അയോഗ്യതക്കെതിരായ അപ്പീൽ നൽകാൻ വൈകി; പി.ടി ഉഷ പാരീസ് ഒളിമ്പിക്സിനിടെ രാഷ്ട്രീയം കളിച്ചുവെന്ന് വിനേഷ് ഫോഗട്ട്
text_fieldsന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ മേധാവി പി.ടി ഉഷ പാരീസ് ഒളിമ്പിക്സിൽ രാഷ്ട്രീയം കളിച്ചുവെന്ന വിമർശനവുമായി ഇന്ത്യൻ ഗുസ്തിതാരം വിനേഷ് ഫോഗട്ട്. വിനേഷ് ഫോഗട്ട് ആശുപത്രിയിലായിരിക്കുമ്പോഴെത്തി ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിലാണ് അവരുടെ വിമർശനം. ഇത് ആത്മാർഥമായ പിന്തുണയായി തനിക്ക് തോന്നിയില്ലെന്ന വിമർശനമാണ് വിനേഷ് ഫോഗട്ട് ഉന്നയിച്ചിരിക്കുന്നത്.
പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിനേഷ് ഫോഗട്ടിന്റെ പരാമർശം. അയോഗ്യയാക്കിയതിനെതിരെ ഇന്ത്യ ഒളിമ്പിക് അസോസിയേഷൻ അപ്പീൽ നൽകാൻ വൈകിയെന്നും വിനേഷ് ഫോഗട്ട് വിമർശിച്ചു. താൻ മുൻകൈയെടുത്താണ് കായിക തർക്ക പരിഹാര കോടതിയിൽ അപ്പീൽ നൽകിയത്. അത്യാവശ്യസമയത്ത് വേണ്ട പിന്തുണ തനിക്ക് ലഭിച്ചില്ലെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു.
ഒരു ദിവസം കഴിഞ്ഞാണ് ഹരീഷ് സാൽവെ കേസിന്റെ ഭാഗമായി ചേർന്നത്. ഇന്ത്യയല്ല താൻ വ്യക്തിപരമായാണ് കേസ് നൽകിയത്. സർക്കാർ കേസിൽ മൂന്നാം കക്ഷിയായിരുന്നുവെന്നും ഫോഗട്ട് പറഞ്ഞു. ഗുസ്തി ഫെഡറേഷൻ നേതൃത്വത്തെ സംബന്ധിച്ച് വീണ്ടും വിനേഷ് ഫോഗട്ട് വിമർശനം ഉന്നയിച്ചു. സഞ്ജയ് സിങ്ങിൽ നിന്നും നല്ല ഫലമുണ്ടാവുമെന്ന് പ്രതീക്ഷിക്കാനാവില്ല. അയാളെ വിശ്വസിക്കാനാവില്ല. ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ ഡമ്മി സ്ഥാനാർഥിയാണ് സഞ്ജയ് സിങ്ങെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു.
നേരത്തെ പാരീസ് ഒളിമ്പിക്സിനിടെ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയിരുന്നു. ഭാരക്കൂടതലിന്റെ പേരിലായിരുന്നു അയോഗ്യത. തുടർന്ന് ഇതിനെതിരെ അപ്പീൽ നൽകിയെങ്കിലും ഹരജി കായിക തർക്ക പരിഹാര കോടതി ഹരജി അംഗീകരിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.