ജ്യേഷ്ഠന്റെ റെക്കോഡ് തകർത്തൊരു ഏറ്
text_fieldsകുന്നംകുളം: ജ്യേഷ്ഠൻ കെ.സി. സിദ്ധാർഥിന്റെ റെക്കോഡ് തകർത്ത് കെ.സി. സെർവാൻ സീനിയർ ബോയ്സ് ഡിസ്കസ് ത്രോയിൽ സ്വർണം നേടി റെക്കോഡിട്ടു. 2018ൽ സിദ്ധാർഥിന്റെ 53.47 മീറ്റർ ദൂരമാണ് 57.71 മീറ്ററായി സഹോദരൻ തിരുത്തിയത്. ആദ്യ ട്രയൽസിൽ സെർവാൻ 52.25 എറിഞ്ഞിരുന്നു. മീറ്റിൽ വെല്ലുവിളിയുയർത്താൻ തക്ക എതിരാളികൾ ഇല്ലെന്ന് ആദ്യ ട്രയൽസിൽ തന്നെ കാസർകോട് കുട്ടമത്ത് ഗവ. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥി സെർവാന് ബോധ്യപ്പെട്ടു.
കടകശ്ശേരി ഐഡിയൽ ഇ.എച്ച്.എസ്.എസിലെ കെ. അജിത്ത് 39.98 മീറ്റർ എറിഞ്ഞ് വെള്ളിയും അലനല്ലൂർ ജി.എച്ച്.എസ്.എസിലെ ഇബ്നു സലീം 39.70 മീറ്റർ എറിഞ്ഞ് വെങ്കലവും നേടി. സെർവാന്റെ പരിശീലകൻ പിതാവ് കെ.സി. ഗിരീഷാണ്. കെ.സി ത്രോസ് അക്കാദമിയിൽ പരിശീലനം നേടുന്ന സെർവാൻ പ്രാക്ടീസ് വേളയിൽ 62 മീറ്റർ വരെ എറിയാറുണ്ട്.
കഴിഞ്ഞ ഏഷ്യൻ ജൂനിയർ യൂത്ത് അത് ലറ്റിക്സ് മീറ്റിൽ സെർവാൻ വെള്ളി നേടി അന്തർദേശീയ ശ്രദ്ധ നേടിയിട്ടുണ്ട്. ഇതിന് മുമ്പ് സ്കൂൾ മീറ്റിൽ സബ് ജൂനിയർ, ജൂനിയർ വിഭാഗത്തിലും റെക്കോഡിട്ടിട്ടുണ്ട്. സെർവാന്റെ ഏറിന്റെ ഉയരവും വേഗതയും സംഘാടകർക്കറിയാത്തതിനാൽ ത്രേ കേജ് ബാർ മത്സരത്തിനിടെ ഉയർത്തേണ്ടി വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.