ഗുകേഷിന്റെ ചാമ്പ്യൻഷിപ്പിൽ ഒപ്പമുണ്ട്, ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയപ്പോഴുമുണ്ട്! അറിഞ്ഞിരിക്കണം ഈ ദക്ഷിണാഫ്രിക്കക്കാരനെ
text_fieldsഇന്ത്യയൊട്ടാകെ ആഘോഷിക്കുന്ന ഡി ഗുകേഷിന്‍റെ ലോക ചെസ് ചാമ്പ്യൻഷിപ്പ് നേട്ടത്തിൽ ആഹ്ലാദിക്കുന്ന മറ്റൊരാള്‍ കൂടിയുണ്ട്. ഗുകേഷിന്റെ മെന്റല്‍ കോച്ചായ പാഡി ആപ്റ്റന്‍. എന്നാൽ ഗുകേഷിന്റെ നേട്ടത്തിൽ മാത്രമല്ല. കഴിഞ്ഞ കുറച്ചു കാലമായുള്ള ഇന്ത്യയുടെ കായിക നേട്ടങ്ങളിലെല്ലാം ഈ ദക്ഷിണാഫ്രിക്കക്കാരന്‍ വഹിച്ച പങ്ക് ചെറുതല്ല.
2011 ൽ 28 വർഷങ്ങൾക്ക് ശേഷം ഇന്ത്യ ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടിയപ്പോൾ മാനസിക കരുത്തു പകര്‍ന്നു പിന്നണിയില്‍ ടീമിന്‍റെ മെന്‍റൽ കോച്ചായി ആപ്റ്റനുണ്ടായിരുന്നു. കായികമായ കഴിവുകൾ പോലെ തന്നെ മാനസികമായ പരീക്ഷണങ്ങളെയും കൂടി മറികടന്നാണല്ലോ വമ്പൻ മത്സരങ്ങൾ വിജയിക്കുന്നത്.
ഇടവേളയ്ക്ക് ശേഷം ഒളിമ്പിക്സ് ഹോക്കിയില്‍ പുരുഷ ടീം ടോക്യോ ഒളിംപിക്‌സ് വെങ്കലം നേടുമ്പോഴും ആ നേട്ടം പാരിസില്‍ ആവര്‍ത്തിച്ചപ്പോഴും ടീമിനൊപ്പമുണ്ടായിരുന്ന മെന്‍റൽ കോച്ച് പാഡി ആപ്റ്റന്‍ തന്നെയാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ കരിയറില്‍ മറ്റൊരു ലോക കിരീടത്തിന്‍റെ തിളക്കം കൂടി.
ആറ് മാസം മുമ്പാണ് പാഡി ആപ്റ്റൺ ഗുകേഷിന്‍റെ മെന്‍റൽ പരിശീലക സ്ഥാനത്തേക്കെത്തിയത്. അദ്ദേഹത്തിന്റെ സാന്നിധ്യം തന്‍റെ വിജയത്തില്‍ വലിയ റോള്‍ വഹിച്ചിട്ടുണ്ടെന്നു ഗുകേഷ് പറയുന്നു. മത്സരത്തില്‍ പിന്നിലാകുമ്പോഴെല്ലാം അദ്ദേഹത്തിന്റെ പരിശീലന മുറകളാണ് സമ്മര്‍ദ്ദത്തെ അതിജീവിച്ച് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ സഹായിച്ചതെന്നു ഗുകേഷ് പറയുന്നു.
സ്‌പോര്ട്‌സ് സയന്റിസ്റ്റും യുണിവേഴ്‌സിറ്റി പ്രൊഫസറുമായ പാഡി ദക്ഷിണാഫ്രിക്കയില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ച താരമാണ്, ചെസും അദ്ദേഹത്തിന് വഴങ്ങും. ശ്രദ്ധേയരായ ഒരുപാട് താരങ്ങള്‍ക്കൊപ്പം പ്രവൃത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. 2011 ലോകകപ്പിൽ പ്രധാന പരിശീലകനായ ഗാരി കേഴ്സ്റ്റണിന്‍റെ ടീമിനൊപ്പമായിരുന്നു പാഡി ജോലി ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.