സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിൽ പാലക്കാട് കിരീടം നിലനിർത്തി
text_fieldsതേഞ്ഞിപ്പലം: ട്രാക്കിലും ഫീൽഡിലും താരോദയങ്ങളും റെക്കോഡ് പുസ്തകത്തിൽ പുതിയ പേരുകളും കണ്ട 65ാമത് സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിന് കാലിക്കറ്റ് സർവകലാശാല സി.എച്ച്. മുഹമ്മദ് കോയ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൽ ശുഭസമാപ്തി.
ആദ്യദിനം തൊട്ട് പോയന്റ് പട്ടികയിൽ വ്യക്തമായ മേധാവിത്വം പുലർത്തിയ നിലവിലെ ജേതാക്കളായ പാലക്കാട് ജില്ല ജൈത്രയാത്ര തുടർന്നു. 22 സ്വർണം, 23 വെള്ളി, 22 വെങ്കലം എന്നിവ നേടി 491 പോയന്റോടെയാണ് വീണ്ടും കിരീടധാരണം. രണ്ടും മൂന്നും സ്ഥാനക്കാർ സ്വർണ മെഡൽ എണ്ണത്തിൽ പാലക്കാടിനേക്കാൾ മുന്നിലുണ്ട്. 30 സ്വർണവും 17 വെള്ളിയും 12 വെങ്കലവുമായി എറണാകുളം 421.5 പോയന്റോടെ രണ്ടാമത്തെത്തി. കഴിഞ്ഞതവണ രണ്ടാം സ്ഥാനത്തായിരുന്ന കോഴിക്കോട് ഇത്തവണ 24 സ്വർണവും 16 വെള്ളിയും 12 വെങ്കലവും നേടി 375.5 പോയന്റ് നേടി മൂന്നാമതും.
ആൺകുട്ടികളുടെ അണ്ടർ 20,18, 16 വിഭാഗങ്ങളിൽ പാലക്കാടാണ് മുന്നിൽ. പെൺകുട്ടികളുടെ അണ്ടർ 20ൽ എറണാകുളവും 18, 16, 14, ആൺകുട്ടികളുടെ അണ്ടർ 14 വിഭാഗങ്ങളിൽ കോഴിക്കോടാണ് ഒന്നാമത്. വ്യാഴാഴ്ച ആറ് മീറ്റ് റെക്കോഡുകളും പിറന്നു.
അണ്ടർ 16 ഷോട്ട്പുട്ടിൽ 17.55 മീറ്ററും ഡിസ്കസ്ത്രോയിൽ 59.25 മീറ്ററും എറിഞ്ഞ് കാസർകോടിെൻറ കെ.സി. സെർവാൻ ഒരേ പകൽ ഇരട്ട റെക്കോഡിട്ടു. അണ്ടർ 20 ട്രിപ്ൾ ജംപിൽ എറണാകുളത്തിെൻറ മീര ഷിബു (12.90 മീ.), അണ്ടർ 16 ഹൈജംപിൽ കോഴിക്കോടിെൻറ കരോലിന മാത്യു (1.64 മീ.), ഹെക്സാത്തലനിൽ കോഴിക്കോടിെൻറ മുബസ്സിന മുഹമ്മദ് (3696 പോയന്റ്), ഷോട്ട്പുട്ടിൽ കാസർകോടിെൻറ അഖില രാജു (13.20 മീ.) എന്നിവരുടെ പേരുകളും ഇനി റെക്കോഡ് പുസ്തകത്തിൽ കാണാം.
താരങ്ങളിൽ താരമായവർ
ആൺകുട്ടികൾ- അണ്ടർ 20: മുഹമ്മദ് ലസാൻ (കോഴിക്കോട്) -110 മീ. ഹർഡിൽസ്, അണ്ടർ 18: ആർ.കെ. വിശ്വജിത്ത് (പാലക്കാട്) -110 മീ. ഹർഡിൽസ്, അണ്ടർ 16: കെ.സി. സർവൻ (കാസർകോട്) -ഡിസ്കസ്ത്രോ, അണ്ടർ 14: സച്ചു മാർട്ടിൻ (ആലപ്പുഴ) -ഷോട്ട്പുട്ട്
പെൺകുട്ടികൾ- അണ്ടർ 20: ഗൗരി നന്ദ (എറണാകുളം) -400 മീ., അണ്ടർ 18: സാനിയ ട്രീസ ടോമി (കോഴിക്കോട്) -400 മീ., അണ്ടർ 16: മുബസ്സിന മുഹമ്മദ് (കോഴിക്കോട്) -ലോങ് ജംപ്, അണ്ടർ 14: മിൻസാര പ്രസാദ് (കോഴിക്കോട്) -ലോങ് ജംപ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.