ഇന്ത്യൻ ഒളിമ്പിക് അസോ. ഭരണഘടന ഭേദഗതിക്ക് മുൻ ജഡ്ജിയെവെച്ച് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ഭരണഘടന ഉടച്ചുവാർത്ത് അടുത്ത ഡിസംബർ 15നകം പുതിയ തെരഞ്ഞെടുപ്പ് നടത്താനുള്ള നയരേഖ തയാറാക്കാൻ മുൻ ജഡ്ജിയെ നിയമിച്ച് സുപ്രീംകോടതി. സുപ്രീംകോടതി മുൻ ജഡ്ജി എൽ. നാഗേശ്വര റാവുവിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഭരണഘടന ഭേദഗതിക്കൊപ്പം ഇലക്ടറൽ കോളജ് രൂപവത്കരണവും പ്രധാന ചുമതലയാണ്. രാജ്യത്ത് ഒളിമ്പിക്സിന്റെ ഭാവിക്ക് കൃത്യമായ ദിശ നൽകാൻ നാഗേശ്വര റാവു ഉണ്ടാകുമെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
സെപ്റ്റംബർ 27ന് നടക്കുന്ന രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി യോഗത്തിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് സെക്രട്ടറി ജനറൽ രാജീവ് മേത്ത, വൈസ് പ്രസിഡന്റ് അദിലെ സുമരിവാല എന്നിവർക്ക് പങ്കെടുക്കാൻ പരമോന്നത കോടതി അനുമതി നൽകി.
വരും നാളുകളിൽ ഒളിമ്പിക് അസോസിയേഷൻ പ്രവർത്തനങ്ങൾക്ക് ജസ്റ്റിസ് നാഗേശ്വര റാവുവിന് ആവശ്യമായ സൗകര്യങ്ങളൊരുക്കാൻ അസോസിയേഷൻ ജോയന്റ് സെക്രട്ടറിക്കും യുവജനകാര്യ, കായിക മന്ത്രാലയത്തിനും നിർദേശവും നൽകി. രാജ്യത്ത് അസോസിയേഷന് ഇടക്കാല പ്രസിഡന്റിനെ അംഗീകരിക്കില്ലെന്ന് സ്വിസ് നഗരമായ ലൊസേനിൽ ചേർന്ന അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി തീരുമാനമെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.