സംസ്ഥാന ജൂനിയര്‍ അത് ലറ്റിക് മീറ്റ്: ട്രാക്കില്‍ പാലക്കാടന്‍ കാറ്റ്
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സി.എച്ച്. മുഹമ്മദ്കോയ സ്മാരക സിന്തറ്റിക് സ്റ്റേഡിയത്തില്‍ ആരംഭിച്ച 66ാമത് സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ പാലക്കാടന്‍ കുതിപ്പ്. മീറ്റിന് ട്രാക്കുണര്‍ന്ന വ്യാഴാഴ്ച 139 പോയന്‍റ് നേടിയാണ് പാലക്കാട് ജില്ല മുന്നിലെത്തിയത്. ഏഴു സ്വര്‍ണവും ഏഴു വെള്ളിയും അഞ്ചു വെങ്കലവും സ്വന്തമാക്കിയാണ് പാലക്കാടിന്റെ അതിവേഗ കുതിപ്പ്.
10 സ്വര്‍ണവും നാലു വെള്ളിയും ആറു വെങ്കലവുമടക്കം 128 പോയന്‍റ് നേടി എറണാകുളം രണ്ടാം സ്ഥാനത്തും ആറു സ്വര്‍ണവും മൂന്നു വെള്ളിയും ഒരു വെങ്കലവുമടക്കം 77 പോയന്‍റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തുമാണ്. ആതിഥേയരായ മലപ്പുറം നാലു സ്വര്‍ണവും മൂന്നു വെള്ളിയും രണ്ടു വെങ്കലവും നേടി 74.5 പോയന്‍റോടെ നാലാമതാണ്. 11 പോയന്‍റ് ലഭിച്ച പത്തനംതിട്ടയാണ് ഏറ്റവും പിറകില്‍.
വനിത അണ്ടര്‍ 14ല്‍ കോഴിക്കോടും (24 പോയന്‍റ്) അണ്ടര്‍ 16ല്‍ എറണാകുളവും (13) അണ്ടര്‍ 18ല്‍ പാലക്കാടും (23) അണ്ടര്‍ 20ല്‍ എറണാകുളവും (37) ആദ്യദിനത്തില്‍ മുന്നിലെത്തി. പുരുഷ അണ്ടര്‍ 14ല്‍ മലപ്പുറം (17.5 പോയന്റ്), അണ്ടര്‍ 16ല്‍ പാലക്കാട് (15), അണ്ടര്‍ 18ല്‍ എറണാകുളം (24), അണ്ടര്‍ 20ല്‍ പാലക്കാട് (35) ജില്ലകൾ മുന്നിലാണ്. ആദ്യദിനത്തില്‍ ഗ്ലാമര്‍ ഇനമായ 100 മീറ്റര്‍ അടക്കം 33 ഇനങ്ങള്‍ പൂര്‍ത്തിയായി. രണ്ടാം ദിവസമായ വെള്ളിയാഴ്ച 37 ഫൈനലുകള്‍ നടക്കും.
ഇവര്‍ വേഗതാരങ്ങള്‍:
സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റിന്റെ ആദ്യ ദിനത്തില്‍ വിവിധ വിഭാഗങ്ങളിലായി നടന്ന 100 മീറ്ററില്‍ ഇവര്‍ വേഗതാരങ്ങള്‍: മുഹമ്മദ് ഷാന്‍ മലപ്പുറം (വിഭാഗം-അണ്ടര്‍ 20, സമയം-10.98 സെക്കന്‍ഡ്), എസ്. ജ്യോതിഷ എറണാകുളം (അണ്ടര്‍-20, 12.69), ഋതിക അശോക് മേനോന്‍ എറണാകുളം (അണ്ടര്‍-16, 12.95), ആയുഷ് കൃഷ്ണ പാലക്കാട് (അണ്ടര്‍-16. 11.43), എസ്. മേഘ പാലക്കാട് (അണ്ടര്‍-18, 12.43), ആഷ്ലിന്‍ അലക്സാണ്ടര്‍ (അണ്ടര്‍-18, 10.99) എന്നിവര്‍ സ്വര്‍ണം നേടി. അണ്ടര്‍-14 60 മീറ്ററില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അന്ന എല്‍സ രഞ്ജുവിനാണ് സ്വര്‍ണം. എറണാകുളം ഏരൂര്‍ സ്വദേശിയായ ആഗ്‌നേയ് സോണിത്ത് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്വര്‍ണം നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.