11 കാരൻ ഹുസൈൻ ഇനി സിറിയക്കാരൻ അഭയാർഥിയല്ല; ജർമനിയുടെ ദേശീയ ചെസ് താരം
text_fieldsചെസ് ബോർഡിലെ കരുക്കൾ കണ്ട് അന്തംവിട്ടുനിൽക്കുന്ന നാലാം വയസ്സിൽ അവ വിരലിലെടുത്ത് കളംമാറ്റി തുടങ്ങിയ കുഞ്ഞുമോനിപ്പോൾ ജർമനിയുടെ ഏറ്റവും പ്രായം കുറഞ്ഞ ദേശീയ ചെസ് താരമാണ്. രാജ്യത്തെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര വേദികളിൽ പങ്കെടുക്കാനായി ഇറങ്ങിപ്പുറപ്പെട്ടവൻ. കരുക്കളിൽ മാന്ത്രിക സ്പർശവുമായി അതിബുദ്ധിമാന്മാരുടെ വലിയ ലോകത്തെ ശരിക്കും കുതൂഹലപ്പെടുത്തുന്നവൻ. ഈ മാസം ക്രൊയേഷ്യയിലെ മിത്രോപയിൽ നടക്കുന്ന മത്സരത്തിൽ അരങ്ങേറുന്നതോടെ ഹുസൈൻ ബിസു എന്ന 11 കാരനെ ലോകമറിയും.
കാൾസണും അലിരിസ ഫൈറൂസ്ജയും പിന്നെ അനേകം ഇളമുറക്കാരും അരങ്ങുവാഴുന്നിടത്തേക്കാണ് അഭയാർഥിയായി ഒതുങ്ങിപ്പോകേണ്ട ബാലൻ കൊമ്പുകുലുക്കിയെത്തുന്നത്. ഇനി അവന്റെ ഊഴമാണെന്ന് പറയുന്നു, പിതാവ് മുസ്തഫ.
2016ലായിരുന്നു സിറിയയിൽനിന്ന് കുടുംബത്തോടൊപ്പം ജർമനിയിലെ ലിപ്സ്റ്റാറ്റിൽ കുടിയേറുന്നത്. ആശ്രിതനായി ഒതുങ്ങിക്കൂടുന്നതിന് പകരം മകന് ഒരു ചെസ് ബോർഡ് വാങ്ങി നൽകി മുസ്തഫ ആദ്യ ചുവടു വെച്ചു. ചതുരംഗക്കളത്തിൽ കരുക്കൾക്കൊപ്പം അതിവേഗം കറങ്ങിത്തിരിഞ്ഞ കുഞ്ഞുമോൻ കുടുംബത്തിൽ മാത്രമല്ല, അയൽപക്കത്തും കൗതുകമായി. ചെസ് പരിശീലകനായ ആൻഡ്രിയാസ് കുവെലർ അവനെ ശരിക്കും ചെസ് താരമാക്കി. പിന്നെയെല്ലാം പെട്ടെന്നായിരുന്നു.
അണ്ടർ 10 ടൂർണമെന്റുകളിൽ പങ്കെടുത്ത് തുടങ്ങിയ ബാലൻ കഴിഞ്ഞ വർഷം അണ്ടർ 12 ലോക ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനത്തുമെത്തി. ഗണിതത്തോടും അടങ്ങാത്ത താൽപര്യം കാട്ടുന്ന ബാലന് ചെസിൽ ഇത് അനുഗ്രഹമായതായി പരിശീലകൻ പറയുന്നു.
അഭയാർഥി കുടുംബമായതിനാൽ വിദേശ യാത്രകൾക്ക് ‘ക്രൗഡ് ഫണ്ടിങ്ങി’നെ ആശ്രയിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. പതിയെ ഒരു സ്പോൺസറെ കണ്ടെത്താനായാൽ പിന്നെയെല്ലാം എളുപ്പമാകും. ജർമൻ പൗരത്വമില്ലാതിരുന്നിട്ടും ജർമനിയുടെ ബാനറിലാണ് ക്രൊയേഷ്യയിൽ ഹുസൈൻ ഇറങ്ങുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.