വേദി മാറിയെത്തി, വളണ്ടിയറുടെ സഹായത്തോടെ ടാക്സിയിൽ ട്രാക്കിലേക്ക്; ഒടുവിൽ സ്വർണനേട്ടം
text_fieldsടോക്യോ: ഒളിമ്പിക്സ് പുരുഷ വിഭാഗം 110 മീറ്റർ ഹർഡിൽസിലാണ് ജമേക്കൻ സ്പ്രിന്ററായ ഹൻസല പാർച്ച്മെന്റ് സ്വർണം നേടിയത്. എന്നാൽ, ടോക്യോയിൽ താരം സ്വർണമണിയുന്നതിന് മുമ്പ് രസകരമായൊരു കഥയുണ്ട്. മത്സരത്തിനായി ജമൈക്കൻ താരം ആദ്യമെത്തിയത് തെറ്റായ വേദിയിലായിരുന്നു. ഒളിമ്പിക്സിന് ശേഷം സമൂഹമാധ്യമങ്ങളിലൂടെ ഹൻസല രസകരമായ ഈ സംഭവം വിവരിച്ചു.
ഒളിമ്പിക്സ് സെമിഫൈനലിൽ താൻ തെറ്റായ വേദിയിലാണ് എത്തിയത്. ബസ് മാറി കയറിയതായിരുന്നു പ്രശ്നത്തിന് കാരണം. മൊബൈലിൽ പാട്ടു കേൾക്കുകയായിരുന്ന താൻ ബസിലെ സഹയാത്രികർ പറയുന്നതൊന്നും ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് അപരിചതമായ വഴികളിലൂടെ ബസ് നീങ്ങിയതോടെയാണ് അമളി മനസിലായത്.
എന്നാൽ, തിരിച്ച് ശരിയായ വേദിയിലെത്തണമെങ്കിൽ മറ്റൊരു ബസിൽ കയറി ഒളിമ്പിക്സ് വില്ലേജിലെത്തിയതിന് ശേഷം അവിടെ നിന്നും ഗ്രൗണ്ടിലേക്ക് പോകണമെന്നായിരുന്നു വളണ്ടിയർമാർ അറിയിച്ചത്. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ സമയത്തിന് മത്സരസ്ഥലത്ത് എത്താൻ സാധിക്കുമായിരുന്നില്ല. പക്ഷേ ഒരു ഒളിമ്പിക്സ് വളണ്ടിയർ എന്‍റെ രക്ഷക്കെത്തി.
അവർ എനിക്ക് ടാക്സി കൂലി നൽകി. അതുകൊണ്ട് തനിക്ക് കൃത്യസമയത്ത് മത്സരത്തിനെത്താനായെന്ന് ഹൻസല പറഞ്ഞു. ആ വളണ്ടിയറെ കെണ്ടത്താനുള്ള ശ്രമം തുടരുകയാണ്. തന്‍റെ സ്വർണനേട്ടം അവർക്കായാണ് സമർപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആഗസ്റ്റ് അഞ്ചിന് നടന്ന 110 മീറ്റർ ഹർഡിൽസ് മത്സരത്തിൽ ലോകചാമ്പ്യൻ ഗ്രാന്‍റ് ഹോളോവേയിനെ തകർത്താണ് ഹൻസല ഒളിമ്പിക്സിൽ സ്വർണം നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.