യുക്രെയ്ൻ അധിനിവേശം: റഷ്യയുമായുള്ള കരാർ അവസാനിപ്പിച്ച് ഫോർമുല വൺ
text_fieldsറഷ്യൻ ഗ്രാൻഡ് പ്രീയുമായുള്ള കരാർ അവസാനിപ്പിച്ചതായും ഇനി റഷ്യയിൽ മത്സരമുണ്ടാകില്ലെന്നും ഫോർമുല വൺ അധികൃതർ വ്യാഴാഴ്ച പ്രസ്താവനയിൽ അറിയിച്ചു. സോചിയിലെ ഒളിമ്പിക് പാർക്കിൽ സെപ്റ്റംബറിൽ നിശ്ചയിച്ചിരുന്ന മത്സരം, റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞദിവസം റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി.
'റഷ്യൻ ഗ്രാൻഡ് പ്രിക്സ് പ്രൊമോട്ടറുമായുള്ള കരാർ അവസാനിപ്പിച്ചതായി ഫോർമുല വൺ സ്ഥിരീകരിക്കുകയാണ്. റഷ്യയിൽ ഇനി ഫോർമുല വൺ മത്സരമുണ്ടാകില്ല' -പ്രസ്താവനയിൽ പറഞ്ഞു. സെപ്റ്റംബറിലെ മത്സരം റദ്ദാക്കിയശേഷം മറ്റു നടപടികളെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. റഷ്യയിൽ ഇനി മത്സരം വേണ്ട എന്ന നിഗമനത്തിലാണ് ഇവർ എത്തിയത്. സമീപഭാവിയിൽ ഫോർമുല വൺ മത്സരങ്ങൾ റഷ്യയിലുണ്ടാകില്ല, പ്രത്യേകിച്ച് പുടിൻ അധികാരത്തിൽ തുടരുന്ന കാലത്തോളം.
നിലവിൽ ഫോർമുല വൺ ഗ്രിഡിലെ ഏക റഷ്യൻ താരമാണ് നികിത മസെപിൻ. കഴിഞ്ഞയാഴ്‌ച നടന്ന ബാഴ്‌സലോണ മത്സരത്തിന്റെ അവസാന ദിവസം, റഷ്യൻ പൊട്ടാഷ് നിർമാതാവും ടൈറ്റിൽ സ്‌പോൺസറുമായ യുറൽക്കലിയുമായി ബന്ധപ്പെട്ട എല്ലാ ബ്രാൻഡിംഗുകളും യു.എസ് ഉടമസ്ഥതയിലുള്ള ഹാസ് ടീം ഒഴിവാക്കിയതോടെ മസെപിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്.
2014ലാണ് റഷ്യൻ ഗ്രാൻഡ് പ്രിക്സ് ആരംഭിക്കുന്നത്. ഫോർമുല വൺ മത്സര ചടങ്ങുകളിൽ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ മുമ്പ് പങ്കെടുത്തിരുന്നു. കൂടാതെ സമ്മാനങ്ങളും വിതരണം ചെയ്തിട്ടുണ്ട്.
യുക്രെയ്ൻ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിൽ നേരത്തെ റഷ്യൻ ഫുട്‌ബാൾ ഫെഡറേഷന് ഫിഫ വിലക്കേർപ്പെടുത്തിയിരുന്നു. ഖത്തർ ലോകകപ്പിൽ റഷ്യ കളിക്കാനുള്ള സാധ്യത കുറവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.