കഴിഞ്ഞ വർഷത്തെ ഫ്രഞ്ച് ഓപണിൽ ഒത്തുകളി; റഷ്യൻ താരം യാന സിസികോവ അറസ്റ്റിൽ
text_fieldsപാരിസ്: കഴിഞ്ഞ വർഷത്തെ ഫ്രഞ്ച് ഓപൺ ടെന്നീസ് ടൂർണമെന്‍റിലെ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് റഷ്യൻ വനിതാ താരം അറസ്റ്റിൽ. ലോക 765ാം നമ്പർ താരം റഷ്യയുടെ യാന സിസികോവയാണ് അറസ്റ്റിലായത്.
കഴിഞ്ഞ വർഷത്തെ ഫ്രഞ്ച് ഓപണിനിലെ ഒരു ഡബിൾസ് മത്സരത്തിൽ സിസികോവ ഒത്തുകളിച്ചതായി വ്യക്തമായ സാഹചര്യത്തിലാണ് അറസ്റ്റെന്ന് ഫ്രഞ്ച് ദിനപ്പത്രമായ 'ലെ പാരിസിയൻ' റിപ്പോർട്ട് ചെയ്യുന്നു. ഇത്തവണ ഫ്രഞ്ച് ഓപണിൽ സിസികോവ ഉൾപ്പെട്ട സഖ്യം ആദ്യ റൗണ്ടിൽ തോറ്റ് പുറത്തായിരുന്നു.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന ഫ്രഞ്ച് ഓപണിൽ വനിതാ വിഭാഗത്തിലെ ഒരു ഡബിൾസ് മത്സരത്തിലാണ് ഒത്തുകളി വിവാദം ഉയർന്നത്. സിസികോവയും യു.എസ് താരം മാഡിസൻ ബ്രെംഗിളും അടങ്ങിയ സഖ്യവും റുമാനിയൻ താരങ്ങളായ ആൻഡ്രിയ മിട്ടു–പട്രീഷ്യ മാരി സഖ്യവും തമ്മിലുള്ള മത്സരത്തിലാണ് ഒത്തുകളി ആരോപണമുണ്ടായത്.
ഈ മത്സരവുമായി ബന്ധപ്പെട്ട് ഫ്രാൻസിനു പുറത്ത് വിവിധ രാജ്യങ്ങളിൽ വൻതോതിൽ വാതുവെപ്പ് നടന്നതോടെയാണ് ചില മാധ്യമങ്ങൾ ഒത്തുകളി ആരോപണം ഉയർത്തിയത്. ഇതേക്കുറിച്ചുള്ള പരാതികളും പിന്നീട് വ്യാപകമായി. മത്സരത്തിൽ സിസികോവ ചില 'അസാധാരണ പിഴവു'കൾ ആവർത്തിച്ചതായി അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തതോടെയാണ് അറസ്റ്റ്.
ഇത്തവണ ഫ്രഞ്ച് ഓപണിൽ റഷ്യയിൽനിന്നുള്ള സഹതാരം എക്തെരീന അലെക്സാൻഡ്രോവയ്‌ക്കൊപ്പമാണ് സിസികോവ ഡബിൾസിൽ മത്സരിച്ചത്. ആദ്യ റൗണ്ടിൽ ഓസ്ട്രേലിയയിൽ നിന്നുള്ള സ്റ്റോം സാൻഡേഴ്സ്–അജ്‌ല ടോംജനോവിച്ച് സഖ്യത്തോട് 6–1, 6–1 എന്ന സ്കോറിന് ഇവർ തോൽക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.