സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിന് സൂപ്പർ ഫിനിഷ്
text_fieldsതേഞ്ഞിപ്പലം: കോവിഡ് ആശങ്കകളകന്ന് ഒരു സംസ്ഥാന ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ് കൂടി കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ വിജയകരമായി പര്യവസാനിച്ചു.
2020ൽ നടക്കേണ്ടിയിരുന്ന 64ാമത് മീറ്റ് ഇൗ വർഷം ഫെബ്രുവരിയിലാണ് നടത്തിയത്. സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ. എം. നാസർ സമ്മാനദാനം നിർവഹിച്ചു. 2022 ആദ്യം സംസ്ഥാന സീനിയർ മീറ്റിനും യൂത്ത് മീറ്റിനും വേദിയാവാനിരിക്കുകയാണ് സർവകലാശാല സിന്തറ്റിക് ട്രാക്ക്.
അഖില, സെർവൻ, മീര, മുബസ്സിന... ഡബിൾ ഗോൾഡൻ റെക്കോഡ്
തേഞ്ഞിപ്പലം: ഇരട്ട സ്വർണത്തോടൊപ്പം ഇരട്ട റെക്കോഡും നേടിയവരാണ് അഖില രാജുവും മീരാ ഷിബുവും കെ.സി. സെർവനും മുബസ്സിന മുഹമ്മദും. അണ്ടർ 18 വിമൻ ഷോട്പുട്ടിൽ റെക്കോഡിട്ട അഖില കഴിഞ്ഞദിവസം നടന്ന ഡിസ്കസ് ത്രോയിലും സമാനപ്രകടനം നടത്തിയിരുന്നു. കാസർകോട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിനിയും ചെറുവത്തൂർ കെ.സി.ത്രോസ് സ്പോർട്സ് അക്കാദമിയിലെ താരവുമാണ്.
അണ്ടർ 20 വിമൻ ഹൈജംപിൽ റെക്കോഡോടെ സ്വർണത്തിന് പിന്നാലെ ട്രിപ്പിൾ ജംപും റെക്കോഡോടെ നേടിയാണ് കരിയറിലെ അവസാന അണ്ടർ 20 മത്സരങ്ങൾ കഴിഞ്ഞ് മീരാ ഷിബുവിെൻറ മടക്കം. ട്രിപ്പിൾ ജംപിൽ 12.90 മീറ്ററും ഹൈജംപിൽ 172 സെ.മീ.യും ചാടി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ രണ്ടാംവർഷ ബി.കോം വിദ്യാർഥിയാണ്. എറണാകുളം അശ്വ സ്പോർട്സ് അക്കാദമിക്ക് വേണ്ടിയാണ് തൃശൂർ ഇരിങ്ങാലക്കുട വെള്ളാനി സ്വദേശിനി ഇറങ്ങിയത്.
കാസർകോട് ചെറുവത്തൂർ മൈച്ചയിലെ ത്രോ ഫാമിലിയിലേക്കാണ് അണ്ടർ 16 ബോയ്സിൽ സെർവെൻറ ഇരട്ട റെക്കോഡോടെയുള്ള സ്വർണ മെഡലുകൾ. വ്യാഴാഴ്ച രാവിലെ നടന്ന ഡിസ്കസ് ത്രോയിലും വൈകീട്ട് നടന്ന ഷോട്ട്പുട്ടിലും നേട്ടം കൊയ്തു. നേരത്തെ ജില്ല- സംസ്ഥാന മീറ്റുകളിൽ അഞ്ച് സ്വർണവും നേടിയിരുന്നു. കുട്ടമത്ത് ഗവ. ഹയർസെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ്.
അച്ഛൻ കെ.സി. ഗിരീഷിെൻറ ശിക്ഷണത്തിലാണ് ഇറങ്ങിയത്. ഗിരീഷും മറ്റൊരു മകൻ കെ.സി. സിദ്ധാർഥും നിരവധി മെഡലുകൾ നേടിയവരാണ്. അണ്ടർ 16 ഗേൾസ് ലോങ് ജംപിലും ഹെക്സാത്തലനിലുമാണ് മുബസ്സിന റെക്കോഡുകളിട്ടത്. കോഴിക്കോട് പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമിയുടെ താരം ലക്ഷദ്വീപ് മിനിക്കോയ് ദ്വീപുകാരിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.