ദേശീയ കായിക ദിനത്തിൽ മഹത്തായ അംഗീകാരത്തിന്റെ ഓർമ പങ്കുവെച്ച് ടോം ജോസഫ്
text_fieldsകൊച്ചി: ദേശീയ കായിക ദിനത്തിൽ അർജുന അവാർഡ് സ്വീകരിക്കാൻ പോയതിന്റെ ഓർമ പങ്കുവെച്ച് വോളിബോൾ താരം ടോം ജോസഫ്. തുടർച്ചയായ ഒമ്പത് വർഷം അർജുന അവാർഡ് പട്ടികയിൽ നിന്നും തഴയപ്പെട്ട തനിക്ക് പത്താം വർഷത്തിലാണ് പുരസ്കാരം ലഭിച്ചത്. എന്റെ കായിക ജീവിതത്തിൽ ഇതുവരെ ലഭിച്ചതിൽ നിന്നും രാജ്യം നൽകിയ മഹത്തായ ബഹുമതിയാണ് 2014 ൽ ലഭിച്ചതെന്നും കായിക ദിനത്തിലെ ഫേസ്ബുക്ക് കുറിപ്പിൽ ടോം ജോസഫ് പറഞ്ഞു.
ടോം ജോസഫിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം
ഓഗസ്റ്റ് 29 ദേശീയ കായിക ദിനമായി ആഘോഷിക്കുമ്പോൾ ഇന്നും ഞാൻ ഓർക്കുന്നത് എന്റെ ജീവിതത്തിലെ 10 വർഷം മുൻപുള്ള ഒരു മഹത്തായ അംഗീകാരത്തെ കുറിച്ചാണ്. ഒമ്പത് വർഷം തുടർച്ചയായി അർജുന അവാർഡ് പട്ടികയിൽ നിന്നും തഴയപ്പെട്ട എനിക്ക് പത്താം വർഷത്തിലാണ് അർജുന അവാർഡ് ലഭിച്ചത്. എന്റെ കായിക ജീവിതത്തിൽ ഇതുവരെ ലഭിച്ചതിൽ നിന്നും രാജ്യം എനിക്ക് നൽകിയ മഹത്തായ ബഹുമതിയാണ് 2014 ൽ ലഭിച്ചത്. നാട്ടിൻ പുറത്തെ പറമ്പിൽ നിന്നും കീറിയ നെറ്റും പൊട്ടിയ വോളിബോൾ കൊണ്ടും കളിച്ചു നടന്ന എന്നെ ഒരു അർജുന അവാർഡ് വരെ നേടാൻ സാധ്യമാക്കിയ പ്രിയ ഗുരുക്കന്മാരെയും മാതാപിതാക്കളെയും സുഹൃത്തുക്കളെയും ഈ ഒരു ദിനത്തിൽ ഞാൻ ഓർക്കുന്നു.
2014 ഓഗസ്റ്റ് 28 ന് എന്റെ കുടുബങ്ങൾക്കൊപ്പം അർജുന അവാർഡ് സ്വീകരിക്കുവാനായി ഡൽഹിയിൽ എത്തിയപ്പോൾ എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു മനസ്സിൽ ഉണ്ടായിരുന്നത്. അന്ന് വരെ സിനിമയിലും മറ്റുമായി കണ്ട രാജ്ഭവൻ നേരിൽ കണ്ടപ്പോൾ എനിക്കും ഭാര്യയ്ക്കും ചേട്ടനുമെല്ലാം ഒരു കൗതുകം തന്നെ ആയിരുന്നു. അർജുന അവാർഡ് സ്വീകരിക്കുന്നതിന് മുന്നോടിയായി ഉള്ള അവിടുത്തെ ട്രയൽ പ്രോഗ്രാം സത്യം പറഞ്ഞാൽ എന്നെ ഒന്ന് പേടി പെടുത്തി എന്ന് പറയാം, അവിടുത്തെ പ്രോട്ടോകോൾ വളരെ കർശനമായും ശ്രദ്ധയോടെയും പാലിക്കണം എന്നത് തലേ ദിവസത്തെ ട്രയലിലൂ ഞാൻ അടക്കം ഉള്ള സ്പോർട്സ് താരങ്ങളെയെല്ലാം അവിടെ ഉള്ള ഓഫീസേഴ്സ് പറഞ്ഞു പഠിപ്പിച്ചിരുന്നു.
ഓഗസ്റ്റ് 29 ന് ഞാൻ കുടുംബത്തോടൊപ്പം അഭിമാനപൂർവ്വം അർജുന അവാർഡ് സ്വീകരിക്കുന്നതിനായി ഷൂവും കോട്ടും എല്ലാം ധരിച്ചു കൊണ്ട് രാജ്ഭവനിൽ എത്തുകയും അവിടെ പ്രത്യേകമായി കായിക താരങ്ങൾക്ക് ഒരുക്കിയ സീറ്റിൽ ഇരിക്കുകയും ചെയ്തു. അന്ന് രാജ്യത്തിന്റെ രാഷ്ട്രപതി ചുമതല വഹിച്ചിരുന്നത് പ്രണപ് മുഖർജി സർ ആയിരുന്നു, അദ്ദേഹത്തിൽ നിന്നായിരുന്നു ഞാൻ അവാർഡ് ഏറ്റുവാങ്ങിയത്. മനസ്സിൽ വലിയ സന്തോഷം ഉണ്ടായിരുന്നു എങ്കിലും ഉള്ളിൽ അൽപ്പം ടെൻഷനോടുകൂടിയാണ് ഞാൻ അവിടെ ആ വേദിയിൽ ഇരുന്നത്, കാരണം മറ്റൊന്നുമല്ല തലേ ദിവസം പഠിപ്പിച്ചു തന്ന പ്രോട്ടോകോൾ നിയമങ്ങളിൽ എന്തെങ്കിലും തെറ്റ് പറ്റുമോ എന്ന് ആയിരുന്നു.
ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിൽ ആയിരുന്നു അവിടെ സ്പോർട്സ് താരങ്ങളെ വിളിച്ചു അനുമോദിക്കുന്നത് എന്നതിനാൽ വോളിബോൾ അവസാനത്തേക്ക് ആയിരുന്നു വിളിക്കുക എന്ന് എനിക്ക് അറിയാമായിരുന്നു. ഓരോ കായിക ഇനത്തിലെയും കായിക താരങ്ങളെ അവാർഡിനായി ക്ഷണിക്കുമ്പോൾ എന്റെ നെഞ്ചിൽ ബാൻഡ് മുട്ടുന്ന പ്രതീതി ആയിരുന്നു അനുഭവപ്പെട്ടത്. അങ്ങനെ കുറച്ചു നേരത്തെ കാത്തിരിപ്പിനോടുവിൽ എന്റെ ഊഴം വരുകയും അഭിമാനത്തോടെ ഞാൻ രാഷ്ട്രപതിയുടെ സമീപത്തേക്ക് നടന്നു നീങ്ങുകയും ചെയ്തു. ഒരു ചെറു പുഞ്ചിരിയോടെ എന്റെ ഉയരം കണ്ടു കൗതുകത്തോടെ രാഷ്ട്രപതി എനിക്ക് അർജുന അവാർഡ് സമ്മാനിക്കുകയും അതിന് ശേഷം എനിക്ക് സാർ ഷെയ്ക്ക് ഹാൻഡ് തരുവാനായി കൈ നീട്ടുകയും ചെയ്തു, ആ വേളയിൽ മറ്റൊന്നും ആലോചിക്കാതെ ഞാൻ എന്റെ കൈകൾ നീട്ടി അദ്ദേഹത്തിന് ഷെയ്ക്ക് ഹാൻഡ് നൽകുകയും ചെയ്തു അവാർഡും സ്വീകരിച്ചു നടന്നു.
പ്രോട്ടോകോൾ പ്രകാരം രാഷ്ട്രപതിക്ക് മുന്നിൽ കൈ കൂപ്പികൊണ്ട് മാത്രമേ ആദരവ് കാണിക്കാവൂ എന്നത് കൊണ്ട് ഞാൻ ഷേക്ക് ഹാൻഡ് കൊണ്ടുത്തത് തെറ്റാണ് എന്നും ചിന്തിച്ചു അതിന് എന്തെങ്കിലും നടപടി സ്വീകരിക്കേണ്ടി വരുമോ എന്നൊക്കെ വിചാരിച്ചെങ്കിലും അദ്ദേഹത്തിന്റെ അനുമതി കൊണ്ടായിരുന്നതിനാൽ മറ്റു പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എന്റെ കായിക ജീവിതത്തിൽ വോളിബോൾ എന്ന കളിയെ ഞാൻ എത്രത്തോളം സ്നേഹിച്ചോ അത്രത്തോളം എനിക്ക് സന്തോഷവും ഉണ്ടായിട്ടുണ്ട്. മുൻ കാലത്തെ അപേക്ഷിച്ചു ഇന്ന് വോളിബോൾ മേഖല വളരെ പിന്നോക്കം എത്തിയിരിക്കുന്നു.
കായികം എന്ന വികാരത്തിനു പകരം പണം എന്ന ഒറ്റ ലക്ഷ്യം മുന്നിൽ കണ്ട് കൊണ്ടാണ് ഇന്ന് വോളിബോൾ എന്ന കായികത്തിന്റെ തലപ്പത്ത് നിൽക്കുന്ന ആളുകൾ മുന്നോട്ടു പോവുന്നത്. കായിക താരത്തെ വളർത്തുന്നതിന് പകരം തങ്ങളുടെ വ്യക്തി താല്പര്യങ്ങളെ മുൻനിർത്തി കൊണ്ട് മുന്നിൽ നിന്ന് നയിച്ചു കൊണ്ടിരിക്കുന്ന ആളുകളെ പൂർണ്ണമായും ഒഴിവാക്കിയാലേ ഭാവി തലമുറയ്ക്ക് വോളിബോൾ എന്ന കായിക വിനോദം കൊണ്ട് വളരാൻ സാധിക്കും എന്ന് ഞാൻ ഈ അവസരത്തിൽ ഓർമ്മപ്പെടുത്തുന്നു. നല്ല ഒരു നാളെയ്ക്കായി പ്രാർത്ഥിച്ചു കൊണ്ട് എല്ലാവർക്കും ഒരു ദേശീയ കായിക ദിനാശംസകൾ നേരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.