കോടതി കടന്ന് ഹൈജംപ് ബാറിനു മുകളിലൂടെ ചരിത്രമായി തേജശ്വിൻ
text_fieldsകോടതിവിധി സമ്പാദിച്ച് അവസാന നിമിഷം ഇന്ത്യൻ സംഘത്തിലെത്തിയ തേജശ്വിൻ ശങ്കർ അവഗണനകൾക്ക് ചരിത്രനേട്ടത്തിലൂടെ മറുപടി നൽകി. കോമൺ വെൽത്ത് ഗെയിംസ് ഹൈജംപിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരനായി തേജശ്വിൻ. വ്യാഴാഴ്ച ഇന്ത്യൻ സമയം വെളുപ്പിന് നടന്ന മത്സരത്തിൽ 2.22 മീറ്റർ ചാടി വെങ്കലം നേടിയാണ് രാജ്യത്തിന്റെ അഭിമാനമായത്.
ന്യൂസിലൻഡുകാരനായ ഹമിഷ് കെർ സ്വർണവും ആസ്ട്രേലിയൻ അത്‍ലറ്റും ക്രിക്കറ്റർ മിച്ചൽ സ്റ്റാർക്കിന്റെ സഹോദരനുമായ ബ്രണ്ടൻ സ്റ്റാർക് വെള്ളിയും നേടി. ഇരുവരും 2.25 മീറ്റർ ചാടിയെങ്കിലും കുറഞ്ഞ ഫൗളുകളുടെ ആനുകൂല്യത്തിൽ കെർ ഒന്നാമനായി.
സ്വർണപ്രതീക്ഷ നൽകിയായിരുന്നു ഡൽഹിക്കാരനായ തേജശ്വിന്റെ തുടക്കം. ആദ്യ ശ്രമത്തിൽ തന്നെ 2.10 മീറ്റർ ചാടി. 2.15, 2.19, 2.22 മീറ്ററുകളും അനായാസം ക്ലിയർ ചെയ്തു. എന്നാൽ, 2.25ൽ രണ്ട് ശ്രമങ്ങളും പിഴച്ചു. മൂന്നാം ശ്രമം ഒഴിവാക്കി 2.28 മീറ്ററിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മുൻ ലോക-കോമൺവെൽത്ത് ഗെയിംസ് ചാമ്പ്യൻ ബഹാമാസിന്റെ ഡോണാൾഡ് തോമസും 2.22 മീറ്റർ ചാടിയിരുന്നു.
കുറഞ്ഞ ഫൗളുകളുടെ ആനുകൂല്യം തേജശ്വിനും ലഭിച്ചു. നേരത്തേ, യോഗ്യത മാർക്ക് കടന്നിട്ടും ടീമിൽ ഉൾപ്പെടുത്തിയില്ലെന്ന് കാണിച്ച് താരം ഡൽഹി ഹൈകോടതിയെ സമീപിച്ചിരുന്നു. ഇത്തവണ അത്‍ലറ്റിക്സിലെ ആദ്യ മെഡലും ഇന്ത്യക്ക് തേജശ്വിനിലൂടെ ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.