ഫെഡറേഷൻ കപ്പ് അത്ലറ്റിക്സ്: നാലാം ദിനം ട്രാക്കിൽ നിരാശ
text_fieldsതേഞ്ഞിപ്പലം: ഫെഡറേഷൻ കപ്പ് അത്ലറ്റിക്സിന്റെ നാലാം ദിനം ട്രാക്കിൽ നിരാശ. കടുത്ത ചൂടിൽ താരങ്ങൾ വലഞ്ഞ ചൊവ്വാഴ്ച ശ്രദ്ധേയമായ പ്രകടനങ്ങളൊന്നുമുണ്ടായില്ല. പുരുഷന്മാരുടെ ഡിസ്കസ് ത്രോയിൽ പഞ്ചാബിന്റെ കിർപാൽ സിങ്ങിന്റെ മീറ്റ് റെക്കോഡായിരുന്നു ഏക ആശ്വാസം. കോച്ചില്ലാതെ, സ്വയം പരിശീലിക്കുന്ന പഞ്ചാബുകാരൻ 61.83 മീറ്റർ എറിഞ്ഞാണ് പുതിയ ദൂരം കുറിച്ചത്. 22 വർഷം മുമ്പ് ലഖ്നോ മീറ്റിൽ അനിൽ കുമാർ സ്ഥാപിച്ച 59.55 മീറ്ററാണ് ഒ.എൻ.ജി.സിയിലെ ഉദ്യോഗസ്ഥനായ കിർപാൽ തിരുത്തിയത്.
മൂന്ന് മലയാളി താരങ്ങൾക്ക് വെള്ളിനേട്ടവുമുണ്ടായി. പുരുഷന്മാരുടെ 800 മീറ്ററിൽ പാലക്കാട്ടുകാരൻ പി. മുഹമ്മദ് അഫ്സലിന് നേരിയ വ്യത്യാസത്തിലാണ് സ്വർണം നഷ്ടമായത്. ഒരു മിനിറ്റ് 47.45 സെക്കൻഡിലാണ് അഫ്സൽ രണ്ടാമതായത്. അവസാന സമയത്തെ കുതിപ്പുമായി ഒരു മിനിറ്റ് 47.43 സെക്കൻഡിൽ ഹരിയാനയുടെ ക്രിഷൻ കുമാർ സ്വർണം തട്ടിയെടുത്തു.
800 മീറ്ററിലെ നിലവിലെ ഏഷ്യൻ ഗെയിംസ് ജേതാവായ മൻജിത് സിങ് മത്സരത്തിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ചു. 32കാരനായ മൻജിത്തിന് 800 മീറ്ററിൽ 1:49.75 സെക്കൻഡിൽ ആറാം സ്ഥാനമാണുണ്ടായിരുന്നത്. പരിക്കും തുടർച്ചയായ പരാജയവുമാണ് 800, 1500 മീറ്ററിലെ താരമായ മൻജിത് സിങ് ട്രാക്കിൽനിന്ന് പിന്മാറാൻ കാരണമായത്. കഴിഞ്ഞദിവസം വനിതകളുടെ ലോങ്ജംപിൽ വെങ്കലം നേടിയ കേരളതാരം സാന്ദ്ര ബാബു ട്രിപ്ൾ ജംപിൽ വെള്ളിയണിഞ്ഞു. 12.98 മീറ്ററായിരുന്നു ദൂരം. തമിഴ്നാടിന്റെ കാർത്തിക കോതണ്ഡപാണി 13.14 മീറ്റർ ചാടി സ്വർണം നേടി. ഹെപ്റ്റത് ലണിൽ രാജ്യാന്തര താരമായ ബംഗാളിന്റെ സ്വപ്ന ബർമന് (5800 പോയന്റ്) പിന്നിൽ മലയാളി താരം മറീന ജോർജ് (5249 പോയന്റ്) രണ്ടാം സ്ഥാനം നേടി.
അവസാന ദിനമായ ബുധനാഴ്ച ഒമ്പത് ഫൈനലുകൾ അരങ്ങേറും.
എറിഞ്ഞു തീരാതെ സീമ
പ്രായം തളർത്താത്ത വീര്യവുമായി സീമ പുനിയക്ക് വനിതകളുടെ ഡിസ്കസ് ത്രോയിൽ സ്വർണം. 39 കാരിയായ സീമ കേരളത്തിന്റെ മണ്ണിൽ ആദ്യമായാണ് മത്സരത്തിനിറങ്ങുന്നത്. 54.83 മീറ്റർ എന്ന ശരാശരി പ്രകടനമായിരുന്നെങ്കിലും യുവതാരങ്ങളെ പിന്നിലാക്കാൻ മുൻ ലോക ജൂനിയർ ചാമ്പ്യന് കഴിഞ്ഞു. 63.72 മീറ്റർ എന്ന വ്യക്തിഗത നേട്ടത്തിന്റെ ഏഴയലത്തുപോലും എത്താനായില്ലെങ്കിലും പ്രകടനത്തിൽ സീമ സംതൃപ്തയാണ്.
പുരുഷന്മാരുടെ പോൾവാൾട്ടിൽ തമിഴ്നാട്ടുകാരായ എസ്. ശിവയും ഗോകുൽ നാഥും 4.90 മീറ്റർ ചാടി സ്വർണം പങ്കിട്ടു. തമിഴ്നാട് താരം തന്നെയായ ജ്ഞാനസോനേ വെങ്കലം നേടി.
കാറ്റ് വില്ലനാകുന്നു; വേദിയെ പഴിച്ച് താരങ്ങൾ
പതിവിലും കവിഞ്ഞ കാറ്റും അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവിലെ വർധനയും കാലിക്കറ്റ് സർവകലാശാല സിന്തറ്റിക് ട്രാക്കിൽ താരങ്ങൾക്ക് ദുരിതമാകുന്നു. സാധാരണ ഒരു സെക്കൻഡിൽ രണ്ട് മീറ്ററാണ് ഒരു പ്രകടനത്തിനിടെ അനുവദനീയമായ കാറ്റിന്റെ വേഗത. തികച്ചും പ്രവചനാതീതമായാണ് തേഞ്ഞിപ്പലം ട്രാക്കിൽ കാറ്റിന്റെ അവസ്ഥ. കഴിഞ്ഞ ദിവസം പുരുഷന്മാരുടെ ലോങ്ജംപിൽ 8.37 മീറ്റർ ചാടിയ തമിഴ് നാടിന്റെ ജസ്വിൻ ആൾഡ്രിന് ദേശീയ റെക്കോഡ് നഷ്ടമായിരുന്നു.
സെക്കൻഡിൽ നാല് മീറ്റർ എന്ന അസാധാരണ അളവായിരുന്നു ആ സമയത്തെ കാറ്റിന്. രാവിലെ 6.30ന് പോലും കടുത്ത ഹ്യുമിഡിറ്റിയാണെന്ന് 10,000 മീറ്ററിൽ സ്വർണം നേടിയ സഞ്ജീവനി യാദവ് പറഞ്ഞു. ത്രോ ഏരിയയെക്കുറിച്ചുള്ള പരാതിയായിരുന്നു ഡിസ്കസ് ത്രോയിൽ സ്വർണം നേടിയ കിർപാൽ സിങ്ങിന്.
അതേസമയം, സംസ്ഥാനത്ത് തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള മറ്റ് സിന്തറ്റിക് ട്രാക്കുകളിൽ ആവശ്യത്തിന് സൗകര്യങ്ങളില്ലാത്തതിനാലാണ് കാലിക്കറ്റിന് നറുക്ക് വീണത്. എറണാകുളം മഹാരാജാസ് ഗ്രൗണ്ടിലെ ട്രാക്കുൾപ്പെടെ തകരാറിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.