‘സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചു’; യൂട്യൂബർക്കെതിരെ പരാതി നൽകി സൗരവ് ഗാംഗുലി
text_fieldsകൊൽക്കത്ത: സമൂഹമാധ്യമത്തിലൂടെ തന്നെ അധിക്ഷേപിച്ചെന്ന് കാണിച്ച് ഇന്ത‍്യയുടെ മുൻ ക്യാപ്റ്റനും ബി.സി.സി.ഐ മുൻ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലി യൂട്യൂബർക്കെതിരെ പരാതി നൽകി. ആർ.ജി കർ മെഡിക്കൽ കോളജിൽ യുവ ഡോക്ടർ ബലാത്സംഗക്കൊലക്ക് ഇരയായ സംഭവവുമായി ബന്ധപ്പെട്ട് ഗാംഗുലി നടത്തിയ പരാമർശവും അദ്ദേഹത്തിന്‍റെ ചിത്രങ്ങളും വിഡിയോകളും തെറ്റായ രീതിയിൽ ഉപയോഗിച്ചെന്ന് കാണിച്ച് മൃൺമോയ് ദാസ് എന്നയാൾക്കെതിരെയാണ് കൊൽക്കത്ത പൊലീസിലെ സൈബർ ക്രൈം വിഭാഗത്തിന് പരാതി നൽകിയത്.
ജീവിച്ചിരിക്കെ ഗാംഗുലിയുടെ ബയോപിക് നിർമിക്കുന്നതിന്‍റെ ആവശ്യകതയും ഇയാൾ ചോദ്യം ചെയ്യുന്നുണ്ട്. ഗാംഗുലിയുടെ പ്രൈവറ്റ് സെക്രട്ടറി താനിയ ഭട്ടാചാര്യ ഓൺലൈനായാണ് പരാതി ഫയൽ ചെയ്തത്. മൃൺമോയ് ദാസ് സൗരവ് ഗാംഗുലിയെ ലക്ഷ്യമാക്കി ഒരു സമൂഹമാധ്യമ പ്ലാറ്റ്‌ഫോമിൽ ഒരു വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. വിഡിയോയിൽ അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുകയും അവഹേളനപരമായ പരാമർശങ്ങൾ നടത്തുകയും ചെയ്യുന്നുണ്ടെന്നും അത് അദ്ദേഹത്തിന്‍റെ പ്രതിഛായക്ക് കളങ്കം വരുത്തുന്നുവെന്നും പരാതിയിൽ പറയുന്നു.
അതേസമയം ആർ.ജി കർ മെഡിക്കൽ കോളജിൽ ആഗസ്റ്റ് എട്ടിന് നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട ഗാംഗുലിയുടെ പരാമർശത്തിന് വ്യാപക പ്രതിഷേധമുയരുന്നുണ്ട്. ഇത്തരം സംഭവങ്ങൾ എവിടെയും നടക്കാമെന്നും ഇത്തവണ ആശുപത്രിയിലായതിനാൽ കൂടുതൽ മുൻകരുതൽ സ്വീകരിക്കണമെന്നുമായിരുന്നു ഗാംഗുലിയുടെ പരാമർശം. സംഭവത്തിന്‍റെ ഗൗരവം മനസ്സിലാക്കാതെയാണ് ഗാംഗുലി പ്രതികരിച്ചതെന്ന് നിരവധിപേർ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.