സംസ്ഥാന സ്കൂൾ കായികമേള: ‘ചെത്തുകാരന്റെ’ സ്വപ്ന സാക്ഷാത്കാരം
text_fieldsകുന്നംകുളം: ചെത്തുതൊഴിലാളിയായ ജയശങ്കറും റീനയും മക്കളെ കുറിച്ച് കാണുന്ന സ്വപ്നങ്ങൾ വലുതാണ്. ആ സ്വപ്നം സാക്ഷാത്കരിക്കാൻ മക്കളും കഠിനപ്രയത്നവുമായി ഇറങ്ങിയപ്പോൾ അത് അപൂർവനേട്ടമായി മാറുന്നു. മൂത്തമകൻ ദേശീയ ഗെയിംസിനുള്ള കേരള ക്യാമ്പിൽ, ഇളയവനാകട്ടെ സംസ്ഥാന കായികമേളയിൽ ഇക്കുറിയും ട്രിപ്പിൾ സ്വർണം നേടുമെന്ന വാശിയിൽ.
സീനിയർ ആൺകുട്ടികളുടെ 3000 മീറ്റർ ഓട്ടമത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ പാലക്കാട് ചിറ്റൂർ ജി.എച്ച്.എസ്.എസിലെ ജെ. ബിജോയ് ജ്യേഷ്ഠന്റെ പാതയിലാണ്. മൂന്നുവർഷം മുമ്പ് കണ്ണൂരിൽ നടന്ന മീറ്റിൽ രണ്ട് സ്വർണം നേടിയ സഹോദരൻ ജെ. റിജോയ് ഇപ്പോൾ ദേശീയ ഗെയിംസിൽ 800 മീറ്ററിൽ പങ്കെടുക്കാൻ യോഗ്യത നേടിയിട്ടുണ്ട്. ചിറ്റൂർ കോളജിലെ രണ്ടാം വർഷ ബി.എ ഇക്കണോമിക്സ് വിദ്യാർഥിയാണ് റിജോയ്.
ചെത്തുതൊഴിലാളിയായ പിതാവിന്റെ വരുമാനത്തിലാണ് മക്കളായ ഇരുതാരങ്ങളുെടയും പഠനവും പരിശീലനവും യാത്രയുമെല്ലാം. പരിശീലനത്തിനായുള്ള യാത്രക്കായി വലിയ തുക വേണ്ടിവരുമെന്ന് ബിജോയ് പറഞ്ഞു.
പാലക്കാട് കന്നിമാരി വെയിലൂർ കമ്പാലത്തറയിൽനിന്ന് 30 കി.മീറ്ററോളം യാത്ര ചെയ്താണ് റിജോയ്-ബിജോയ് സഹോദരങ്ങൾ നിത്യേന ചിറ്റൂരിൽ പരിശീലനത്തിനെത്തുന്നത്. 12 വർഷമായി ചിറ്റൂരിൽ കായികാധ്യാപകൻ അരവിന്ദാക്ഷന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന യങ്സ്റ്റേഴ്സ് ക്ലബ് ഇവർക്ക് ആശ്വാസമായുണ്ട്.
കോഴിക്കോട് പുതുപ്പാടി ജി.എച്ച്.എസ്.എസിലെ അധ്യാപകനായ അരവിന്ദാക്ഷൻ സ്വന്തം പഴ്സിൽനിന്നും കായികപ്രേമികളുടെ കൈയിൽനിന്നും സംഭാവനയുമെല്ലാം വാങ്ങി ഈ സഹോദരങ്ങൾ ഉൾപ്പെടെ നിരവധി കായികപ്രതിഭകൾക്ക് സൗജന്യ പരിശീലനമാണ് നൽകുന്നത്.
രാവിലെ 5.30ന് മാതാവ് തയാറാക്കി നൽകുന്ന ഭക്ഷണപ്പൊതിയുമായി റിജോക്കൊപ്പമാണ് ബിജോയിയും 30 കി.മീറ്ററോളം സഞ്ചരിച്ച് പാലക്കാട് എത്തുന്നത്. അവിടെ പരിശീലനം നടത്തിയശേഷം 12 കി.മീ. സഞ്ചരിച്ച് സ്കൂളിലെത്തും. വൈകീട്ട് സ്കൂൾ വിട്ടാൽ ചിറ്റൂർ കോളജ് ഗ്രൗണ്ടിൽ പരിശീലനം നടത്തിയ ശേഷമാണ് മടക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.