തജീന്ദറിന്റെ സ്വർണത്തിന് തിളക്കമേറെ; ഷോട്ട്പുട്ടിൽ സ്വർണം നിലനിർത്തുന്ന നാലാമത്തെ ഇന്ത്യൻ താരം
text_fieldsഹാങ്ചോ: ഏഷ്യൻ ഗെയിംസ് ഷോട്ട്പുട്ടിൽ തജീന്ദർപാൽ സിങ് ടൂറിന്റെ സ്വർണത്തിന് തിളക്കമേറെ. അവസാന ശ്രമത്തിൽ 20.36 മീറ്റർ എറിഞ്ഞാണ് തജീന്ദർ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. 2018ൽ ജക്കാർത്തയിൽ നടന്ന ഗെയിംസിൽ സ്വർണം നേടിയിരുന്ന താരം ഒന്നാം സ്ഥാനം നിലനിർത്തുന്ന നാലാമത്തെ ഇന്ത്യൻ ഷോട്ട്പുട്ടറാണ്. പർദുമാൻ സിങ് ബ്രാർ (1954, 1958), ജോഗീന്ദർ സിങ് (1966, 1970), ബഹദൂർ സിങ് ചൗഹാൻ (1978, 1982) എന്നിവരാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യക്കാർ.
അവസാന ശ്രമം വരെ മുന്നിലുണ്ടായിരുന്ന സൗദി അറേബ്യയുടെ മുഹമ്മദ് ദഊദ ടോളോയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് തജീന്ദർ സ്വർണം നിലനിർത്തിയത്. എന്നാൽ, താൻ സ്ഥാപിച്ച ഏഷ്യൻ റെക്കോഡ് മറികടക്കാൻ താരത്തിനായില്ല. ജൂണിൽ നടന്ന നാഷനൽ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ 21.77 മീറ്റർ എറിഞ്ഞാണ് താരം റെക്കോഡിട്ടിരുന്നത്. 3000 മീറ്റർ സ്റ്റീപ്ൾ ചേസിൽ അവിനാശ് സാബ് ലെയിലൂടെ അത്‍ലറ്റിക്സിൽ ഇന്ത്യക്ക് ആദ്യ സ്വർണം ലഭിച്ചതിന് പിന്നാലെയാണ് ഷോട്ട്പുട്ടിൽ തജീന്ദർപാൽ സിങ് ടൂറും സ്വർണനേട്ടത്തിലെത്തിയത്.
ലോങ്ജമ്പിൽ മലയാളി താരം എം. ശ്രീശങ്കർ വെള്ളി നേടിയപ്പോൾ 1500 മീറ്ററിൽ മറ്റൊരു മലയാളി ജിൻസൻ ജോൺസന് വെങ്കലം ലഭിച്ചു. അവസാന അവസരത്തിൽ 8.19 മീറ്റർ ചാടിയാണ് ശ്രീശങ്കർ വെള്ളിയിലേക്ക് കുതിച്ചത്. പുരുഷന്മാരുടെ 1500 മീറ്റർ ഓട്ടത്തിൽ അജയ്കുമാർ വെള്ളി നേടിയപ്പോൾ തൊട്ടുപിന്നിലാണ് ജിൻസൻ ജോൺസൻ ഫിനിഷ് ചെയ്തത്. വനിതകളുടെ 1500 മീറ്ററിൽ ഹർമിലൻ ബെയ്ൻസ് വെള്ളി നേടി. വനിതകളുടെ ഹെപ്റ്റാത്തലോണിൽ നന്ദിനി അഗസാരയും ഡിസ്കസ് ത്രോയിൽ സീമ പുനിയയും വെങ്കലം നേടി.
നിലവിൽ 13 സ്വർണവും 19 വെള്ളിയും 20 വെങ്കലവും സഹിതം ഇന്ത്യൻ മെഡൽ നേട്ടം 52 ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.