ഖേൽരത്ന, അർജുന അവാർഡുകൾ തിരിച്ചുനൽകുമെന്ന് വിനേഷ് ഫോഗട്ട്; പ്രധാനമന്ത്രിക്ക് തുറന്ന കത്ത്
text_fieldsന്യൂഡൽഹി: തനിക്ക് ലഭിച്ച ഖേൽരത്ന, അർജുന അവാർഡുകൾ തിരിച്ചുനൽകുമെന്ന് പ്രഖ്യാപിച്ച് ദേശീയ ഗുസ്തി താരം വിനേഷ് ഫോഗട്ട്. ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണമുയർന്ന ദേശീയ ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരെ നടപടിയില്ലാത്തതിലുള്ള പ്രതിഷേധം അറിയിച്ച് പ്രധാനമന്ത്രിക്കെഴുതിയ തുറന്ന കത്തിലൂടെയാണ് പ്രഖ്യാപനം. സമൂഹ മാധ്യമങ്ങളിലൂടെയാണ് താരം കത്ത് പുറത്തുവിട്ടത്.
‘സാക്ഷി മാലിക് ഗുസ്തി ഉപേക്ഷിച്ചു, ബജ്റംഗ് പുനിയ പത്മശ്രീ തിരികെ നൽകി. രാജ്യത്തിന് വേണ്ടി ഒളിമ്പിക്‌സ് മെഡൽ നേടിയ താരങ്ങൾ എന്തിനാണ് ഇതൊക്കെ ചെയ്യാൻ നിർബന്ധിതരായതെന്ന് രാജ്യത്തിനാകെ അറിയാം. നിങ്ങൾ രാജ്യത്തിന്റെ തലവനാണ്, അതിനാൽ ഈ കാര്യം നിങ്ങളിലേക്കും എത്തണം. പ്രധാനമന്ത്രി, ഞാൻ വിനേഷ് ഫോഗട്ട്, നിങ്ങളുടെ വീട്ടിലെ മകളാണ്, കഴിഞ്ഞ ഒരു വർഷമായി ഞാൻ അനുഭവിക്കുന്ന അവസ്ഥയെക്കുറിച്ച് നിങ്ങളോട് പറയാനാണ് ഞാൻ ഈ കത്തെഴുതുന്നത്. സാക്ഷി മാലിക് ഒളിമ്പിക്‌സിൽ മെഡൽ നേടിയ 2016 ഞാൻ ഓർക്കുന്നു. നിങ്ങളുടെ സർക്കാർ അവളെ ‘ബേട്ടി ബച്ചാവോ ബേഠി പഠാവോ’യുടെ ബ്രാൻഡ് അംബാസഡറാക്കി. ഇത് പ്രഖ്യാപിച്ചപ്പോൾ രാജ്യത്തെ എല്ലാ വനിതാ താരങ്ങളും സന്തോഷിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. ഇന്ന് സാക്ഷി ഗുസ്തി വിടേണ്ടി വന്നപ്പോൾ മുതൽ ആ വർഷം ഞാൻ വീണ്ടും വീണ്ടും ഓർക്കുകയാണ്. സർക്കാർ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടാൻ വേണ്ടി മാത്രമാണോ വനിതാ താരങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്?’ -കത്തിൽ വിനേഷ് ഫോഗട്ട് ചോദിച്ചു.
അന്തസോടെ ജീവിക്കാൻ ഒരു ഭാരമായി മാറാതിരിക്കാനാണ് ഖേൽരത്‌ന, അർജുന അവാർഡുകൾ തിരികെ നൽകുന്നതെന്നും കത്തിൽ പറഞ്ഞു. ഗുസ്തി താരങ്ങൾ മെഡൽ നേടുമ്പോൾ രാജ്യത്തിന്റെ അഭിമാനമായി കണക്കാക്കപ്പെട്ടിരുന്നെന്നും എന്നാൽ അവർ നീതി ആവശ്യപ്പെട്ടപ്പോൾ രാജ്യദ്രോഹികളായി മുദ്രകുത്തപ്പെടുകയാണെന്നും ഇതിൽ ചൂണ്ടിക്കാട്ടി.
ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന്റെ വിശ്വസ്തർ ഗുസ്തി ഫെഡറേഷൻ തലപ്പത്തെത്തിയതിൽ പ്രതിഷേധിച്ച് ഒളിമ്പിക്സ് മെഡൽ ജേതാവ് കൂടിയായ സാക്ഷി മാലിക് ഗുസ്തി അവസാനിപ്പിക്കുന്നതായി പ്രഖ്യാപിക്കുകയും ബജ്റംഗ് പുനിയ പത്മശ്രീ പുരസ്കാരം തിരികെ നൽകുമെന്ന് അറിയിക്കുകയും ചെയ്തതിന് പിന്നാലെയാണ് വിനേഷ് ഫോഗട്ടിന്റെ പ്രഖ്യാപനം. ബ്രിജ്ഭൂഷണെതിരായ ലൈംഗിക ആരോപണത്തെ തുടർന്ന് സാക്ഷി മാലികിനും ബജ്റംഗ് പുനിയക്കുമൊപ്പം സമരത്തിന് നേതൃത്വം നൽകിയവരിൽ ഒരാളായിരുന്നു വിനേഷ് ഫോഗട്ട്. രാജ്യത്തിന് വേണ്ടി ദേശീയ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും സ്വർണമെഡൽ നേടിയ താരമാണ് വിനേഷ് ഫോഗട്ട്.
താരങ്ങളുടെ കടുത്ത തീരുമാനങ്ങളെ തുടർന്ന് സമ്മർദത്തിലായ കേന്ദ്ര സർക്കാർ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഗുസ്തി ഫെഡറേഷന്റെ പുതിയ ഭരണ സമിതിയെ സസ്പെൻഡ് ചെയ്തിരുന്നു. ചില നല്ല കാര്യങ്ങൾ സംഭവിക്കുന്നതിലേക്കുള്ള ആദ്യ ചുവടാണ് പുതിയ കമ്മിറ്റിയെ സസ്പെൻഡ് ചെയ്ത നടപടിയെന്നും തങ്ങളെന്തിനാണ് പോരാടുന്നതെന്ന് സർക്കാറിന് കൂടുതൽ മനസ്സിലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സാക്ഷി മാലിക് ഇതിൽ പ്രതികരിച്ചിരുന്നു. ഒരു വനിത പ്രസിഡന്റ് ഉണ്ടായിരുന്നെങ്കിൽ തങ്ങൾ കൂടുതൽ സുരക്ഷിതരായേനെയെന്നും രാജ്യത്തെ സഹോദരിമാർക്കും പെൺമക്കൾക്കും വേണ്ടിയുള്ള പോരാട്ടമാണിതെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ, പത്മശ്രീ തിരിച്ചുനൽകിയ തീരുമാനം നീതി നടപ്പാവും വരെ പുനഃപരിശോധിക്കില്ലെന്ന് ഒളിമ്പിക് മെഡൽ ജേതാവും ഗുസ്തി താരങ്ങളുടെ പ്രക്ഷോഭത്തിലെ മുന്നണിപ്പോരാളിയുമായ ബജ്റംഗ് പുനിയ പിന്നീട് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.