വീടിന്‍റെ പിറകിൽ പ്രാക്ടീസ്, ഒറ്റക്ക് വഴിവെട്ടിവന്നവൻ; ചോപ്രയുമായി മുട്ടുന്നത് പാകിസ്താന്‍റെ അർഷാദ് നദീം
text_fieldsപാരിസ്: പാകിസ്താന് വേണ്ടി ഒളിമ്പിക്സിൽ ഏഴ് പേരാണ് മത്സരിക്കാനെത്തിയത്. അതിൽ മൂന്ന് പേർ ഷൂട്ടിങ്ങിനും രണ്ട് പേർ സ്വിമ്മിങ്ങിനും രണ്ട് പേർ അത്ലെറ്റിക്സിനുമായിരുന്നു. എന്നാൽ ഇവരെല്ലാവരും ഒരു മുന്നേറ്റം പോലും സൃഷ്ടിക്കാതെ ആദ്യ റൗണ്ടിൽ തന്നെ തോറ്റ് പുറത്തായിരുന്നു. എന്നാൽ പാകിസ്താന്‍റെ എല്ലാ മെഡൽ പ്രതീക്ഷയും ആ ഏഴാമത്തെ താരത്തിലാണ്. ജാവലിൻ ത്രോയുടെ ഫൈനലിൽ പ്രവേശിച്ച അർഷാദ് നദീം.
ഇന്ത്യയുടെ ഗോൾഡൻ ബോയ് നീരജ് ചോപ്രയോടൊപ്പം 12 മത്സരാർത്ഥികൾ ക്വാളിഫൈ ചെയ്ത ഫൈനലിൽ ഈ പാകിസ്താൻ താരവും അണിനിരക്കുന്നുണ്ട്. കോമൺവെൽത്ത് നാഷ്ണൽ ചാമ്പ്യനായ നദീം ചോപ്രയുടെ അടുത്ത സുഹൃത്ത് കൂടെയാണ്. 90 മീറ്ററിൽ കൂടുതൽ ദൂരത്തിൽ ജാവലിൻ എറിഞ്ഞ ഒരേയൊരു ഏഷ്യൻ താരം നദീമാണ്. ക്രിക്കറ്റിനെ മാത്രം പ്രധാന സ്പോർട്ടായി കാണുന്ന പാകിസ്താൻ പോലെയൊരു രാജ്യത്തിൽ നദീമിന്‍റെ നേട്ടങ്ങൾ അത്ഭുതമാണ്. അദ്ദേഹത്തിന്‍റെ ഫൈനലിലേക്കുള്ള ക്വാളിഫിക്കേഷൻ ഖനേവൽ വില്ലേജിലെ ആളുകൾ അത്രമേൽ ആഘോഷിക്കുന്നത് അതുകൊണ്ട് കൂടിയാവണം.
'ആൾക്കാർക്ക് അറിയില്ല അർഷാദ് എങ്ങനെ ഇവിടെ വരെ എത്തിയതെന്ന്. തുടക്ക കാലത്ത് നാട്ടുകാരും കുടുംബക്കാരും ധാനം നൽകിയ പൈസയുമായാണ് അവൻ മറ്റ് സ്ഥലങ്ങളിലേക്ക് ട്രെയിനിങ്ങിനായും മത്സരങ്ങൾക്കായും യാത്ര ചെയ്തത്,' നദീമിന്‍റെ അച്ഛൻ പി.ടി.ഐയോട് പറഞ്ഞു. നീരജ് പോച്രയും മറ്റ് താരങ്ങളും വേറെ രാജ്യങ്ങളിലെല്ലാം പ്രാക്ടീസിനും ട്രെയിനിങ്ങിനുമായി പോകുമ്പോൾ അർഷാദ് തന്‍റെ വീടിന്‍റെ പിന്നാമ്പുറത്താണ് പ്രാകടീസ് ചെയ്തുകൊണ്ടിരുന്നത്. ഏറേ പ്രയാസപ്പെട്ട് രാജ്യത്തിന്‍റെ പിന്തുണ അധികമൊന്നമില്ലാതെ ഇവിടെ വരെ എത്തിയ താരമായ അർഷാദിൽ ഒരുപാട് പ്രതീക്ഷയാണ് ആ രാജ്യത്തിലെ ജനങ്ങളിലും പാകിസ്താന്‍റെ പഞ്ചാബിലെ ഖനേവൽ എന്ന ഗ്രാമത്തിനുമുള്ളത്. 1992ന് ശേഷം ഒരു ഒളിമ്പിക് മെഡൽ അർഷാദിലൂടെ പാകിസ്താൻ അണിയുമെന്ന പ്രതീക്ഷയിലാണ് അവർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.