ലോക അത്‍ലറ്റിക് ചാമ്പ്യൻഷിപ്പിന് സമാപനം; ഡുപ്ലാന്റിസിനും അമൂസനും ലോക റെക്കോഡ്
text_fieldsയൂജീൻ (യു.എസ്): ഓറിഗൺ ലോക അത്‍ലറ്റിക് ചാമ്പ്യൻഷിപ്പിന് സമാപനംകുറിച്ച ദിവസം പിറന്നത് രണ്ടു ലോക റെക്കോഡുകൾ. പുരുഷ പോൾവാൾട്ടിൽ സ്വീഡന്റെ അർമാൻഡ് ഡുപ്ലാന്റിസും വനിത 100 മീ. ഹർഡ്ൽസിൽ നൈജീരിയയുടെ ടോബി അമൂസനുമാണ് ലോകത്തെ മികച്ച പ്രകടനങ്ങൾ സ്വന്തം പേരിൽ കുറിച്ചത്.
പോളിൽ കുത്തി 6.21 മീറ്റർ ഉയർന്നുചാടിയാണ് 22കാരനായ ഡുപ്ലാന്റിസ് അഞ്ചാം തവണയും ലോക റെക്കോഡ് തിരുത്തിയത്. വെള്ളിയും വെങ്കലവും കരസ്ഥമാക്കിയ യു.എസിന്റെ ക്രിസ് നീൽസണും ഫിലിപ്പീൻസിന്റെ ഏണസ്റ്റ് ഒബിയേനയും 5.94 മീറ്ററിൽ ഒതുങ്ങിയേടത്താണ് ഡുപ്ലാന്റിസ് 6.21 മീറ്ററിലേക്ക് ഉയർന്നുചാടിയത്. ആറു മീറ്റർ ചാടി സ്വർണമുറപ്പിച്ച താരം 6.06 മീറ്റർ ചാടി ചാമ്പ്യൻഷിപ് റെക്കോഡ് സ്വന്തം പേരിലാക്കിയശേഷം ലോക റെക്കോഡിലേക്ക് പറന്നിറങ്ങുകയായിരുന്നു. 6.21 മീറ്റർ മറികടക്കാനുള്ള ആദ്യ ശ്രമം പാഴായതിനുപിന്നാലെ രണ്ടാം ശ്രമത്തിൽ ബാർ തട്ടാതെ ഡുപ്ലാന്റിസ് ഉയർന്നുതാഴ്ന്നപ്പോൾ പുതുറെക്കോഡ് പിറന്നു. 48ാം തവണ ആറു മീറ്റർ പിന്നിട്ട ഡുപ്ലാന്റിസ് അക്കാര്യത്തിൽ ഇതിഹാസതാരം സെർജി ബുബ്കയെയും മറികടന്നു.
വനിതകളുടെ 100 മീറ്റർ ഹർഡ്ൽസ് സെമിഫൈനലിൽ 12.12 സെക്കൻഡിൽ ഫിനിഷ് ചെയ്ത ടോബി അമൂസൻ യു.എസിന്റെ കെനി ഹാരിസണിന്റെ പേരിലുള്ള 12.20 സെക്കൻഡിന്റെ റെക്കോഡാണ് മായ്ച്ചത്. ഫൈനലിൽ 12.06 സെക്കൻഡിൽ അതിലും മികച്ച സമയത്തിൽ ഫിനിഷ് ചെയ്താണ് 25കാരി സ്വർണം നേടിയതെങ്കിലും കാറ്റിന്റെ ആനുകൂല്യം അനുവദിച്ചതിലും കൂടുതലായതിനാൽ അത് റെക്കോഡായി പരിഗണിക്കപ്പെട്ടില്ല. പ്യൂർട്ടോറിക്കോയുടെ ഒളിമ്പിക് ചാമ്പ്യൻ ജാസ്മിൻ ക്വിൻ (12.23 സെ.) വെള്ളിയും യു.എസിന്റെ ആലിയ ആംസ്ട്രോങ് (12.31 സെ.) വെങ്കലവും നേടി.
4x400 മീ. റിലേ സ്വർണങ്ങൾ യു.എസിന്
4x400 മീ. റിലേയിൽ പുരുഷ, വനിത വിഭാഗങ്ങളിൽ ജേതാക്കളായി യു.എസ് ടീമുകൾ ചാമ്പ്യൻഷിപ്പിന്റെ അവസാനം തങ്ങളുടേതാക്കി. പുരുഷ വിഭാഗത്തിൽ എലിയ ഗോഡ്‍വിൻ, മൈക്കൽ നോർമൻ, ബ്രൈസ് ഡെഡ്മൻ, ചാമ്പ്യൻ അലിസൺ എന്നിവരും വനിതകളിൽ താലിത ഡിഗ്സ്, അബി സ്റ്റെയ്നർ, ബ്രിട്ടൻ വിൽസൺ, സിഡ്നി മക്‍ലാഫ്‍ലിൻ എന്നിവരുമാണ് യു.എസിനായി റിലേയിൽ ബാറ്റണേന്തിയത്.
പുരുഷ ടീം 2:56.17 സെക്കൻഡിലാണ് ഒന്നാമതെത്തിയത്. ജമൈക്ക (2:58.58 സെ.) വെള്ളിയും ബൽജിയം (2:59.51 സെ.) വെങ്കലവും കരസ്ഥമാക്കി. വനിതകളിൽ 400 മീറ്റർ ഹർഡ്ൽസിൽ കഴിഞ്ഞദിവസം ലോക റെക്കോഡോടെ സ്വർണം നേടിയ മക്‍ലാഫ്‍ലിന്റെ തകർപ്പൻ കുതിപ്പിൽ 3:17.79 സെക്കൻഡിലായിരുന്നു യു.എസിന്റെ സ്വർണക്കുതിപ്പ്. 47.91 സെക്കൻഡിലാണ് മക്‍ലാഫ്‍ലിൻ ലാപ് പൂർത്തിയാക്കിയത്. ജമൈക്ക (3:20.74 സെ.) വെള്ളിയും ബ്രിട്ടൻ (3:22.64 സെ.) വെങ്കലവും സ്വന്തമാക്കി.
13 സ്വർണം 33 മെഡൽ; യു.എസ് തലപ്പത്ത്
ലോക അത്‍ലറ്റിക്സിലെ അതികായരായ യു.എസ് തന്നെ പതിവുപോലെ ലോക ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനത്ത്. സ്വന്തം നാട്ടിൽ നടന്ന ചാമ്പ്യൻഷിപ്പിലും കിരീടം കൈവിടാതിരുന്ന അവർ മെഡൽനേട്ടം ഉയർത്തുകയും ചെയ്തു.
കഴിഞ്ഞതവണത്തേക്കൾ മൂന്നു മെഡൽ കൂടുതൽ നേടിയ യു.എസ് ഇത്തവണ 33 മെഡലുകളാണ് സ്വന്തമാക്കിയത്. 13 സ്വർണം, ഒമ്പത് വെള്ളി, 11 വെങ്കലം എന്നിങ്ങനെയായിരുന്നു യു.എസിന്റെ മെഡൽ നേട്ടം. 10 മെഡലുകൾ നേടിയ ഇത്യോപ്യ, ജമൈക്ക, കെനിയ തുടങ്ങിയ രാജ്യങ്ങളാണ് അടുത്ത സ്ഥാനങ്ങളിൽ. നീരജ് ചോപ്രയുടെ വെള്ളിയിലൂടെ മെഡൽപട്ടികയിൽ ഇടംപിടിച്ച ഇന്ത്യ 33ാം സ്ഥാനത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.