പൊന്നുപോലെ കാത്തിടാം; നീരീജ് ചോപ്രയും അർഷദ് നദീമും തമ്മിലെ സൗഹൃദം ആഘോഷിച്ച് ലോകം
text_fieldsന്യൂഡൽഹി: ഫീൽഡിലും പതാകയിലും വലിയ വൈരത്തിന്റെ ചരിത്രം പേറുമ്പോഴും നീരജ് ചോപ്രയും അർഷാദ് നദീമും തമ്മിൽ ഏറെയായി സൂക്ഷിക്കുന്നത് ഉറ്റ സൗഹൃദം. 2016ൽ ആദ്യമായി ജാവലിനിൽ മുഖാമുഖം വന്നത് മുതൽ ഇരുവരും അടുത്തറിയാം. ഫീൽഡിലും പുറത്തും ഇത് പൂത്തുലഞ്ഞുനിന്നു. സൗഹൃദം ലോകമറിഞ്ഞത് ഒളിമ്പിക്സിനുള്ള ജാവലിൻ വാങ്ങാൻ അർഷാദ് നദീം സമൂഹ മാധ്യമത്തിലെത്തിയപ്പോഴാണ്. എട്ടുവർഷമായി ഒന്നിച്ചുമത്സരിക്കുന്ന താരത്തിന് എറിയാൻ നല്ല ജാവലിനില്ലെന്നറിഞ്ഞ നീരജ് രംഗത്തെത്തി. ‘‘അർഷാദ് ഒരു മികച്ച ജാവലിൻ താരമാണ്. അവനെ സ്പോൺസർ ചെയ്യാനും ആവശ്യമായത് നൽകാനും ജാവലിൻ നിർമാണ കമ്പനികൾക്ക് സന്തോഷമാകുമെന്നാണ് എന്റെ വിശ്വാസം. എന്റെ ഒരു ഉപദേശമാണിത്’’ എന്നായിരുന്നു നീരജിന്റെ വാക്കുകൾ. ഇതിന് ഫലവുമുണ്ടായി. താരത്തിന് ജാവലിൻ ലഭിച്ചുവെന്ന് മാത്രമല്ല, പാരിസിൽ മെഡലും പിറന്നു.
രണ്ടു രാജ്യക്കാരായിട്ടും നീരജും നദീമും തമ്മിൽ സൂക്ഷിച്ച സൗഹൃദത്തെ മുൻ ക്രിക്കറ്റർ ഹർഭജൻ സിങ് വാഴ്ത്തി. ‘‘നീരജും നദീമും ഒന്നിച്ചുള്ള കുറെ നല്ല ചിത്രങ്ങൾ നാം കണ്ടു. ഇരുവരും സ്വന്തം പതാകകൾ കൈയിലേന്തുമ്പോഴും കായിക താരങ്ങളെന്ന നിലക്ക് പരസ്പരം ആദരിക്കുന്നവയാണവ. സ്പോർട്സ് അതിരുകൾക്കുമപ്പുറത്താണെന്നും അത് ആളുകളെ ഒന്നിപ്പിക്കുന്നതാണെന്നുമാണ് ഇരുവരും കാണിക്കുന്നത്’’ -ഹർഭജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.