ധോണിയെ മറികടന്ന് പന്ത്; ടെസ്റ്റിൽ പുതിയ നേട്ടവുമായി ഇന്ത്യൻ വിക്കറ്റ് കീപ്പർ
text_fieldsബംഗളൂരു: ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറിക്ക് ഒരുറൺസകലെ വീണെങ്കിലും ഋഷബ് പന്തിനെ തേടിയെത്തി പുതിയ റെക്കോഡ്. ടെസ്റ്റിൽ ഇന്ത്യക്കായി ഏറ്റവും വേഗത്തിൽ 2500 റൺസ് തികച്ച വിക്കറ്റ് കീപ്പറെന്ന നേട്ടമാണ് മുൻ നായകൻ എം.എസ് ധോണിയെ മറികടന്ന് സ്വന്തമാക്കിയത്. 62 ഇന്നിങ്സിലാണ് പന്ത് 2500 കടന്നതെങ്കിൽ ധോണിക്ക് ഇതിനായി വേണ്ടിവന്നത് 69 ഇന്നിങ്സാണ്. 82 ഇന്നിങ്സിൽ 2500 തികച്ച ഫാറൂഖ് എൻജിനീയർ ആണ് മൂന്നാമത്. ഏറ്റവും വേഗത്തിൽ 500, 1000, 1500, 2000 റൺസുകൾ തികച്ച വിക്കറ്റ് കീപ്പറും ഋഷബ് പന്താണ്.
ആദ്യ ഇന്നിങ്സിൽ 46 റൺസിന് പുറത്തായി നാണക്കേടിന്റെ റെക്കോഡ് സ്വന്തമാക്കിയ ഇന്ത്യ, സെഞ്ച്വറിയുമായി നിറഞ്ഞുകളിച്ച സർഫറാസ് ഖാന്റെയും 99 റൺസെടുത്ത് പുറത്തായ ഋഷബ് പന്തിന്റെയും മികവിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 433 റൺസെന്ന നിലയിലാണ്. 150 റൺസ് അടിച്ച സർഫറാസിനെ ടിം സൗതി അജാസ് പട്ടേലിന്റെ കൈയിലെത്തിച്ചപ്പോൾ ഒറൂർകെയുടെ ബാൾ പ്രതിരോധിക്കാൻ ശ്രമിച്ച ഋഷബിന്റെ ബാറ്റിൽ തട്ടി പന്ത് സ്റ്റമ്പിൽ പതിച്ചത് അർഹിച്ച സെഞ്ച്വറി നഷ്ടമാക്കുകയായിരുന്നു. 11 റൺസുമായി കെ.എൽ രാഹുലും റൺസൊന്നുമെടുക്കാതെ രവീന്ദ്ര ജദേജയുമാണ് ക്രീസിൽ.
ഓപണർ യശ്വസ്വി ജയ്സ്വാൾ (35), അർധ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമ (52), സൂപ്പർ താരം വിരാട് കോഹ്‍ലി (70) എന്നിവരുടെ വിക്കറ്റുകളാണ് സർഫറാസിനും പന്തിനും പുറമെ ആതിഥേയർക്ക് നഷ്ടമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.