സംസ്ഥാന സ്കൂൾ കായികമേള: അനുരാഗും മേഘയും വേഗ താരകങ്ങൾ
text_fieldsതിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയുടെ ചരിത്രത്തിലാദ്യമായി ഫ്ലഡ്ലിറ്റിന് കീഴിൽ ചീറിപ്പാഞ്ഞ് തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂളിന്റെ സി.വി. അനുരാഗും പാലക്കാട് പുളിയമ്പറമ്പ് എച്ച്.എസ്.എസിലെ എസ്. മേഘയും വേഗമേറിയ താരകങ്ങളായി. 100 മീറ്റർ ഓട്ടമത്സരത്തിൽ 10.90 സെക്കൻഡിലാണ് അനുരാഗ് ഫിനിഷ് ചെയ്തത്. 12.23 സെക്കൻഡിൽ മേഘയും. കോഴിക്കോട് കുറ്റ്യാടി ചാത്തന്വീട്ടില് രാഘവന്റെയും വിമലയുടെയും മകനാണ് അനുരാഗ്. പാലക്കാട് പള്ളിക്കുന്നം മലയറ്റില് ഹൗസില് സുരേഷ് ബാബു-രജിത ദമ്പതികളുടെ മകളാണ് മേഘ. രണ്ടാംദിനത്തെ ഇനങ്ങൾ പൂർത്തിയായപ്പോൾ എതിരാളികളെ ബഹുദൂരം പിന്നിലാക്കി കുതിക്കുകയാണ് പാലക്കാട്. മലപ്പുറം കടകശേരി ഐഡിയൽ ഇ.എച്ച്.എസ്.എസ് ആണ് സ്കൂളുകളുടെ പട്ടികയിൽ മുന്നിൽ.
45 ഇനങ്ങളിലെ മത്സരം പൂർത്തിയായപ്പോൾ 13 സ്വർണവും 12 വെള്ളിയും എട്ട് വെങ്കലവുമുൾപ്പെടെ 109 പോയന്റാണ് പാലക്കാടിന്റെ സമ്പാദ്യം. ഏഴ് സ്വർണവും അഞ്ച് വെള്ളിയും നാല് വെങ്കലവുമായി 54 പോയന്റോടെ എറണാകുളവും അഞ്ച് വീതം സ്വർണവും വെള്ളിയും വെങ്കലവുമുൾപ്പെടെ 45 പോയന്റുമായി മലപ്പുറവുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. 36 ഉം 35 ഉം പോയന്റുകളുമായി കോഴിക്കോടും കോട്ടയവും പിന്നിലുണ്ട്.
നിലവിലെ ജേതാക്കളായ മാർ ബേസിലിനെ പിന്തള്ളി 37 പോയന്റുമായാണ് മലപ്പുറം കടകശേരി ഐഡിയൽ ഇ.എച്ച്.എസ്.എസ് രണ്ടാം ദിനത്തിൽ ഒന്നാംസ്ഥാനത്തുള്ളത്. 30 പോയന്റുമായി മാർബേസിലും 28 പോയന്റുമായി പാലക്കാട് കല്ലടി എച്ച്.എസ്.എസുമാണ് പിന്നിൽ.
100 മീറ്റർ ഓട്ടമത്സരത്തിൽ സബ്ജൂനിയർ വിഭാഗം പെൺകുട്ടികളിൽ തലശ്ശേരി സായിയുടെ കെ. ശ്രീനന്ദ, ആൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാട് കല്ലടി എച്ച്.എസിന്റെ ജഹിർഖാൻ എന്നിവരും ജൂനിയർ വിഭാഗത്തിൽ പാലക്കാട് ജി.എം.എം.ജി.എച്ച്.എസ്.എസിന്റെ ജി. താര, മലപ്പുറം ഐഡിയലിന്റെ അയൻ മാത്യു എന്നിവരും വേഗമേറിയ താരങ്ങളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.