ദേശീയ ഗെയിംസിൽ നിന്ന് വോളിബാൾ ഒഴിവാക്കിയത് എന്തിന്?; ഒളിമ്പിക്സ് അസോസിയേഷന്‍ അടക്കമുള്ളവരോട് ഹൈകോടതി
text_fieldsകൊച്ചി: ദേശീയ ഗെയിംസിൽ നിന്ന് വോളിബാൾ ഒഴിവാക്കിയത് എന്തിനെന്ന് ഹൈകോടതി. വോളിബാൾ താരങ്ങളും കോച്ചും ഉൾപ്പെടുന്ന ഒമ്പത് പേർ നൽകിയ ഹരജിയിലാണ് കോടതി ചോദ്യം ഉന്നയിച്ചത്. ഒളിമ്പിക്സ് അസോസിയേഷന്‍, ഇന്ത്യൻ വോളിബാൾ ഫെഡറേഷന്‍, സംസ്ഥാന സർക്കാർ എന്നീ എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ച ഹൈകോടതി ഹരജി നാളെ വീണ്ടും പരിഗണിക്കാനായി മാറ്റി.
ഇന്ത്യൻ വോളിബാൾ ഫെഡറേഷന്‍റെ പുതിയ ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ നിലവിലുണ്ട്. ഇതു കാരണം ഫെഡറേഷന് അംഗീകാരം ലഭിക്കാത്ത സാഹചര്യമുണ്ടായി. പ്രശ്നപരിഹാരത്തിന് കേന്ദ്ര കായിക മന്ത്രാലയം ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷനോട് നിർദേശിച്ച പ്രകാരം അഡ്ഹോക്ക് കമ്മിറ്റി നിലവിൽ വന്നിട്ടുണ്ട്.
എന്നാൽ, ദേശീയ ഗെയിംസിനുള്ള വോളിബാൾ ടീമുകളെ തെരഞ്ഞെടുക്കാനുള്ള സാവകാശം അഡ്ഹോക്ക് കമ്മറ്റിക്ക് ലഭിച്ചില്ല. ഈ സാഹചര്യത്തിൽ ദേശീയ ഗെയിംസിന് ടീമുകളെ അയക്കേണ്ടതില്ലെന്ന് ഒളിമ്പിക്സ് അസോസിയേഷൻ തീരുമാനിച്ചു. ഇതേതുടർന്നാണ് ദേശീയ ഗെയിംസ് കായിക ഇനത്തിൽ നിന്ന് വോളിബാളിനെ ഒഴിവാക്കിയത്.
ഒളിമ്പിക്സ് അസോസിയേഷന്‍റെ ഈ തീരുമാനത്തെ ചോദ്യം ചെയ്താണ് താരങ്ങളും കോച്ചും ഹൈകോടതിയെ സമീപിച്ചത്. അസോസിയേഷന്‍റെ നടപടി വിവേചനപരവും താരങ്ങളുടെ അവസരം നിഷേധിക്കുന്നതുമാണെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ, വോളിബാളിനെ ഗോവയിൽ നടക്കുന്ന 37-മത് ദേശീയ ഗെയിംസിൽ ഉൾപ്പെടുത്തണമെന്നും കോടതിയിൽ ആവശ്യപ്പെട്ടു.
ഷെഡ്യൂൾ പ്രകാരം നവംബർ ഒന്നിനാണ് വോളിബാൾ മത്സരം നടക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.