അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷനെ പുറത്താക്കി ഐ.ഒ.സി
text_fieldsജനീവ: നടത്തിപ്പിലെ വീഴ്ചകളും ക്രമക്കേടുകളും സംബന്ധിച്ച വർഷങ്ങൾ നീണ്ട തർക്കങ്ങൾക്കൊടുവിൽ അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷനെ (ഐ.ബി.എ) ഒളിമ്പിക് കുടുംബത്തിൽ നിന്ന് പുറത്താക്കി. വ്യാഴാഴ്ച അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി) പ്രത്യേകം വിളിച്ച യോഗത്തിൽ വോട്ടിനിട്ടാണ് ഐ.ബി.എയുടെ അംഗീകാരം റദ്ദാക്കിയത്. എന്നാൽ, ഒളിമ്പിക്സ് മത്സര ഇനമായി ബോക്സിങ് നിലനിർത്തും. 2024 പാരിസ് ഒളിമ്പിക്സിൽ ബോക്സർമാർക്ക് മത്സരിക്കാമെന്ന് ഐ.ഒ.സി അറിയിച്ചു. ഒളിമ്പിക് അസോസിയേഷന്റെ 129 വർഷത്തെ ചരിത്രത്തിൽ സമാനതകളില്ലാത്തതാണ് നടപടി.
രണ്ടാഴ്ച മുമ്പ് ഐ.ഒ.സി പ്രസിഡന്റ് തോമസ് ബാച്ചിന്റെ അധ്യക്ഷതയിലുള്ള എക്സിക്യൂട്ടിവ് ബോർഡ് യോഗം ബോക്സിങ് അസോസിയേഷനെ പുറത്താക്കാൻ ശിപാർശ ചെയ്തിരുന്നു. ഇതോടെയാണ് വോട്ടിനിട്ടത്. ഒന്നിനെതിരെ 69 വോട്ടിന്റെ വൻഭൂരിപക്ഷത്തിൽ തീരുമാനം അംഗീകരിക്കപ്പെട്ടു. 10 അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. നാല് വർഷം മുമ്പ് ഐ.ബി.എയെ സസ്പെൻഡ് ചെയ്തതാണ് ഒളിമ്പിക് അസോസിയേഷൻ. റഷ്യൻ സ്റ്റേറ്റ് എനർജി സ്ഥാപനമായ ഗാസ്പ്രോമിന്റെ സാമ്പത്തിക പിന്തുണ, മത്സരങ്ങളുടെയും വിധിനിർണയത്തിന്റെയും സമഗ്രത എന്നിവയെ കേന്ദ്രീകരിച്ചായിരുന്നു തർക്കം. മാറ്റങ്ങൾ നിർബന്ധിതമാക്കാനുള്ള ശ്രമത്തിൽ ബോക്സിങ് കായിക ഭരണ സമിതിയെ സസ്പെൻഡ് ചെയ്തതിന് ശേഷവും ഒളിമ്പിക്സിൽ ഈ മത്സര ഇനത്തിന് ഭീഷണിയുണ്ടായിരുന്നില്ല.
അംഗീകാരം പിൻവലിക്കുന്നതിനെതിരെ കായിക തർക്ക പരിഹാര കോടതിയെ ഐ.ബി.എ സമീപിച്ചെങ്കിലും കഴിഞ്ഞ ദിവസം ഇവരുടെ ആവശ്യം നിരകരിക്കപ്പെട്ടു. അസോസിയേഷന്റെ റഷ്യക്കാരനായ പ്രസിഡന്റ് ഉമർ ക്രെംലെവ് ബോക്സിങ്ങിനെ കൊല്ലുന്ന കുറ്റവാളിയാണെന്നാണ് ഐ.ഒ.സി അധികൃതരുടെ ആരോപണം. സാമ്പത്തികം, ഭരണം, കായിക സമഗ്രത എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ 2019ൽ ഐ.ബി.എയെ സസ്പെൻഡ് ചെയ്തതിനാൽ 2021ലെ ടോക്യോ ഒളിമ്പിക്സിൽ ബോക്സിങ് മത്സരങ്ങൾ പൂർണമായും ഐ.ഒ.സിയുടെ മേൽനോട്ടത്തിലാണ് നടന്നത്. ഈ രീതി 2024ൽ പാരിസിലും 2028 ലോസ് ആഞ്ജലസിലും തുടരാനാണ് തീരുമാനം. സമഗ്രതയും സുതാര്യതയുമുള്ള അന്താരാഷ്ട്ര ഫെഡറേഷന്റെ ഭരണത്തിന് ബോക്സർമാർ പൂർണമായും അർഹരാണെന്ന് ഐ.ഒ.സി പ്രസിഡന്റ് ബാച്ച് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.