ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ; തൽസ്ഥിതി തുടരണമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനെ പ്രത്യേക താൽക്കാലിക ഭരണസമിതിക്ക് കൈമാറിയ ഡൽഹി ഹൈകോടതി ഉത്തരവിന് സ്റ്റേ. തൽസ്ഥിതി തുടരണമെന്നും താൽക്കാലിക സമിതി ഏറ്റെടുക്കരുതെന്നും ചീഫ് ജസ്റ്റിസ് എൻ.വി. രമണയും ജസ്റ്റിസ് സി.ടി. രവികുമാറും അടങ്ങിയ ബെഞ്ച് നിർദേശിച്ചു. തെരഞ്ഞെടുപ്പിലൂടെ ചുമതലയേറ്റ നിലവിലുള്ളതിനെ പുറത്താക്കി മറ്റൊരു സമിതിക്ക് കൈമാറുന്നത് പുറത്തുനിന്നുള്ള ഇടപെടലായി മാറുമെന്ന് വിഷയത്തിൽ കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.
അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ അംഗീകാരം ഫിഫ റദ്ദാക്കിയത് ഉദാഹരണമാണെന്നും ഒളിമ്പിക്സിൽനിന്ന് ഇന്ത്യ പുറത്താക്കപ്പെടുന്നതിലേക്ക് കാര്യങ്ങൾ എത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് പരിഗണിച്ചാണ് ഹൈകോടതി വിധി സ്റ്റേ ചെയ്ത് തൽസ്ഥിതി തുടരാൻ നിർദേശിച്ചത്. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനെതിരെ കോടതി കയറിയ അഭിഭാഷകനും സ്പോർട്സ് ആക്ടിവിസ്റ്റുമായ രാഹുൽ മെഹ്റയുടെ അസാന്നിധ്യത്തിലായിരുന്നു സുപ്രീംകോടതി നിർദേശം. വിഷയം അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
മുൻ സുപ്രീംകോടതി ജഡ്ജി അനിൽ ആർ. ദവേ, മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ എസ്.വൈ ഖുറൈശി, മുൻ വിദേശകാര്യ സെക്രട്ടറി വികാസ് സ്വരൂപ് എന്നിവരടങ്ങിയ താൽക്കാലിക സമിതിക്കായിരുന്നു നേരേത്ത ഹൈകോടതി ചുമതല നൽകിയിരുന്നത്. ഇവരെ ഉപദേശിക്കാൻ ഒളിമ്പ്യൻ അഭിനവ് ബിന്ദ്ര, അഞ്ജു ബോബി ജോർജ്, ബോംബായ്‍ല ദേവി ലായിശ്രം എന്നിവരെയും നിയോഗിച്ചു. അതേസമയം, എല്ലാ ദേശീയ കായിക സമിതികളും ഒളിമ്പിക് കമ്മിറ്റി ചട്ടക്കൂട് പാലിച്ചിരിക്കണമെന്നാണ് നിയമം. ഇതിന്റെ ലംഘനമാകുന്നതാണ് ഹൈകോടതി നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.