ഡയമണ്ടിന്റെ വിലയുള്ള രണ്ട് സെ.മീ.
text_fieldsദോഹ: ഒരു ഡയമണ്ടിനോളം വിലയുള്ളതാണ് ദോഹയിൽ നീരജിനെ പിന്നിലാക്കിയ രണ്ടു സെ.മീറ്റർ. സെപ്റ്റംബർ വരെ നീണ്ടുനിൽക്കുന്ന ലീഗിനൊടുവിൽ ഡയമണ്ട് ജേതാവിനെ നിശ്ചയിക്കുേമ്പാൾ ഈ രണ്ടു സെ.മീറ്ററിന്റെ വില നന്നായി അറിയാവുന്നതും നീരജ് ചോപ്രക്കാവും.
ദോഹയിൽ നടന്ന ജാവലിൻ ത്രോയിൽ ഫൗളിൽ തുടങ്ങി ഓരോ ഏറിലും ദൂരം മെച്ചപ്പെടുത്തി കുതിച്ച ഇന്ത്യയുടെ ഒളിമ്പിക്സ്-ലോകചാമ്പ്യന്റെ അവസാന ഏറ് രണ്ടാം സ്ഥാനം ഉറപ്പിച്ച് പതിച്ചപ്പോൾ എതിരാളിയേക്കാൾ രണ്ടു സെ.മീറ്റർ മാത്രം പിന്നിലായിരുന്നു.
മൂന്നാം ശ്രമത്തിൽ 88.38 മീറ്റർ എറിഞ്ഞാണ് ചെക്ക് റിപ്പബ്ലിക്കിന്റെ യാകുബ് വാഡ്ലേഹ് ദോഹയിൽ ഒന്നാംസ്ഥാനത്തെത്തിയത്. 2020 ടോക്യോ ഒളിമ്പിക്സിൽ നീരജിന്റെ പിന്നിൽ രണ്ടാം സ്ഥാനത്തായിരുന്നു വാഡ്ലേഹ് ഫിനിഷ് ചെയ്തത്. ദോഹയിൽ 90 മീറ്റർ എന്ന ലക്ഷ്യം കുറിക്കാനിറങ്ങിയ നീരജ് 88.36 മീറ്റർ എന്ന ദൂരവുമായി മടങ്ങുേമ്പാഴും ഹാപ്പിയാണ്.
വീശിയടിച്ച കാറ്റുതന്നെയായിരുന്നു 90 മീറ്റർ എന്ന കടമ്പക്ക് തിരിച്ചടിയായത്. ആദ്യ ശ്രമത്തിൽ ജാവലിൻ കുത്തനെ ഉയർന്നുപറന്നപ്പോൾ ദൂരം കുറഞ്ഞു, ഒപ്പം ഫൗളുമായി. കാറ്റിന്റെ ഗതികൂടി അറിഞ്ഞ് തന്ത്രം മാറ്റിയായിരുന്നു ശേഷം ഓരോ ത്രോയും. രണ്ടാം ശ്രമത്തിൽ 84.93 മീറ്ററിലായിരുന്നു തുടക്കം. മൂന്നാം ശ്രമത്തിൽ രണ്ടു മീറ്റർ കൂടി നീട്ടിയെറിഞ്ഞു. വീണ്ടും പതിയെ മെച്ചപ്പെടുത്തി.
ഒടുവിൽ, അവസാന മൂന്നുപേർ മാത്രം മത്സരിച്ച ആറാം ശ്രമത്തിൽ യാകുബ് വാഡ്ലേക്ക് ഫൗളായപ്പോൾ നീരജിന്റെ ജാവലിൻ മൂളിപ്പറന്ന് അതിരുകൾക്കപ്പുറം 88.36 മീറ്ററിൽ വീണപ്പോൾ ഗാലറിയിലും ആരവമായി.
എന്നാൽ, തന്റെ സ്വപ്നമായ ഒളിമ്പിക്സ് സ്വർണം നിലനിർത്താനായി ഇറങ്ങിപ്പുറപ്പെട്ട നീരജിന് സന്തോഷം നൽകുന്നതാണ് ദോഹയിലെ പ്രകടനം. കഴിഞ്ഞ ഒളിമ്പിക്സിൽ സ്വർണം നേടിയ പ്രകടനത്തേക്കാൾ ഒരു മീറ്ററോളം ദൂരം വെള്ളിയാഴ്ച ഖത്തറിൽ കണ്ടെത്താൻ കഴിഞ്ഞു.
മത്സരത്തെ കുറിച്ച് നീരജ് പ്രതികരിച്ചത് ഇങ്ങനെ ‘ഈ വർഷം എന്റെ ഏറ്റവും പ്രധാന മത്സരം പാരിസ് ഒളിമ്പിക്സ് തന്നെ. പക്ഷേ, ഡയമണ്ട് ലീഗും പ്രധാനമാണ്. സീസണിലെ ഓപണിങ് മത്സരമായിരുന്നു ഇത്. രണ്ടു സെ.മീറ്റർ വ്യത്യാസത്തിൽ രണ്ടാംസ്ഥാനത്തായത് നിരാശപ്പെടുത്തുന്നു. പക്ഷേ, അടുത്ത തവണ കൂടുതൽ ദൂരമെറിഞ്ഞ് വിജയം നേടുക തന്നെ ചെയ്യും’.
2023 ഒക്ടോബറിൽ ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുേമ്പാൾ 88.88 മീറ്ററും, അതേ വർഷം ദോഹ ഡയമണ്ട് ലീഗിൽ ഒന്നാമതെത്തുേമ്പാൾ 88.67 മീറ്ററുമായിരുന്നു നീരജ് താണ്ടിയത്. ലോകതാരങ്ങൾക്കൊപ്പമുള്ള മത്സരവും കഴിഞ്ഞ് ദോഹയിൽ നിന്നും നീരജ് നേരെ പറക്കുന്നത് ഇന്ത്യൻ ആഭ്യന്തര ചാമ്പ്യൻഷിപ്പായ ഫെഡറേഷൻ കപ്പ് അത്ലറ്റിക്സിലേക്കാണ്.
ഭുവനേശ്വറിൽ ഞായറാഴ്ച ആരംഭിക്കുന്ന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുമെന്ന് നീരജിന്റെ പരിശീലകൻ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. മൂന്നു വർഷത്തെ ഇടവേളക്കു ശേഷമാണ് താരം ഇന്ത്യയിൽ മാറ്റുരക്കുന്നത്. ഒളിമ്പിക്സിന് മുന്നോടിയായി കൂടുതൽ മത്സരപരിചയം എന്ന ലക്ഷ്യവുമായാണ് നീരജ് ദേശീയ ചാമ്പ്യൻഷിപ്പുകൾ ഉൾപ്പെടെ മത്സരങ്ങൾക്ക് ഇത്തവണ പരിഗണന നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.