‘ഇതെന്തൊരു വിടലാണ്’; ന്യൂസിലാൻഡിനെതിരെ പാകിസ്താൻ താരങ്ങൾ വിട്ടുകളഞ്ഞത് എട്ട് ക്യാച്ചുകൾ -വിഡിയോ
text_fieldsദുബൈ: വനിത ട്വന്റി 20 ലോകകപ്പ് സെമിഫൈനലിൽ ഇടംതേടി ന്യൂസിലാൻഡിനെതിരെ നിർണായക പോരാട്ടത്തിനിറങ്ങിയ പാകിസ്താനെ തോൽവിയിലേക്ക് നയിച്ചത് മോശം ഫീൽഡിങ്ങും. എട്ട് ക്യാച്ചുകളാണ് പാക് താരങ്ങൾ മത്സരത്തിൽ വിട്ടുകളഞ്ഞത്. ഫാത്തിമ സന മാത്രം നാലെണ്ണമാണ് കളഞ്ഞുകുളിച്ചത്. അഞ്ച്, ആറ്, എട്ട്, 16, 18 ഓവറുകളിൽ ഓരോ ക്യാച്ചുകൾ നഷ്ടമാക്കിയ പാകിസ്താൻ ഫീൽഡർമാർ അവസാന ഓവറിൽ മൂന്ന് തവണയാണ് എതിർ ബാറ്റർമാർക്ക് ജീവൻ നൽകിയത്. ക്യാച്ചുകൾക്ക് പുറമെ ഏതാനും റണ്ണൗട്ട് ചാൻസുകളും ഫീൽഡർമാർ കളഞ്ഞുകുളിച്ചു. തന്റെ ടീം ഫീൽഡിങ്ങിൽ ഏറെ മെച്ചപ്പെടാനുണ്ടെന്ന് ക്യാപ്റ്റൻ ഫാത്തിമ സന തന്നെ മത്സരശേഷം സമ്മതിക്കുകയും ചെയ്തു.
ഇത്രയും ക്യാച്ചുകൾ വിട്ടുകളഞ്ഞതിനെ അവിശ്വസനീയതോടെയാണ് മുൻ താരങ്ങളടക്കം വിലയിരുത്തിയത്. ഇതിലും മോശം ഫീൽഡിങ് വേറെ കണ്ടിട്ടോയെന്ന ചോദ്യവുമായി ക്രിക്കറ്റ് ആരാധകർ സമൂഹ മാധ്യമങ്ങളിൽ രംഗത്തെത്തിയിട്ടുണ്ട്.
പാകിസ്താൻ ജയിച്ചാൽ മികച്ച റൺറേറ്റിന്റെ അടിസ്ഥാനത്തിൽ സെമിയിൽ കടന്നുകൂടാമെന്ന ഇന്ത്യയുടെ പ്രതീക്ഷയും അയൽക്കാരുടെ തോൽവിയോടെ അസ്തമിച്ചിരുന്നു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലാൻഡിനെ ആറ് വിക്കറ്റ് നഷ്ടത്തിൽ 110 റൺസിലൊതുക്കാൻ പാകിസ്താന് കഴിഞ്ഞെങ്കിലും കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്റെ മുഴുവൻ വിക്കറ്റും 56 റൺസെടുക്കുന്നതിനിടെ നിലംപൊത്തുകയായിരുന്നു. 54 റൺസിനാണ് ന്യൂസിലാൻഡ് ജയം പിടിച്ചത്.
23 പന്തിൽ 21 റൺസെടുത്ത ക്യാപ്റ്റൻ ഫാത്തിമ സനയാണ് പാകിസ്താന്റെ ടോപ് സ്കോറർ. ഇതിന് പുറമെ ഓപണർ മുനീബ അലിക്ക് (11 പന്തിൽ 15) മാത്രമാണ് രണ്ടക്കം രണ്ടക്കം കടക്കാനായത്. നാലുപേർ പൂജ്യരായി മടങ്ങി. കിവികൾക്കായി അമേലിയ കെർ മൂന്നുപേരെ മടക്കി വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.