‘പാകിസ്താൻകാർ കോഹ്‍ലിയെ ഏറെ സ്നേഹിക്കുന്നു, ഇന്ത്യ ചാമ്പ്യൻസ് ട്രോഫിക്ക് വരണം’; അഭ്യർഥനയുമായി ഷാഹിദ് അഫ്രീദി
text_fieldsഇസ്‍ലാമാബാദ്: 2025ൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിന് ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്താനിലേക്ക് വരണമെന്ന് മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. മുമ്പ് ഇന്ത്യൻ താരങ്ങൾ പാകിസ്താൻ സന്ദർശിച്ചപ്പോഴെല്ലാം മികച്ച ആതിഥേയത്വം ആസ്വദിച്ചിട്ടുണ്ടെന്നും രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ടീം പാകിസ്താനിലെത്തിയാൽ കാര്യങ്ങൾ വ്യത്യസ്തമാകില്ലെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനിലെ ആളുകൾക്ക് വിരാട് കോഹ്‍ലിയെ ഒരുപാട് ഇഷ്ടമാണെന്നും അവൻ എന്റെയും പ്രിയപ്പെട്ട കളിക്കാരനാണെന്നും അഫ്രീദി കൂട്ടിച്ചേർത്തു.
‘ഇന്ത്യൻ ടീമിനെ ഞാൻ സ്വാഗതം ചെയ്യുന്നു. അവർ പാകിസ്താനിലേക്ക് വരണം. പാകിസ്താൻ ടീമിനൊപ്പം ഇന്ത്യയിൽ പര്യടനം നടത്തിയപ്പോഴെല്ലാം എനിക്ക് ഒരുപാട് ബഹുമാനവും സ്നേഹവും ലഭിച്ചിട്ടുണ്ട്. അതുപോലെ, 2005ൽ ഇന്ത്യ ഇവിടെയെത്തിയപ്പോഴും ഒരുപാട് ബഹുമാനവും സ്നേഹവും ലഭിച്ചു. അവർ ഇവിടെ സമയവും ആതിഥ്യമര്യാദയും ആസ്വദിച്ചു. സ്‌പോർട്‌സിനെ രാഷ്ട്രീയത്തിൽനിന്ന് അകറ്റിനിർത്തണം. ഇന്ത്യക്കാർ പാകിസ്താനിലേക്ക് വരുന്നു, പാകിസ്താനികൾ ഇന്ത്യയിലേക്ക് പോകുന്നു, അതിലും മനോഹരമായി മറ്റെന്താണുള്ളത്?’ -അഫ്രീദി ന്യൂസ് 24ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
വിരാട് കോഹ്‍ലിക്ക് പാകിസ്താനിലുള്ള ബഹുമാനത്തെ കുറിച്ചും അഫ്രീദി പ്രത്യേകം എടുത്തുപറഞ്ഞു. വിരാട് കോഹ്‌ലി പാകിസ്താനിൽ എത്തിയാൽ ഇന്ത്യയുടെ സ്‌നേഹവും ആതിഥ്യമര്യാദയും മറക്കും. പാകിസ്താനിലെ ആളുകൾക്ക് അവനെ ഒരുപാട് ഇഷ്ടമാണ്. അവൻ എന്റെ പ്രിയപ്പെട്ട കളിക്കാരനാണ്’ -അഫ്രീദി കൂട്ടിച്ചേർത്തു.
2025 ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് എട്ട് രാജ്യങ്ങൾ പങ്കെടുക്കുന്ന ചാമ്പ്യൻസ് ട്രോഫിക്ക് പാകിസ്താൻ ആതിഥേയരാകുന്നത്. എന്നാൽ, പാകിസ്താനിൽ കളിക്കാൻ ഇന്ത്യൻ ടീം തയാറാവില്ലെന്ന സൂചനയെ തുടർന്ന് വിവിധ രാജ്യങ്ങളിലായി ഹൈബ്രിഡ് രീതിയിൽ ടൂർണമെന്റ് നടത്താൻ ആലോചന നടക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിലും യു.എ.ഇയിലും നടത്താനാണ് നീക്കം. നേരത്തെ ഇതേ കാരണത്താൽ ഏഷ്യാ കപ്പ് ഹൈബ്രിഡ് രീതിയിൽ നടത്തിയിരുന്നു.
2012-13 സീസണിന് ശേഷം ഇന്ത്യയും പാകിസ്താനും തമ്മിൽ ദ്വിരാഷ്ട്ര പരമ്പര കളിച്ചിട്ടില്ല. 2008ലാണ് ഇന്ത്യൻ ടീം അവസാനമായി പാകിസ്താനിലെത്തിയത്. ഏഷ്യാ കപ്പ് മത്സരത്തിനായി പാകിസ്താനിൽ പോകാൻ വിസമ്മതം അറിയിച്ചതോടെ ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റിയിരുന്നു. ഏഷ്യാകപ്പിന് ഇന്ത്യൻ ടീം പാകിസ്താനിലേക്ക് വന്നില്ലെങ്കിൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ പങ്കെടുക്കില്ലെന്ന് പാകിസ്താൻ ടീമുമായി ബന്ധപ്പെട്ടർ പറഞ്ഞിരുന്നെങ്കിലും ടീം ലോകകപ്പിൽ പങ്കെടുക്കാനെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.