സംസ്ഥാന സ്കൂൾ കായികോത്സവം; പാലക്കാട് ജില്ലയിലെ കായികക്കുതിപ്പിന് കൂടുതൽ മൂർച്ചകൂടി
text_fieldsപാലക്കാട്: ജില്ലയിൽനിന്ന് 34 ഓളം വിദ്യാലയങ്ങൾ കുന്നംകുളത്ത് സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ മാറ്റുരക്കാനെത്തി നേട്ടങ്ങൾ കൊയ്തത് ജില്ലയിലെ കായിക പ്രതീക്ഷകൾക്ക് തിളക്കം കൂട്ടുന്നു. പുതുതായി കായികമേളക്കെത്തിയ സ്കൂളുകളിൽ നിന്നുപോലും ഏറെ താരങ്ങൾ പിറവികൊണ്ടു. പരിശീലത്തിന് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെയാണ് പല ടീമുകളിലെയും കുട്ടികൾ മത്സരത്തിനെത്തിയത്.
ഇല്ലായ്മയോട് പടവെട്ടി അവർ മെഡലുകൾ വാരിയെടുക്കുകയും ചെയ്തു. 2019ലെ കണ്ണൂർ മേളയിൽ നിന്നാണ് ഹാട്രിക്കിനായുള്ള പാലക്കാടിന്റെ കുതിപ്പ് തുടങ്ങിയത്.കണ്ണൂരിൽ നടന്ന മേളയിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഏറണാകുളത്തെ പിന്തള്ളി കിരീടം നേടിയ പാലക്കാടിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. അന്ന് 18 സ്വർണവും 22 വെള്ളിയും 16 വെങ്കലവും ടീം നേടി.
പാലക്കാട് സിന്തറ്റിക് ട്രാക് ഉണ്ടെങ്കിലും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഇനിയും ഏറെ ഒരുക്കാനുണ്ടെന്നാണ് കായിക പരിശീലകരുടെ അഭിപ്രായം. ജില്ലയിൽ ഒരു മീറ്റ് നടത്തനാവശ്യമായ പല കായിക ഉപകരണങ്ങളുടെ ലഭ്യതക്കുറവുണ്ട്. എല്ലാ വിദ്യാലയങ്ങളിലും കായികധ്യാപകരെ നിയമിക്കണം. വിദ്യാർഥികളും പലരും സാധാരണ കുടുംബത്തിൽ നിന്നുള്ളവരായതിനാൽ കായിക ഉപകരണങ്ങൾ വാങ്ങാൻ ഏറെ പ്രയാസപ്പടുന്നുണ്ട്.
ഇതിന് മാറ്റം ഉണ്ടാവണം. ഇനി വരാനിരിക്കുന്നതും പാലക്കാടിന്റെ കായികമുന്നേറ്റത്തിന്റെ ദിനങ്ങളാണെന്നും വരും വർഷങ്ങളിലെ മീറ്റുകളിലും കിരീടം നിലനിർത്താനുള്ള ആയുധങ്ങൾ ഇനിയുമുണ്ടെന്ന് പരിശീലകർ ഒറ്റക്കെട്ടായി പറയുന്നു.
‘അവാർഡ് വിതരണം സമാപനച്ചടങ്ങിൽനിന്ന് ഒഴിവാക്കണം’
പാലക്കാട്: കുട്ടികൾക്കും കമ്മിറ്റികൾക്കും നൽകുന്ന അവാർഡ് വിതരണം സമാപനച്ചടങ്ങിൽനിന്ന് ഒഴിവാക്കണമെന്ന് പരിശീലകനായ പി.ജി. മനോജ് പറഞ്ഞു. ഇത് സമാപനയോഗം നീണ്ടുപോകാനടയാക്കും. പലപ്പോഴും ഏറെ വൈകിയാണ് സമാപനസമ്മേളനം നടക്കുന്നത്. ഇതിൽ പങ്കെടുത്ത് വളരെ ദൂരെയുള്ള നാട്ടിലെത്താൻ വിദ്യാർഥികൾ ഏറെ പ്രയാസപ്പെടുന്ന സ്ഥിതിയാണ് പലർക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തൊട്ടതെല്ലാം പൊന്നാക്കി അമൃതും അർഷാദ് അലിയും
മണ്ണാർക്കാട്: വ്യക്തിഗത ചാമ്പ്യന്മാരിൽ ഇത്തവണ കുമരംപുത്തൂർ കല്ലടി എച്ച്.എസ്.എസിലെ രണ്ട് ചുണക്കുട്ടികളാണ് അമൃതും അർഷാദ് അലിയും. ജൂനിയർ ആൺ വിഭാഗത്തിൽ പത്താംതരം വിദ്യാർഥി അമൃത് 800 മീറ്റർ, 1500 മീറ്റർ ഹൃസ്വ, ദീർഘദൂര ഓട്ടങ്ങളിൽ സ്വർണം നേടി.
എട്ടാം തരം മുതൽ ജില്ല സ്കൂൾ കായികമേളകളിൽ ഈ മിടുക്കൻ വിജയിച്ചു തുടങ്ങി. സഹോദരൻ അമൽ കല്ലടിയുടെ തന്നെ കായിക താരമാണ്. ചേരമംഗലം പഴതറ കുളത്തിങ്കൽ വീട്ടിൽ വി.മോഹൻ- വി.പുഷ്പലത ദമ്പതികളുടെ മകനാണ്. പിതാവ് മോഹനൻ ലോറി ഡ്രൈവറാണ്
കല്ലടിയിലെതന്നെ ഒമ്പതാം തരം വിദ്യാർഥിയും മണിപ്പൂർ സ്വദേശികളായ ആസാദിന്റെയും സജ്നയുടെയും മകനുമാണ് അർഷാദ് അലി. സബ് ജൂനിയർ ആൺ വിഭാഗത്തിൽ മറ്റൊരു വ്യക്തിഗത ചാമ്പ്യൻപട്ടം കരസ്ഥമാക്കിയ അർഷാദ്, 200, 400, 600 മീറ്റർ ഓട്ടമത്സരങ്ങളിലാണ് സ്വർണമണിഞ്ഞത്.
അമ്മക്ക് കൊടുത്ത വാക്ക് പാലിച്ച് അമൃത്
നെന്മാറ: ‘ഞാൻ മെഡലും കൊണ്ടേ തിരിച്ചു വരൂ...’സ്കൂൾ കായിക മേളക്ക് പോകാൻ ഒരുങ്ങുമ്പോൾ അമൃത് അമ്മ പുഷ്പലതക്ക് കൊടുത്ത വാക്കാണിത്. കഴിഞ്ഞ തവണ തലനാരിഴക്കായിരുന്നു 100 മീറ്ററിൽ അമൃതിന് മെഡൽ നഷ്ടപ്പെട്ടത്. തുടർന്ന് ഒരു വർഷമായി കഠിന പരിശീലനത്തിലായിരുന്നു.
1500 മീറ്ററിലും 800 മീറ്ററിലും സ്വർണമെഡലുകൾ സ്വന്തമാക്കിയായിരുന്നു കുമരംപുത്തൂർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ അമൃത് അമ്മക്ക് കൊടുത്ത വാക്ക് പാലിച്ചത്. ചേരാമംഗലം പഴതറയിലെ കുളത്തിങ്കൽ വീട്ടിലെ മോഹനനാണ് പിതാവ്. ഇവരുടെ രണ്ടു മക്കളിൽ ഇളയ മകനാണ് അമൃത്.
വല്ലങ്ങി വി.ആർ.സി. എം.യു.പി സ്കൂളിലാണ് ഏഴാം ക്ലാസ്സു വരെ പഠിച്ചത്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മുതലമടയിൽ വെച്ചു നടന്ന ജില്ലാ കായിക മേളയിൽ 500 മീറ്ററിൽ ജേതാവായിരുന്നു. തുടർന്ന് അയൽവാസിയായ പൊലീസ് ഉദ്യോഗസ്ഥൻ കൃഷ്ണദാസിന്റെ ശ്രമഫലമായി സമീപത്തെ അന്താഴിയിലെ ഗ്രൗണ്ടിൽ അമൃത് ഉൾപ്പെടെയുള്ള വിദ്യാർഥികൾക്ക് പരിശീലനം നൽകാൻ അവസരമൊരുക്കി.
ക്ഷീരകർഷനായ മോഹനനും കുടുംബവും തങ്ങൾക്ക് കിട്ടുന്ന തുച്ഛമായ വരുമാനം സ്വരുക്കൂട്ടിയാണ് മക്കൾക്കാവശ്യമായ വിദ്യാഭ്യാസ ചെലവ് കണ്ടെത്തുന്നതെന്നും മെഡൽ നേട്ടത്തിന് കരുത്തായത് മാതാപിതാക്കളുടെ സഹായമാണെന്നും പഴതറയിലെ നാട്ടുകാരും പറയുന്നു.
അബിരാമിന്റെ കുതിപ്പിൽ മാത്തൂർ
മാത്തൂർ: മത്സരിച്ച ഇനങ്ങളിലെല്ലാം ഒന്നാമതെത്തി സ്വർണ മെഡൽ വാരിക്കൂട്ടി മുന്നേറുന്ന പി. അബിരാമിന്റെ മികവിൽ ആനന്ദിക്കുകയാണ് മാത്തൂർ. മാത്തൂർ സി.എഫ്.ഡി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു കോമേഴ്സ് വിദ്യാർഥിയും അമ്പാട് വീട്ടിൽ വർക്ഷോപ്പ് ഉടമ പ്രമോദ്, കുഴൽമന്ദം കെ.എസ്.എഫ്.ഇ ജീവനക്കാരി മഞ്ജുഷ ദമ്പതികളുടെ ഏകമനുമാണ്.
സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ 100, 200, 400 മീറ്ററുകളിൽ സ്വർണമണിഞ്ഞ മിടുക്കൻ 400 മീറ്ററിൽ 18 വർഷം മുമ്പുള്ള സംസ്ഥാന റെക്കോർഡിനെ മറികടന്നാണ് മുന്നേറിയത്. ഈ വർഷം കോഴിക്കോട് സർവകലാശാലയുടെ സംസ്ഥാന സീനിയർ ചാമ്പാൽ ഷിപ്പിൽ സ്വർണം, കോഴിക്കോട് സർവകലാശാലയുടെ സംസ്ഥാന ജൂനിയർ അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ 400 മീറ്ററിൽ റെക്കോർഡ് സ്വർണം എന്നിവ നേടി.
സംസ്ഥാന സ്കൂൾ കായികമേളയിലെ ഏറ്റവും നല്ല കായിക താരത്തിനുള്ള മീഡിയ അവാർഡ് അബിരാമിനായിരുന്നു. കഴിഞ്ഞ വർഷം ഖേലോ നാഷണൽചാമ്പ്യൻഷിപ്പിൽ 400 മീറ്ററിൽ സ്വർണം, ഭോപ്പാലിൽ നടന്ന ദേശീയ സ്കൂൾ സീനിയർ ചാമ്പ്യൻഷിപ്പിൽ 400 മീറ്ററിൽ സ്വർണം, നാഷണൽ യൂത്ത് ചാമ്പ്യൻഷിപ്പാൽ 400 മീറ്ററിൽ സ്വർണം, കുവൈറ്റിൽ നടന്ന ഏഷ്യൻ യൂത്ത് ചാമ്പ്യൻഷിപ്പിൽ റിലേയിൽ സ്വർണം എന്നിവയും നേട്ടത്തിന്റെ പട്ടികയിലുണ്ട്. സ്കൂളിലെ കായികാധ്യാപകനും ദേശീയ മെഡൽ ജേതാവും ജി.വി.രാജ അവാർഡ് ജേതാവുമായ കെ.സുരേന്ദ്രന്റെ കീഴിലെ പരിശീലനത്തിന്റെകൂടി ഫലമാണ് അബിരാമിന്റെ നേട്ടങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.