വീണ്ടും തകർന്നടിഞ്ഞ് പാകിസ്താൻ; ടെസ്റ്റ് പരമ്പരയിൽ ചരിത്ര നേട്ടത്തിനൊരുങ്ങി ബംഗ്ലാദേശ്
text_fieldsറാവൽപിണ്ടി: പാകിസ്താനെ അവരുടെ മണ്ണിൽ ടെസ്റ്റ് പരമ്പരയിൽ തൂത്തുവാരുകെയന്ന ചരിത്ര നേട്ടത്തിനരികെ ബംഗ്ലാദേശ്. ആദ്യ ടെസ്റ്റിൽ 10 വിക്കറ്റ് ജയവുമായി ആദ്യമായി പാകിസ്താനെതിരെ ടെസ്റ്റ് ജയം സ്വന്തമാക്കിയ ബംഗ്ലാദേശുകാർക്ക് രണ്ടാം ജയം കൈയെത്തും ദൂരത്താണ്. 10 വിക്കറ്റ് കൈയിലിരിക്കെ അവസാന ദിനം ജയിക്കാൻ വേണ്ടത് 143 റൺസ് മാത്രം. ജയിച്ചാൽ പാകിസ്താനെതിരെ ആദ്യ ടെസ്റ്റ് പരമ്പര ജയമാണ് ബംഗ്ലാദേശിനെ കാത്തിരിക്കുന്നത്. 2009ൽ വെസ്റ്റിൻഡീസിനെതിരെ മാത്രമാണ് വിദേശത്ത് ബംഗ്ലാദേശ് ടെസ്റ്റ് പരമ്പര സ്വന്തമാക്കിയത്.
185 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് നാലാം ദിനം സ്റ്റമ്പെടുക്കുമ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ 42 റൺസെന്ന നിലയിലാണ്. 31 റൺസുമായി സാകിർ ഹസനും ഒമ്പത് റൺസുമായി ഷദ്മാൻ ഇസ്‍ലാമുമാണ് ക്രീസിൽ.
ടോസ് നഷ്ടപ്പെട്ട് ആദ്യ ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ 274 റൺസിന് പുറത്തായിരുന്നു. എന്നാൽ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനെ ആറ് വിക്കറ്റ് നേടിയ ഖുറം ഷഹ്സാദിന്റെ മികവിൽ പാകിസ്താൻ 262 റൺസിന് തിരിച്ചുകയറ്റി. 12 റൺസ് ലീഡ് വഴങ്ങിയ ബംഗ്ലാദേശിനായി രണ്ടാം ഇന്നിങ്സിൽ ബൗളർമാർ വീണ്ടും ആഞ്ഞടിക്കുന്നതാണ് പിന്നെ കണ്ടത്.
അഞ്ചു വിക്കറ്റുമായി ഹസൻ മഹ്മൂദും നാല് വിക്കറ്റുമായി നാഹിദ് റാണയും നിറഞ്ഞാടിയപ്പോൾ ആതിഥേയർ വെറും 172 റൺസിന് പുറത്തായി. 47 റൺസുമായി പുറത്താകാതെനിന്ന സൽമാൻ ആഗയും 43 റൺസെടുത്ത മുഹമ്മദ് റിസ്‍വാനുമാണ് അവരെ വൻ നാണക്കേടിൽനിന്ന് കരകയറ്റിയത്. അബ്ദുല്ല ഷഫീഖ് (3), സയിം അയൂബ് (20), ഖുറം ഷഹ്സാദ് (0), ഷാൻ മസൂദ് (28), ബാബർ അസം (11), സൗദ് ഷകീൽ (2), മുഹമ്മദ് അലി (0), അബ്റാർ അഹ്മദ് (2), മിർ ഹംസ (4) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റർമാരുടെ സംഭാവനകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.