മധ്യദൂര ഓട്ടത്തിൽ പാലക്കാടൻ കാറ്റ്
text_fieldsകുന്നംകുളം: 1500 മീറ്റർ ഓട്ടമത്സരത്തിൽ പാലക്കാട് ആധിപത്യം നിലനിർത്തുന്നതിനാണ് കുന്നംകുളം സാക്ഷ്യംവഹിച്ചത്. ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ നടന്ന നാല് മത്സരങ്ങളിൽ മൂന്നിലും പാലക്കാട് സ്വർണം നേടി. ഒരുകാലത്ത് പാലക്കാടിന്റെ കുത്തകയായിരുന്ന ദീർഘ -മധ്യദൂര ഓട്ടമത്സരങ്ങൾ കുറച്ചുനാളായി നഷ്ടപ്പെട്ടിരുന്നു. അത് തിരിച്ചുപിടിക്കുന്ന നിലയിലായിരുന്നു ഈ പ്രകടനം.
സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ 3000 മീറ്ററിൽ ആദ്യദിനം സ്വർണം നേടിയ പാലക്കാട് ചിറ്റൂർ ജി.എച്ച്.എസ്.എസിലെ ജെ. ബിജോയ് ഒന്നാമതെത്തി തന്റെ രണ്ടാം സ്വർണവും നേടി. 800 മീറ്ററിലും മത്സരിക്കുന്ന ഈ താരം ഇക്കുറിയും ലക്ഷ്യമിടുന്നത് ട്രിപ്പ്ൾ സ്വർണമാണ്. ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ കൊടുവായൂർ ജി.എച്ച്.എസിലെ കെ. നിവേദ്യ, ആൺകുട്ടികളുടെ വിഭാഗത്തിൽ കല്ലടി എച്ച്.എസ്.എസിലെ എം. അമൃത് എന്നിവർ പാലക്കാടിനു വേണ്ടി ഒന്നാമതെത്തി.
സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളം കോതമംഗലം മാർബേസിലിന്റെ സി.ആർ. നിത്യ ഒന്നാമതെത്തി മീറ്റിലെ തന്റെ രണ്ടാം സ്വർണം കരസ്ഥമാക്കി. ആദ്യദിനം 3000 മീറ്ററിൽ ഒന്നാമതെത്തിയ നിത്യ ഇനി 800ലും മത്സരിക്കുന്നുണ്ട്.
കഴിഞ്ഞവർഷം സബ്ജൂനിയർ വിഭാഗത്തിൽ 200, 400, 600 മീറ്റർ ഓട്ടമത്സരങ്ങളിൽ ഒന്നാമതെത്തി വ്യക്തിഗത ചാമ്പ്യനായ നിവേദ്യ ഇക്കുറി 800 മീറ്ററിലും മത്സരിക്കുന്നുണ്ട്. ഒമ്പതാംതരത്തിൽ പഠിക്കുന്ന ഈ മിടുക്കിക്ക് 400 മീറ്ററിൽ മത്സരിച്ചെങ്കിലും ‘ചേച്ചി’മാർക്ക് പിന്നിൽ നാലാമതായി ഫിനിഷ് ചെയ്യാനേ സാധിച്ചുള്ളൂ. മാതാവ് ശാന്തി തൃശൂരിലെ ഒരാശ്രമത്തിൽ സേവനം നടത്തി ലഭിക്കുന്ന വരുമാനംകൊണ്ടാണ് മകളുടെ കാര്യങ്ങൾ നോക്കുന്നത്.
ശാന്തിയുടെ മാതാപിതാക്കൾക്കൊപ്പമാണ് നിവേദ്യയുടെ താമസം. സ്വന്തമായൊരു വീടെന്ന സ്വപ്നമാണ് നിവേദ്യക്കുമുള്ളത്. പരിശീലകൻ ആർ. അജയകുമാർ ഉൾപ്പെടെയുള്ളവരുടെ പിന്തുണയിലാണ് കായികകേരളത്തിന്റെ ഭാവി വാഗ്ദാനമായ ഈ മിടുക്കിയുടേയും പ്രയാണം.
കഴിഞ്ഞതവണ 800 മീറ്ററിൽ മത്സരിക്കുമ്പോൾ വീണതുമൂലം മെഡൽ നഷ്ടപ്പെട്ട എം. അമൃത് ഇക്കുറി 1500ന് പുറമെ 800ലും മെഡൽ സ്വപ്നം കണ്ടാണ് മീറ്റിലുള്ളത്. നെന്മാറ ചേരാമംഗലം പഴതറ ലോറി ഡ്രൈവർ എം. മോഹനന്റേയും പുഷ്പലതയുടേയും മകനാണ്. മുഹമ്മദ് നവാസാണ് പരിശീലകൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.