തലസ്ഥാനത്ത് ‘നഷ്ടപ്പെട്ട’സ്വർണം കുന്നംകുളത്ത് കിട്ടി
text_fieldsതിരുവനന്തപുരത്ത് ‘കളഞ്ഞ’സ്വർണം കുന്നംകുളത്ത് നടന്ന് ‘കണ്ടുപിടിച്ച്’അവർ. സീനിയർ വിഭാഗം നടത്ത മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ രണ്ടുപേർക്കും കഴിഞ്ഞ കായികമേളയിൽ സ്വർണം നഷ്ടപ്പെട്ടത് നിർഭാഗ്യം കൊണ്ടാണ്. അതാണ് ഇക്കുറി സ്വന്തമാക്കിയത്.
അഞ്ച് കി.മീ നടത്തത്തിൽ ഒന്നാമതെത്തിയ ഇടുക്കി എൻ.ആർ. സിറ്റി എസ്.എൻ.വി.എച്ച്.എസ്.എസിലെ അഭിദേവ് സത്യനെ ആക്ഷനിലെ പാളിച്ച മൂലം കഴിഞ്ഞതവണ ഒഫീഷ്യലുകൾ അയോഗ്യനാക്കിയതിനാലാണ് മെഡൽ നഷ്ടപ്പെട്ടത്. അതിൽനിന്ന് പാഠം ഉൾക്കൊണ്ട ഈ പ്ലസ്ടുകാരൻ നടത്തിയ കഠിനപരിശ്രമമാണ് ഇത്തവണ സ്വർണത്തിലെത്തിച്ചത്.
ഇടുക്കി രാജാക്കാട് പഴയവടുതി കരികുളത്ത് കൃഷിക്കാരനായ സത്യന്റെയും സിന്ധുവിന്റെയും മകനായ അഭിദേവ് തന്റെ സ്വപ്നങ്ങൾ കീഴടക്കാൻ മാസങ്ങളായി കഠിനപ്രയത്നത്തിലായിരുന്നു. കൂട്ടായി പരിശീലകൻ സുനിൽകുമാറും. മത്സരത്തിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയായിരുന്നു ഫിനിഷിങ്. 24.24 മിനിറ്റിൽ 5000 മീറ്റർ നടന്ന് തീർത്തെങ്കിലും 23.03 മിനിറ്റിന്റെ തന്റെ മികച്ച സമയം കണ്ടെത്താത്തതിലെ വിഷമവും അവൻ മറച്ചുവെച്ചില്ല.
ഈ ഇനത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ മലപ്പുറം തവന്നൂർ കെ.എം.ജി.വി.എച്ച്.എസ്.എസിലെ കെ.പി. സിദ്ധാർഥ്, കോഴിക്കോട് ആർ.ഇ.സി.ജി.വി.എച്ച്.എസ്.എസിലെ എൻ.എം. ആദിത് എന്നിവർക്കും സ്കൂൾ കായിക മേളയിലെ ആദ്യ മെഡലുകളായിരുന്നു ഇത്.
കണ്ണൂരിലും തിരുവനന്തപുരത്തും നഷ്ടപ്പെട്ട സ്വർണമാണ് പെൺകുട്ടികളുടെ മൂന്ന് കി.മീ. നടത്തത്തിൽ എറണാകുളം മാതിരപ്പള്ളി ജി.വി.എച്ച്.എസിലെ മിയ റോസ് സ്വന്തമാക്കിയത്. കണ്ണൂരിൽ നടന്ന മീറ്റിൽ ജൂനിയർ വിഭാഗത്തിൽ വെങ്കലവും കഴിഞ്ഞവർഷം വെള്ളിയുമാണ് ലഭിച്ചത്.
കോഴിക്കോട് താമരശേരി താഴത്തെതൈയിൽ ലോറി ഡ്രൈവറായ ടി.ജെ. റോജിയുടെയും സ്മിത റോജിയുടേയും മകളായ മിയയുടെ ആറ് വർഷത്തെ കഠിനപ്രയത്നമാണ് സ്വർണത്തിന്റെ രൂപത്തിൽ ഇപ്പോൾ കിട്ടിയത്.
നടത്ത മത്സരത്തിൽ മാത്രം കേന്ദ്രീകരിച്ച് മുന്നോട്ട് പോയി നേട്ടങ്ങൾ കൈവരിക്കാനാണ് ഈ പ്ലസ്ടുക്കാരിക്കും ആഗ്രഹം. രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ മലപ്പുറം ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ്.എസിന്റെ നിരഞ്ജന പ്രസീദ്, പാലക്കാട് കോട്ടായി ജി.എച്ച്.എസ്.എസിലെ വി.ബി. നയന എന്നിവരുടേയും സ്കൂൾ മീറ്റിലെ ആദ്യ മെഡലാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.