ജോലി തേടി ഒളിമ്പിക് പരിശീലന ക്യാമ്പിൽ നിന്ന് മുങ്ങിയ ഉഗാണ്ട ഭാരോദ്വഹകൻ തിരിച്ചെത്തി
text_fieldsടോക്യോ: ജപ്പാനിലെ ഒളിമ്പിക് പരിശീലന ക്യാമ്പിൽ നിന്ന് കാണാതായ ഉഗാണ്ടയുടെ ഭാരോദ്വഹകൻ ജൂലിയസ് സെകിറ്റോലെകോ ക്യാമ്പിലേക്ക് തിരിച്ചെത്തി. ഒരു ജോലി കണ്ടെത്തണമെന്ന കുറിപ്പ് എഴുതി വെച്ചായിരുന്നു 20കാരനായ താരം സ്ഥലം വിട്ടത്. കോവിഡ് പരിശോധന നടത്തിയിട്ടില്ലാത്ത സെകിറ്റോലെകോയെ ഹോട്ടൽ മുറിയിൽ വെച്ചായിരുന്നു കാണാതായത്. അതോടെ അധികൃതർക്ക് വലിയ തലവേദനയായി മാറി. പിന്നാലെ തിരച്ചിൽ തുടങ്ങുകയായിരുന്നു.
താമസിച്ചിരുന്ന ഹോട്ടലിൽ നിന്ന് ഏറെ ദൂരെയുള്ള മൈ പ്രിഫെക്ചറിലെ ഒരു പോലീസ് സ്റ്റേഷനിലായിരുന്നു താരം സ്വമേധയാ പോയി റിപ്പോർട്ട് ചെയ്തത്. ഹോട്ടലിൽ നിന്ന് എവിടേക്കാണ് പോയതെന്നറിയാനായി സെകിറ്റോലെകോയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. മധ്യ ജപ്പാനിലെ നാഗോയ സ്റ്റേഷനിലേക്ക് പോകാനായി താരം ട്രെയിൻ ടിക്കറ്റ് വാങ്ങിയതായും റിപ്പോർട്ടുണ്ട്.
ക്വോട്ട സമ്പ്രദായം കാരണം ഗെയിംസിൽ പങ്കെടുക്കാൻ കഴിയാതെ വന്ന സെകിറ്റോലെകോ ജൂലൈ 20ന് നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നുവെന്ന് ഉഗാണ്ട വെയ്റ്റ്ലിഫ്റ്റിങ് ഫെഡറേഷൻ പ്രസിഡന്‍റ് സാം മുസോക് അറിയിച്ചിരുന്നു. എന്നാൽ, 'ജീവിക്കാൻ ബുദ്ധിമുട്ടുള്ള രാജ്യത്തേക്ക് മടങ്ങാൻ താൽപര്യമില്ലെന്നും ജപ്പാനിൽ ജോലി ചെയ്യുമെന്നും' കുറിപ്പെഴുതി താരം സ്ഥലംവിടുകയായിരുന്നു. അതേസമയം, തിരിച്ചെത്തിയെങ്കിലും സെകിറ്റോലെകോയുടെ കായിക രംഗത്തെ ഭാവി തുലാസിലാണ്. താരത്തെ പുറത്താക്കുമെന്ന് മുമ്പ് ഉഗാണ്ടൻ അധികൃതർ വ്യക്തമാക്കിയിരുന്നു.
അതേസമയം, ജൂൺ 19ന് ജപ്പാനിലെത്തിയ ഉഗാണ്ടൻ സംഘത്തിലെ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം ഒരാൾക്ക് കൂടി കോവിഡ് ബാധിച്ചതോടെ ഇവരുമായി അടുത്ത് ഇടപഴകിയ ആളുകളെ ക്വാറന്‍റീനിൽ പ്രവേശിപ്പിക്കേണ്ടതായി വന്നു.
ജൂലൈ 23 മുതൽ ജപ്പാനീസ് തലസ്ഥാനമായ ടോക്യോയിലാണ് ഒളിമ്പിക്സ് തുടങ്ങുന്നത്. വിശ്വ കായിക മാമാങ്കത്തിന് കൊടികയറാൻ ഒരാഴ്ച മാത്രം ശേഷിക്കേ ഒളിമ്പിക് വില്ലേജിലെ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.