ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിൽ പോര് രൂക്ഷം; അധികാരത്തിൽ കൈകടത്തുന്നെന്ന് പി.ടി. ഉഷ
text_fieldsന്യൂഡൽഹി: പാരിസ് ഒളിമ്പിക്സ് വിളിപ്പാടകലെ നിൽക്കെ, വിഖ്യാത മലയാളി അത്ലറ്റ് പി.ടി. ഉഷ അധ്യക്ഷയായ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിൽ പോര് രൂക്ഷം. താൻ നിയമിച്ച ഉദ്യോഗസ്ഥന് പിരിച്ചുവിടൽ കത്ത് നൽകിയതുൾപ്പെടെ ധിക്കാരപരമായ നടപടികളിലൂടെ ഒരു വിഭാഗം നിർവാഹക സമിതി അംഗങ്ങൾ തന്റെ അധികാരത്തിൽ കൈകടത്തുകയും അരികാക്കാൻ ശ്രമിക്കുകയുമാണെന്ന് ഉഷ ആരോപിച്ചു.
അനധികൃത വ്യക്തികൾ ഐ.ഒ.എ ആസ്ഥാനത്ത് പ്രവേശിക്കരുതെന്ന് നിർദേശിച്ച് കഴിഞ്ഞ ദിവസം ഒമ്പത് സമിതി അംഗങ്ങൾ ഒപ്പിട്ട നോട്ടീസ് ഓഫിസ് പരിസരത്ത് പതിച്ചിരുന്നു. ഇതിനെ ഏകപക്ഷീയമെന്ന് വിശേഷിപ്പിച്ച ഉഷ, ജീവനക്കാരെ നിയമിക്കലും പിരിച്ചുവിടലും ഉൾപ്പെടെയുള്ള ദൈനംദിന ഭരണപ്രവർത്തനങ്ങൾ നിർവാഹക സമിതിയുടെ ജോലിയല്ലെന്നും വ്യക്തമാക്കി. ഉഷ നിയമിച്ച ഒളിമ്പിക് അസോസിയേഷൻ സി.ഇ.ഒയെയും പ്രസിഡന്റിന്റെ എക്സിക്യൂട്ടിവ് അസിസ്റ്റന്റിനെയും പിരിച്ചുവിട്ടതായി രണ്ടു മാസം മുമ്പ് ഇവർ പ്രഖ്യാപിച്ചിരുന്നു.
സീനിയർ വൈസ് പ്രസിഡന്റ് അജയ് പട്ടേൽ, വൈസ് പ്രസിഡന്റുമാരായ ഗഗൻ നാരംഗ്, രാജലക്ഷ്മി സിങ് ദിയോ, ട്രഷറർ സഹദേവ് യാദവ്, അംഗങ്ങളായ ദോല ബാനർജി, ഹർപാൽ സിങ്, യോഗേശ്വർ ദത്ത്, അമിതാഭ് ശർമ, ഭൂപീന്ദർ സിങ് ബജ്വ എന്നിവരാണ് നോട്ടീസിൽ ഒപ്പുവെച്ചത്.
ഐ.പി.എൽ ടീമായ രാജസ്ഥാൻ റോയൽസിന്റെ മുൻ സി.ഇ.ഒ രഘുറാം അയ്യരെ ഒളിമ്പിക് അസോസിയേഷൻ സി.ഇ.ഒ ആയി നിയമിച്ച കാര്യം ജനുവരി ആറിനാണ് രാജ്യസഭാംഗംകൂടിയായ പ്രസിഡന്റ് അറിയിച്ചത്. അസോസിയേഷനിലെ 15ൽ 12 നിർവാഹക സമിതി അംഗങ്ങളും ഈ തീരുമാനം അംഗീകരിച്ചിരുന്നില്ല. യോഗത്തിന്റെ അജണ്ടയിലില്ലാത്ത കാര്യം ഉഷ സമ്മർദത്തിലൂടെ നടപ്പാക്കുകയായിരുന്നുവെന്നാണ് ഇവർ ആരോപിച്ചത്. പ്രതിവർഷം മൂന്നുകോടി രൂപയാണ് സി.ഇ.ഒക്ക് പ്രതിഫലം. ഇതെല്ലാം ഉഷ ഏകപക്ഷീയമായി തീരുമാനിക്കുകയായിരുന്നുവെന്നും അംഗങ്ങൾ ആരോപിച്ചു. തുടർന്നാണ് സി.ഇ.ഒയെയും പ്രസിഡന്റിന്റെ എക്സിക്യൂട്ടിവ് അസിസ്റ്റന്റായ റിട്ട. ക്യാപ്റ്റൻ അജയ് കുമാർ നാരംഗിനെയും പിരിച്ചുവിട്ടതായി ഇവർ പ്രഖ്യാപിച്ചത്. എതിർപ്പുകളെ ലജ്ജാകരമെന്ന് വിശേഷിപ്പിച്ച ഉഷ, അസോസിയേഷനിലെ ഭിന്നതകൾ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ വിലക്കിന് കാരണമാവുമെന്നും മുന്നറിയിപ്പ് നൽകി.
അനധികൃത വ്യക്തികൾ ഐ.ഒ.എ ആസ്ഥാനത്ത് പ്രവേശിക്കരുതെന്ന നോട്ടീസ് കൂടി വന്നതോടെയാണ് ഉഷ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. നോട്ടീസ് നീക്കം ചെയ്യാൻ നിർദേശം നൽകിയ അവർ, എക്സിക്യൂട്ടിവ് അസിസ്റ്റന്റ് മുഖേന തന്റെ ഓഫിസിൽനിന്നുള്ള മാർഗനിർദേശങ്ങൾ പാലിക്കാൻ ജീവനക്കാരോടും ആവശ്യപ്പെട്ടു. നാരംഗിന് നൽകിയ പിരിച്ചുവിടൽ കത്തിന്റെ രസീത് കൈപ്പറ്റിയ ഉഷ, ഇത് പൂർണമായും അസാധുവാണെന്ന് കാണിച്ച് നിരസിച്ചു.
2023 ജൂൺ ഏഴിന് നിയമിതനായ നാരംഗിന്റെ തുടർച്ചയോ പിരിച്ചുവിടലോ തന്റെ ശിപാർശയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും മറ്റാരുടെയും ഇഷ്ടാനിഷ്ടങ്ങൾ അടിസ്ഥാനമാക്കിയല്ലെന്നും ഉഷ പറഞ്ഞു. ക്യാപ്റ്റൻ നാരംഗിന്റെ ജോലിയിൽ താൻ സംതൃപ്തയാണെന്നും സേവനം അവസാനിപ്പിക്കാൻ ഒരു കാരണവും കണ്ടെത്തിയില്ലെന്നും അവർ പറഞ്ഞു. ഇന്ത്യയിലെ അത്ലറ്റുകളുടെയും ഒളിമ്പിക് പ്രസ്ഥാനത്തിന്റെയും ഉന്നമനത്തിനായി ഒരു ടീമായി പ്രവർത്തിക്കാൻ വീണ്ടും അഭ്യർഥിക്കുന്നതായും ഉഷ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.