ജംഷീലയുടെ ഈ ഓട്ടം ദേശീയ ഗെയിംസ് ലക്ഷ്യമിട്ട്
text_fieldsകുന്നംകുളം: സ്വന്തം തട്ടകത്തിൽ സംസ്ഥാന മേള വന്നെത്തിയതിൽ ദേശീയ താരമായ ജംഷീലക്ക് ആനന്ദം. 2017ലെ സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗത്തിൽ 400 മീറ്റർ ഓട്ടത്തിൽ ജംഷീല സ്വർണം നേടിയിരുന്നു. 57.9 സെക്കൻഡ് മാത്രമെടുത്തായിരുന്നു കുതിപ്പ്.
29ന് ഗോവയിൽ നടക്കുന്ന ദേശീയ ഗെയിംസിൽ പങ്കെടുക്കുന്ന ജംഷീലയുടെ പരിശീലനവും കുന്നംകുളം സീനിയർ ഗ്രൗണ്ടിലെ ഖേലോ ഇന്ത്യ സിന്തറ്റിക് ട്രാക്കിലാണ്. റിലേ മത്സരത്തിൽ പങ്കെടുക്കാനാണ് ജംഷീല അടങ്ങുന്ന കേരള ടീം യാത്രയാകുന്നത്. എരുമപ്പെട്ടി സ്കൂളിൽനിന്ന് കായിക അധ്യാപകൻ സി.എ. മുഹമ്മദ് ഹനീഫയുടെ ശിക്ഷണത്തിൽ പരിശീലിച്ച് ദേശീയ തലത്തിൽ എത്താനായ തനിക്ക് കുന്നംകുളം സിന്തറ്റിക് ട്രാക്ക് എന്നും അഭിമാനമാണെന്ന് ജംഷീല ‘മാധ്യമ’ത്തോട് പറഞ്ഞു.
കഴിഞ്ഞ തവണ ദേശീയ ഗെയിംസിൽ പങ്കെടുത്ത അന്താരാഷ്ട്ര നിലവാരമുള്ള ഗുജറാത്തിലെ ഗാന്ധി നഗറിലെ ഐ.ഐ.ടി സിന്തറ്റിക് ട്രാക്കിന് സമാനമാണ് കുന്നംകുളത്തെ സിന്തറ്റിക് അതിവേഗ ട്രാക്കെന്നും രാജ്യത്തിന് കായിക രംഗത്ത് വലിയ മുന്നേറ്റം കാഴ്ച്ചവെക്കാൻ ഖേലോ ഇന്ത്യാ പദ്ധതി ഏറെ ഗുണകരമാണെന്നും ഇത്തരത്തിലുള്ള ട്രാക്കുകൾ എല്ലാ സ്ഥലങ്ങളിലും ഉണ്ടാവണമെന്നും ജംഷീല അഭിപ്രായപ്പെട്ടു. ദേശീയ ഗെയിംസിൽ 400 മീറ്റർ റിലേ മത്സരത്തിൽ സ്നേഹ, ഗൗരി നന്ദന, ലീനറ്റ് ജോർജ് എന്നിവരോടൊപ്പമാണ് പങ്കെടുക്കുന്നത്.
സംസ്ഥാന മേളക്ക് ഒരുക്കം തകൃതിയായി നടക്കുന്നതിനിടയിലും പരിശീലനത്തിന് കോച്ച് മുഹമ്മദ് ഹനീഫക്കൊപ്പം കളിക്കളത്തിലുണ്ട് ജംഷീല. പഴഞ്ഞി എം.ഡി കോളജ് ബിരുദ വിദ്യാർഥിനിയാണ് ജംഷീല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.