'ജയിച്ചത് അനുഭവസമ്പത്ത്'
text_fieldsചെസ് ലോകകപ്പിൽ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആർ. പ്രഗ്നാനന്ദയെ ടൈബ്രേക്കറിൽ തോല്പിച്ച് മാഗ്നസ് കാൾസൺ കിരീടം നേടിയിരിക്കുന്നു. 18കാരനെതിരെ കാൾസന്റെ അനുഭവസമ്പത്താണ് വിജയംകണ്ടതെന്ന് പറയാം. ആദ്യ മത്സരത്തിൽ 35ഉം രണ്ടാം മത്സരത്തിൽ 30ഉം നീക്കത്തിനൊടുവിൽ ഇരുവരും സമനില വഴങ്ങിയതോടെയാണ് ടൈ ബ്രേക്കർ വേണ്ടിവന്നത്. ഇന്നലെ ആദ്യ ഗെയിമിൽ കിങ് പോൺ ഓപണിങ്ങാണ് പ്രാഗ് കളിച്ചത്. 14ാം നീക്കത്തിൽ കാൾസൺ ചെറിയ പിഴവ് വരുത്തിയത് പ്രാഗ് മുതലാക്കിയില്ല. തന്റെ h4ലെ കുതിരയെ f3 കളത്തിലേക്കുവെച്ച് e5 കാലാളിനെ ആക്രമിച്ചിരുന്നെങ്കിൽ പ്രാഗിനു മികച്ച ആക്രമണം നടത്താനുള്ള അവസരം ലഭിച്ചേനേ. അതോടൊപ്പം നല്ല ഒരു മുൻതൂക്കവും ഉണ്ടാകുമായിരുന്നു. എന്നാൽ 15ാം നീക്കത്തിൽ പ്രാഗ് തന്റെ കുതിരയെ വെട്ടിമാറ്റാൻ കൊടുത്തത് കാൾസൺ മുതലാക്കി കളിയിലേക്ക് തിരിച്ചുവന്നു.
17ാം നീക്കത്തിൽ ക്വീനുകളെ പരസ്പരം വെട്ടിമാറ്റാൻ വെച്ചുകൊണ്ട് കാൾസൺ നേരിയ മുൻതൂക്കം എടുത്തു. 38 നീക്കങ്ങൾവരെ മികച്ച രീതിയിൽ പോരാടുവാൻ കൗമാര താരത്തിന് സാധിച്ചു. എന്നാൽ പിന്നീട് കാൾസൺ തന്റെ റൂകിനെയും രണ്ടു കുതിരകളെയും ഉപയോഗിച്ച് ശക്തമായ പ്രത്യാക്രമണം നടത്തുകയായിരുന്നു. പ്രാഗ് ബിഷപ്പും കുതിരയും ഉപയോഗിച്ച് ക്വീൻ സൈഡിൽ ആക്രമിച്ചപ്പോൾ കാൾസൺ പ്രാഗിന്റെ രാജാവിനെ നോട്ടമിടുകയായിരുന്നു. 47ാം നീക്കത്തിൽ പ്രാഗിന് പരാജയം സമ്മതിക്കേണ്ടിവന്നു. രണ്ടാമത്തെ ഗെയിമിൽ കാൾസൺ കാര്യങ്ങൾ കുറച്ച് വേഗത്തിലാക്കി. കാൾസന്റെ കിങ് പോൺ ഓപണിങ്ങിനെതിരെ പ്രാഗ് സിസിലിയൻ ഡിഫൻസാണ് കളിച്ചത്. ഇതിൽ ആലപിൻ എന്ന വേരിയേഷനാണ് കാൾസൺ ഉപയോഗിച്ചത്.
ടോപ് ലെവൽ ചെസിൽ അധികം ഉപയോഗിക്കാത്ത വേരിയേഷനാണ് ആലപിൻ. മറ്റു വേരിയേഷനുകൾ രണ്ടുപേർക്കും വിജയസാധ്യത നൽകുമ്പോൾ ആലപിൻ സമനില സാധ്യത കൂടുതൽ നൽകുന്നതാണ്. 17ാം നീക്കത്തിൽ കാൾസൺ മുൻതൂക്കത്തിനു ശ്രമിക്കാതെ എല്ലാ കരുക്കളും പരസ്പരം വെട്ടിമാറ്റി സമനിലയിലേക്ക് പോകാനുള്ള തീരുമാനത്തിലായിരുന്നു. 22ാം നീക്കത്തിൽ സമനിലയിൽ പിരിയുകയും ചെയ്തു. പ്രാഗ് പരാജയപ്പെട്ടെങ്കിലും ലോക ചെസ് ചാമ്പ്യൻഷിപ്പിന്റെ കാൻഡിഡേറ്റ്സ് ടൂർണമെന്റ് വിജയിച്ച് ഡിങ് ലിറെനുമായി ഏറ്റുമുട്ടുമെന്ന് പ്രതീക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.