അഖിലേഷ് യാദവിന് സത്യമറിയാവുന്നത് കൊണ്ടാണ് പ്രതിഷേധക്കാരെ സന്ദർശിക്കാത്തത് -ബ്രിജ് ഭൂഷൺ സിങ്
text_fieldsന്യൂഡൽഹി: റസ്‍ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യു.എഫ്.ഐ) പ്രസിഡന്റ് ബ്രിജ് ഭൂഷൺ സിങ്ങിനെതിരായ താരങ്ങളുടെ പ്രതിഷേധം ഒമ്പതാം ദിവസവും തുടരുമ്പോൾ, തനിക്കെതിരെ കോൺഗ്രസ് നടത്തുന്ന ഒളിയജണ്ടയാണ് സമരമെന്ന പുതിയ ആരോപണവുമായി ബ്രിജ് ഭൂഷൺ രംഗത്ത്. ഒരു കുടുംബവും ഒരു ഗോദയുമാണ് ആരോപണങ്ങൾക്ക് പിന്നിലെന്ന് ബ്രിജ് ഭൂഷൺ പറഞ്ഞു.
തന്റെ പ്രതിഛായ നശിപ്പിക്കാനാണ് വ്യാജ ആരോപണങ്ങളുമായി താരങ്ങൾ രംഗത്തെത്തിയിരിക്കുന്നത്. 90 ശതമാനം താരങ്ങൾക്കും അവരുടെ രക്ഷിതാക്കൾക്കും ഗുസ്തി ഫെഡറേഷനിൽ വിശ്വാസമുണ്ട്. തനിക്കെതിരെ പരാതിയുമായി രംഗത്തെത്തിയ സ്ത്രീകളെല്ലാം ഒരു കുടംബത്തിൽ നിന്നും ഒരേ ഗോദയിൽ നിന്നുമുള്ളവരാണ്. മഹാദേവ് റസ്‍ലിങ് അക്കാദമിയിൽ നിന്നുള്ളവരാണ് സ്ത്രീകളെല്ലാം. കോൺഗ്രസ് നേതാവ് ദീപേന്ദർ സിങ് ഹൂഡയാണ് അതിന്റെ രക്ഷാധികാരി. -ബ്രിജ് ഭൂഷൺ സിങ് ആരോപിച്ചു.
പ്രത്യേകിച്ച് കാരണമൊന്നും കൂടാതെ പ്രതിഷേധക്കാർ ഇപ്പോർ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും പറഞ്ഞ് തുടങ്ങിയിരിക്കുന്നു. പ്രതിഷേധക്കാരെല്ലാം ഇന്ത്യൻ റെയിൽവേ ജീവനക്കാരാണ്. നിങ്ങൾക്ക് ജന്തർ മന്തിറിൽ നിന്ന് നീതി ലഭിക്കില്ല. നീതിവേണമെങ്കിൽ പൊലീസിനെയും കോടതിയെയും സമീപിക്കണം. അവർ അത് ഇതുവരെയും ചെയ്തിട്ടില്ല. വെറുതെ അധിക്ഷേപിക്കുക മാത്രം ചെയ്യുന്നു. കോടതി തീരുമാനം എന്തായാലും അത് അംഗീകരിക്കും. - ബ്രിജ് ഭൂഷൺ പറഞ്ഞു.
എല്ലാ പ്രമുഖ പ്രതിപക്ഷ നേതാക്കളും ഗുസ്തി താരങ്ങളെ കണ്ടപ്പോഴും സമാജ്‍വാദി പാർട്ടി നേതാവും യു.പി പ്രതിപക്ഷ നേതാവുമായ അഖിലേഷ് യാദവ് പ്രതിഷേധക്കാരെ സന്ദർശിക്കാത്തത് അദ്ദേഹത്തിന് സത്യമറിയാവുന്നതുകൊണ്ടാണെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു.
അഖിലേഷ് യാദവിന് സത്യമറിയാം. ഞങ്ങൾക്ക് കുട്ടിക്കാലം മുതൽ തന്നെ പരസ്പരം അറിയാം. യു.പിയിലെ 80 ശതമാനം ഗുസ്തിക്കാരും സമാജ്‍വാദി പാർട്ടി ആശയങ്ങളുള്ള കുടുംബത്തിൽ നിന്നുള്ളവരാണ്. അവരെന്നെ നേതാജി എന്ന് വിളിക്കുന്നു. അവരുടെ നേതാജി എങ്ങനെയാണെന്ന് അവർ പറയും. - ബ്രിജ് ഭൂഷൺ അവകാശപ്പെട്ടു.
അതേസമയം, ബ്രിജ് ഭൂഷൺ സിങ്ങിനെതിരായ ലൈംഗികാരോപണ പരാതിയിൽ ഗുസ്‌തി താരങ്ങൾക്കെതിരെ ഒളിമ്പിക്സ് മെഡൽ ജേതാവ് യോഗേശ്വർ ദത്തും രംഗത്തെത്തി. നടപടി വേണമെങ്കിൽ താരങ്ങൾ മൂന്ന് മാസം മുൻപ് തന്നെ പൊലീസിൽ പരാതിപ്പെടണമായിരുന്നുവെന്നായിരുന്നു യോഗേശ്വർ ദത്തിന്റെ വിമർശനം. പരാതി നൽകാതെ വീട്ടിലിരുന്നാൽ പൊലീസ് നടപടി എടുക്കില്ലെന്നും യോഗേശ്വർ ദത്ത് പറഞ്ഞു.
ഗുസ്തി താരങ്ങളുടെ പരാതി അന്വേഷിക്കാൻ നിയോഗിച്ച സമിതിയിൽ അംഗമായിരുന്നു യോഗേശ്വർ ദത്ത്. പ്രതിഷേധം തുടരുമ്പോഴും രാജിവെക്കില്ലെന്ന നിലപാടിലാണ് ബ്രിജ് ഭൂഷൺ. ഗുസ്തിക്കാർക്ക് ഓരോ ദിവസവും ഓരോ ആവശ്യങ്ങളാണെന്നും ബ്രിജ് ഭൂഷൺ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം ബ്രിജ് ഭൂഷണിനെതിരെ പൊലീസ് കേസ് എടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.