യു.എസ് ഓപണിൽ വൻ വീഴ്ച: സിറ്റ്സിപാസും ഒസാകയും പുറത്ത്
text_fieldsന്യൂയോർക്: യു.എസ് ഓപൺ പുരുഷ, വനിത വിഭാഗങ്ങളിൽ വമ്പൻ അട്ടിമറി. മൂന്നാം സീഡുകളായ സ്റ്റെഫാനോസ് സിറ്റ്സിപാസും നവോമി ഒസാകയുമാണ് മൂന്നാം റൗണ്ടിൽ സീഡ് ചെയ്യപ്പെടാത്ത 18കാരായ എതിരാളികളോട് കൊമ്പുകുത്തി പെട്ടിമടക്കിയത്. ഫ്രഞ്ച് ഓപൺ റണ്ണറപ്പായ ഗ്രീക്ക് താരം സിറ്റ്സിപാസ് അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിൽ സ്പെയിനിെൻറ കാർലോസ് അൽകാറസിനോടാണ് തോറ്റത്. സ്കോർ: 6-3, 4-6, 7-6, 0-6, 7-6. 2018ലും 2020ലും ഫ്ലെഷിങ് മെഡോയിൽ കിരീടം നേടിയ ജപ്പാൻകാരി ഒസാക മൂന്നു സെറ്റ് മത്സരത്തിൽ കാനഡയുടെ ലൈല ഫെർണാണ്ടസിനോടാണ് അടിയറവ് പറഞ്ഞത്. സ്കോർ: 5-7, 7-6, 6-4.
സ്പെയിനിൽ ഇതിഹാസതാരം റാഫേൽ നദാലിെൻറ പിൻഗാമിയായി വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ലോക 55ാം റാങ്കുകാരനായ അൽകാറസ്. നാലു മണിക്കൂറിലേറെ നീണ്ട മത്സരത്തിൽ ജയിച്ച അൽകാറസ് പീറ്റ് സാംപ്രാസിനും മൈക്കൽ ചാങ്ങിനും ശേഷം യു.എസ് ഓപൺ പ്രീക്വാർട്ടറിലെത്തുന്ന പ്രായം കുറഞ്ഞ താരമായി. ആദ്യ സെറ്റ് കൈവിട്ട ശേഷമായിരുന്നു ലോക 125ാം റാങ്കുകാരിയായ ലൈല ഫെർണാണ്ടസ് ഒസാകയോട് ജയിച്ചുകയറിയത്.
പുരുഷ വിഭാഗത്തിൽ അഞ്ചാം സീഡ് ആന്ദ്രി റുബലേവും മൂന്നാം റൗണ്ടിൽ പുറത്തായി. സീഡില്ലാതാരം ഫ്രാൻസിസ് തിയഫോയാണ് 4-6, 6-3, 7-6, 4-6, 6-1ന് റുബലേവിനെ വീഴ്ത്തിയത്. രണ്ടാം സീഡ് ഡാനിൽ മെദ്വദേവ്, ഏഴാം സീഡ് ഡെന്നിസ് ഷാപലോവ്, 11ാം സീഡ് ഡീഗോ ഷ്വാർട്സ്മാൻ, 12ാം സീഡ് ഫെലിക്സ് അലിയാസിമെ തുടങ്ങിയവരും വനിതകളിൽ രണ്ടാം സീഡ് അറീന സബലേങ്ക, നാലാം സീഡ് കരോലിന പ്ലിസ്കോവ, അഞ്ചാം സീഡ് എലീന സ്വിറ്റോലിന, ആറാം സീഡ് ബിയാൻക ആന്ദ്രെസ്ക്യു, എട്ടാം സീഡ് ബാർബറ ക്രെചിക്കോവ, ഒമ്പതാം സീഡ് ഗാർബിൻ മുഗുരുസ തുടങ്ങിയവരും പ്രീക്വാർട്ടറിലേക്ക് മുന്നേറി.
സാനിയ-റാം സഖ്യം പുറത്ത്
ന്യൂയോർക്: യു.എസ് ഓപൺ മിക്സഡ് ഡബ്ൾസിൽ ഇന്ത്യയുടെ സാനിയ മിർസയും യു.എസിെൻറ രാജീവ് റാമുമടങ്ങിയ സഖ്യം ആദ്യ റൗണ്ടിൽ പുറത്തായി. യുക്രെയ്നിെൻറ ഡയാന യസ്ട്രംസ്ക-ആസ്ട്രേലിയയുടെ മാക്സ് പ്യുർസെൽ ജോടിയോടാണ് 6-3, 3-6, 10-7ന് തോറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.