസിക. എന്നാൽ, ഇത് താരത്തിന്റെ സ്വകാര്യതക്കു മേലുള്ള കടന്നുകയറ്റമാണെന്ന് കുടുംബം ആരോപിക്കുന്നു.
‘‘ഞങ്ങൾ ഒന്നിച്ച് വീട്ടിൽ കഴിയുന്നു. ചികിത്സയും ചെയ്യുന്നു. മൈക്കൽ നന്നായി കഴിയുന്നുവെന്ന് വരുത്താനുള്ളതെല്ലാം ചെയ്യുന്നു. മുമ്പ് ഷൂമാക്കർ ഞങ്ങളെ പരിചരിച്ചു. ഇനി അദ്ദേഹത്തെ ഞങ്ങൾ പരിചരിക്കുന്നു.’’- 2021ൽ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിക്കായി ഷൂമാക്കറുടെ പത്നി കോറിന പറഞ്ഞിരുന്നു.
ഷൂമാക്കറുടെ മകൻ മകൻ മിക്ക് നിലവിൽ മേഴ്സിഡസ് റിസർവ് ഡ്രൈവറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.