പി.ആർ.ശ്രീജേഷിനും നീരജ് ചോപ്രക്കും ഖേൽരത്ന; 12 പേർക്ക് പുരസ്കാരം
text_fieldsന്യൂഡൽഹി: ടോക്യോ ഒളിമ്പിക്സ്, പാരാലിമ്പിക്സ് മെഡൽ തിളക്കത്തിൽ ഈ വർഷത്തെ കായിക പുരസ്കാരങ്ങൾ. ഒളിമ്പിക്സിൽ ഇന്ത്യൻ യശസ്സ് വാനോളം ഉയർത്തിയ താരങ്ങളെ ആദരിച്ച് 12 പേർക്കുള്ള ഖേൽ രത്ന പുരസ്കാരത്തിനുള്ള നാമനിർദേശം കായിക മന്ത്രാലയം അംഗീകരിച്ചു.
ഒളിമ്പിക് സ്വർണ മെഡൽ ജേതാവായ ജാവലിൻ ത്രോ താരം നീരജ് ചോപ്ര, മലയാളി ഹോക്കി താരം പി.ആർ. ശ്രീജേഷ്, ഇന്ത്യൻ ഫുട്ബാൾ ടീം നായകൻ സുനിൽ ഛേത്രി, വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിഥാലി രാജ്, ഒളിമ്പിക് ഹോക്കി ടീം നായകൻ മൻപ്രീത് സിങ്, ഒളിമ്പിക്സിൽ വെള്ളി നേടിയ രവി ദാഹിയ, ലവ്ലിന ബോർഹെയ്ൻ, പാരാലിമ്പിക്സ് സ്വർണ മെഡൽ ജേതാക്കളായ അവാനി ലെഖര, മനീഷ് നർവാൽ, സുമിത് ആൻറിൽ, പ്രമോദ് ഭഗത്, കൃഷ്ണ നാഗർ എന്നിവർക്കാണ് പുരസ്കാരം. ഈമാസം 13ന് പുരസ്കാരം സമ്മാനിക്കും. 25 ലക്ഷം രൂപയാണ് പുരസ്കാര തുക.
ടോക്യോ ഒളിമ്പിക്സിലെ 121 അംഗ സംഘം ചരിത്രത്തിലെ ഏറ്റവും വലിയ മെഡൽ നേട്ടത്തിലേക്ക് രാജ്യത്തെ നയിച്ചിരുന്നു. കഴിഞ്ഞ വർഷം അഞ്ചുപേർക്ക് നൽകിയ ആദരമാണ് ഇത്തവണ മെഡൽ നേട്ടം ഉയർന്നതോടെ 12 ആയത്.
ഒളിമ്പിക്സ് കഴിയുംവരെ നാമനിർദേശ സമയം ദീർഘിപ്പിച്ചതും മെഡൽ നേടുന്നവർക്ക് അംഗീകാരം ലക്ഷ്യമിട്ടായിരുന്നു.മലയാളികളായ അത്ലറ്റിക്സ് ദേശീയ പരിശീലകൻ രാധാകൃഷ്ണൻ നായർ, ടി.പി ഔസേപ് എന്നിവർ മികച്ച പരിശീലകർക്കുള്ള ദ്രോണാചാര്യ പുരസ്കാരം സ്വന്തമാക്കി. അർജുന അവാർഡിന് 35 പേർ അർഹരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.