ഈ അച്ഛനും അമ്മയും ഡബ്ൾ ഹാപ്പി!
text_fieldsചെന്നൈ: ബുഡാപെസ്റ്റിൽ ആർ. പ്രഗ്നാനന്ദയും ആർ. വൈശാലിയും അംഗങ്ങളായ പുരുഷ, വനിത ടീമുകൾ ചെസ് ഒളിമ്പ്യാഡിൽ കിരീടമുയർത്തുമ്പോൾ ഇരട്ട സന്തോഷത്തിലായിരുന്നു മാതാപിതാക്കളായ ആർ. നാഗലക്ഷ്മിയും രമേശ് ബാബുവും. കാരണം, രണ്ടുമക്കൾ ഒന്നിച്ച് ലോക ചാമ്പ്യൻപട്ടം പിടിക്കുകയെന്ന സമീപകാലത്തൊന്നും അധികമാരും എത്താൻ സാധ്യത തീരെ കുറവുള്ള റെക്കോഡിന്റെ നിറവിലായിരുന്നു ഇരുവരും. ഡി. ഗുകേഷും എരിഗെയ്സിയുമടങ്ങുന്ന പുരുഷ ടീമിലെ പ്രമുഖ സാന്നിധ്യമായിരുന്നു ഗ്രാന്റ് മാസ്റ്റർ പ്രഗ്നാനന്ദ. മൂത്ത സഹോദരി വൈശാലിയാകട്ടെ വനിത ടീമിലും മികച്ചുനിന്നു.
‘ഞങ്ങൾ പ്രഗ്നാനന്ദയെക്കുറിച്ച് ഏറെ അഭിമാനിക്കുന്നു. മകൾ വൈശാലിയുടെ ടീമും സ്വർണം നേടി. എല്ലാം സന്തോഷകരമാണ്’- രമേഷ് ബാബുവിന്റെ വാക്കുകൾ. ഇന്ത്യൻ ചെസ് താരങ്ങൾ സമീപകാലത്ത് കുറിച്ച വലിയ വിജയങ്ങൾ രാജ്യത്ത് ചെസിനെ കൂടുതൽ ജനപ്രിയമാക്കി മാറ്റിയതായും അദ്ദേഹം പ്രത്യാശ പങ്കുവെക്കുന്നു. ‘നിലവിൽ ക്രിക്കറ്റ് കഴിഞ്ഞാൽ ഏറ്റവും ജനപ്രിയമാണ് ചെസ്. കൂടുതൽ കൂടുതൽ പേർ അതിൽ താൽപര്യം കാണിച്ചുവരുന്നു. അക്കാദമിക മികവിന് പുറമെ ചെസ് കളിയും അവർക്ക് കരിയറിന്റെ ഭാഗമാണ്. പുതുമുറക്കാർ അതൊരു കരിയറായി എടുക്കുകയാണ്’- രമേശ് ബാബുവിന്റെ വാക്കുകൾ. ഓരോ താരവും കൂടുതൽ കഴിവു തെളിയിക്കാൻ ഇഷ്ടപ്പെടുന്നവരാണെന്നതിനാൽ ഇരുവരും റേറ്റിങ് ഉയർത്തണമെന്നും അതിനാകും അവരുടെ അടുത്ത ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ചെസിൽ പ്രഗ്നാനന്ദയും വൈശാലിയും കരുക്കളുമായി അദ്ഭുത നീക്കങ്ങൾക്ക് തലപുകച്ചിരിക്കുമ്പോൾ ധൈര്യം പകർന്ന് ദൂരെ മാറിനിൽക്കുന്നതാണ് നാഗലക്ഷ്മിയുടെ രീതി. ബാങ്ക് മാനേജറായ പിതാവ് രമേശ് ബാബു ജോലിത്തിരക്കുമായി കഴിയുന്നതിനാൽ മക്കളെ അനുഗമിക്കുന്ന ഉത്തരവാദിത്വം വീട്ടമ്മയായ മാതാവ് ഏറ്റെടുക്കാറാണ് പതിവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.