യൂട്യൂബ് പോൾവാട്ടും പഠിപ്പിക്കും, നിരഞ്ജന്റെ സ്വർണത്തിന് പത്തരമാറ്റ്
text_fieldsതിരുവനന്തപുരം: യൂട്യൂബിൽ കണ്ടുപഠിച്ച ടെക്നിക്കുകളുമായി ജീവിതത്തിൽ ആദ്യമായി പോൾവാട്ടിൽ മത്സരിക്കാനിറങ്ങിയ എം. നിരഞ്ജൻ പറന്നെടുത്തത് പത്തരമാറ്റ് സ്വർണം. സീനിയർ ആൺകുട്ടികളുടെ മത്സരത്തിലാണ് കായികാധ്യാപകരെയും എതിരാളികളെയും സുഹൃത്തുകളെയും ഞെട്ടിച്ച് മടവൂർ എൻ.എസ്.എസ്.എച്ച്.എസ്.എസിലെ പ്ലസ് ടുക്കാരൻ സംസ്ഥാന കായികമത്സരത്തിന് യോഗ്യത നേടിയത്.
സ്പോർട്സിനെ ജീവനുതുല്യം ഇഷ്ടമാണെങ്കിലും സ്കൂൾ കായികമേളയിൽ ആദ്യമായാണ് നിരഞ്ജൻ മത്സരത്തിനിറങ്ങുന്നത്. പള്ളിക്കൽ യു.പി സ്കൂളിലെ അധ്യാപകനായ പിതാവ് മനോജ് കുമാർ പ്രോത്സാഹനവുമായി രംഗത്തുണ്ടെങ്കിലും ഒറ്റക്കാര്യമേ പറഞ്ഞിട്ടുള്ളൂ.
‘പഠനത്തിനാകണം മുൻഗണന, അതിനോടൊപ്പം നിനക്ക് പറ്റുമെങ്കിൽ സ്പോർട്സും കൊണ്ടുപൊയ്ക്കോ’. അങ്ങനെയാണ് ആദ്യമായി ഈ വർഷത്തെ ജില്ല കായികമേളയിൽ പങ്കെടുക്കുന്നത്. റിലേയിലും 200 മീറ്റർ ഓട്ടത്തിലും പങ്കെടുത്തെങ്കിലും പരാജയമായിരുന്നു ഫലം. തുടർന്നാണ് കൂട്ടുകാരുടെ നിർദേശപ്രകാരം പോൾവാട്ടിൽ മത്സരിക്കാനിറങ്ങിയത്.
ശരീരത്തിനൊപ്പം സാങ്കേതികവശങ്ങളും ഒരുപോലെ വഴങ്ങേണ്ട കായികയിനത്തിന് യൂട്യൂബായിരുന്നു ഏക ആശ്രയം. ഒടുവിൽ ജീവിതത്തിൽ നാളിതുവരെ ഫൈബർ പോളുപോലും കണ്ടിട്ടില്ലാത്ത നിരഞ്ജൻ ആദ്യമായി സബ്ജില്ലയിൽ മത്സരിക്കാനിറങ്ങിയെങ്കിലും മത്സരാർഥികൾ കുറവായിരുന്നതിനാൽ മത്സരം ഉണ്ടായില്ല. പകരം പോൾ പിടിക്കാനറിയാമെന്ന് തോന്നിയ നിരഞ്ജനടക്കം മൂന്നുപേരെ ആദ്യ മൂന്ന് സ്ഥാനങ്ങൾ നൽകി സംഘാടകർ ജില്ല മത്സരത്തിന് അയച്ചു.
ഇന്നലെ കാര്യവട്ടം എൽ.എൻ.സി.പി.ഇ സ്റ്റേഡിയത്തിലെത്തിയപ്പോഴാണ് നിരഞ്ജൻ ആദ്യമായി പോൾവാൾട്ടിൽ പരിശീലനം നടത്തുന്നത്. എതിരാളികൾ കൊണ്ടുവന്ന മുളയിൽ യൂട്യൂബിൽനിന്ന് കേട്ട ടെക്നിക്കുകൾ ഓർമയിൽ നിന്നെടുത്ത് ആദ്യം പരിശീലന ചാട്ടങ്ങൾ.
ചാട്ടം വിജയിച്ചതോടെ ആത്മവിശ്വാസമായി. രണ്ട് മീറ്ററായിരുന്നു സീനിയർ വിഭാഗം ആൺകുട്ടികൾക്ക് മുന്നിൽ മുന്നിൽവെച്ച ആദ്യ ഉയരം. എന്നാൽ, നിരഞ്ജനൊഴികെ മറ്റൊരാൾക്കും ഈ ഉയരം താണ്ടാനായില്ല. ഇതോടെ സംസ്ഥാന മത്സരത്തിന് യോഗ്യൻ നിരഞ്ജൻ മാത്രമായി. നിരഞ്ജന്റെ ചാട്ടം കണ്ട ഒഫിഷ്യലുകൾ ഉയരം 2.30 മീറ്ററിലേക്ക് ഉയർത്തിയെങ്കിലും ഇതും ഈ പ്ലസ് ടുകാരൻ മറികടന്നു.
ഒടുവിൽ 2.50 മീറ്ററിന് മുന്നിലാണ് താരം തോൽവി സമ്മതിച്ചത്. മടവൂർ അയണിക്കാട്ടുകോണം ലക്ഷ്മി വിലാസത്തിൽ മനോജ്കുമാർ -ശ്രീകല ദമ്പതികളുടെ മകനായ ഈ മിടുക്കൻ 17ന് വെറുംകൈയോടെയാണ് സംസ്ഥാനതലത്തിൽ തിരുവനന്തപുരത്തിനായി മത്സരിക്കാനിറങ്ങുന്നത്. തൃശൂരിൽ സംഘാടകർ പോൾ നൽകിയാൽ മത്സരിക്കാനാകും. അല്ലേൽ എതിരാളികൾ കനിയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.