പാരാലിമ്പിക്സിന് ഇന്ന് തുടക്കം; പ്രതീക്ഷയോടെ ഇന്ത്യ
text_fieldsടോക്യോ: ലോക കായിക മഹാമേളക്ക് കൊടിയിറങ്ങിയതിനു പിന്നാലെ ജപ്പാൻ തലസ്ഥാനമായ ടോക്യോയിൽ പാരാലിമ്പിക്സിന് തിരിതെളിയുന്നു. ഭിന്നശേഷിക്കാരുടെ കായികശക്തിയുടെ ലോക പോരാട്ടമായ പാരാലിമ്പിക്സിന് ചൊവ്വാഴ്ചയാണ് തുടക്കമാവുന്നത്. അടുത്തമാസം അഞ്ചുവരെ നീളുന്ന മേളയിൽ 22 കായിക വിഭാഗങ്ങളിലായി 540 ഇനങ്ങളിൽ മത്സരം നടക്കും. 163 രാജ്യങ്ങളിൽനിന്നുള്ള 4500ഓളം കായികതാരങ്ങളാണ് പാരാലിമ്പിക്സിൽ മാറ്റുരക്കുന്നത്.
പതാകയേന്താൻ മാരിയപ്പൻ
റിയോ പാരാലിമ്പിക്സിലെ സ്വർണ ജേതാവ് ഹൈജംപ് താരം മാരിയപ്പൻ തങ്കവേലുവാണ് ഉദ്ഘാടന മാർച്ച്പാസ്റ്റിൽ ഇന്ത്യൻ ദേശീയ പതാകയേന്തുക. അഞ്ച് അത്ലറ്റുകളും ആറ് ഒഫീഷ്യലുകളുമാണ് ഇന്ത്യക്കായി മാർച്ച് പാസ്റ്റിൽ അണിനിരക്കുക.
അഞ്ചു സ്വർണമടക്കം 15 മെഡലെങ്കിലും നേടാനാവുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ സംഘം. ഒമ്പത് ഇനങ്ങളിലായി 54 അത്ലറ്റുകളാണ് ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നത്. റിയോയിലെ സുവർണ ജേതാക്കളായ മാരിയപ്പനും ജാവലിൻ ത്രോ താരം ദേവേന്ദ്ര ജാജരിയയുമാണ് ഇന്ത്യയുടെ പ്രധാന പ്രതീക്ഷകൾ. റിയോയിൽ ഈ രണ്ടു സ്വർണവും ഒന്നുവീതം വെള്ളിയും വെങ്കലവുമായി 43ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഇത്തവണ ആദ്യ 25ൽ ഇടംപിടിക്കാനാവുമെന്നാണ് പ്രതീക്ഷ. 1972ൽ ആദ്യമായി പങ്കെടുത്തശേഷം 12 മെഡലുകളാണ് ഇന്ത്യ നേടിയിട്ടുള്ളത്.
24 അംഗ അത്ലറ്റിക്സ് സംഘത്തിലാണ് ഇന്ത്യയുടെ പ്രധാന പ്രതീക്ഷ. മാരിയപ്പനെയും ജാജരിയയെയും കൂടാതെ ലോകചാമ്പ്യൻ സന്ദീപ് ചൗധരി, സുന്ദർ സിങ് ഗുർജാർ, നവ്ദീപ് സിങ്, അജിത് സിങ് (എല്ലാവരും ജാവലിൻ ത്രോയിലാണെങ്കിലും വ്യത്യസ്ത ഇനങ്ങളിൽ), ലോക ഒന്നാം നമ്പറും ലോകചാമ്പ്യനുമായ പ്രമോദ് ഭഗത്, ലോക രണ്ടാം നമ്പർ കൃഷ്ണ നഗർ, തരുൺ ധില്ലൻ (മൂവരും പുരുഷ ബാഡ്മിൻറൺ), മുൻ ലോകജേത്രി പരുൾ പാർമർ, പാലക് കോഹ്ലി (ഇരുവരും വനിത ബാഡ്മിൻറൺ) എന്നിവരും മെഡൽ പ്രതീക്ഷ പുലർത്തുന്നു. ഷൂട്ടിങ്, അെമ്പയ്ത്ത് എന്നിവയിലും ഇന്ത്യ മെഡൽ സ്വപ്നം കാണുന്നുണ്ട്. കനോയിങ്, നീന്തൽ, പവർലിഫ്റ്റിങ്, ടേബ്ൾ ടെന്നിസ്, തൈക്വാൻഡോ എന്നിവയിലും ഇന്ത്യൻ താരങ്ങൾ മത്സരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.