ദുഃഖഭാരതം; വിനേഷ് ഫോഗട്ടിലൂടെ ഒളിമ്പിക് സ്വർണത്തിന് കാത്തിരുന്ന രാജ്യത്തിന് ഞെട്ടൽ
text_fieldsപാരിസ്: പാരിസ് ഒളിമ്പിക്സിൽ രാജ്യത്തിന്റെ മെഡൽ പട്ടികയിൽ ഇതുവരെയും കയറാതെ മാറിനിൽക്കുന്ന സ്വർണത്തിലേക്ക് വിനേഷ് ഫോഗട്ട് എന്ന പെൺപുലി ഇടിച്ചുകയറുമെന്ന 140 കോടി കാത്തിരിപ്പുകൾക്കു മേലായിരുന്നു ഞെട്ടലായി ആ വാർത്തയെത്തിയത്. ക്വാർട്ടറിൽ മുഖാമുഖം വന്ന ലോക ചാമ്പ്യൻ യുവി സുസാകിയെ അനായാസം മലർത്തിയടിച്ച് ഈയിനത്തിൽ പാരിസിലെ കനകറാണി മറ്റാരുമല്ലെന്ന സൂചന നൽകിയ അവർ ബുധനാഴ്ച രാത്രി നടക്കേണ്ട കലാശപ്പോരിലേക്ക് അവസാന വട്ട ഒരുക്കങ്ങളിലായിരുന്നു. പക്ഷെ, സംഭവിച്ചത് മറ്റൊന്ന്.
100 ഗ്രാം അനീതി?
സെമിഫൈനൽ വരെ അനുവദിക്കപ്പെട്ട ഭാരവുമായി പോര് നയിച്ച വിനേഷ് ഫോഗട്ട് നിർണായകമായ ഫൈനലിനുമുമ്പ് ഭാരക്കൂടുതലിന് പുറത്തായതിനു പിന്നിൽ ഗൂഢാലോചന ആരോപണവും ഉയർന്നു. ബി.ജെ.പി നേതാവ് കൂടിയായ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനും കൂട്ടാളികൾക്കുമെതിരെ സമരമുഖത്തുണ്ടായിരുന്ന ഫോഗട്ടിന്റെ ചരിത്രനേട്ടം രാജ്യം ആഘോഷിക്കുന്നതിനിടെയായിരുന്നു ഒരിക്കലും സംഭവിക്കരുതാത്ത വീഴ്ചയുടെ പേരിൽ അവർ പുറത്താകുന്നത്.
‘ഇന്ത്യക്കും രാജ്യത്തെ ഗുസ്തി താരങ്ങൾക്കുമെതിരായ വലിയ ഗൂഢാലോചനയാണിത്. അവളുടെ പ്രകടനം അഭിനന്ദനം അർഹിക്കുന്നു. ചിലർക്ക് ആ സന്തോഷം ദഹിച്ചിട്ടുണ്ടാകില്ല. ഒറ്റ രാത്രി കൊണ്ട് നമുക്ക് അഞ്ചുമുതൽ ആറു കിലോഗ്രാം വരെ കുറക്കാം. അപ്പോൾ 100 ഗ്രാമിന് എന്താണ് പ്രശ്നങ്ങളുണ്ടായെന്നും അതിനാലാണ് അയോഗ്യയാക്കാനുള്ള നടപടി സ്വീകരിച്ചതെന്നും എനിക്ക് തോന്നുന്നു’’. - പറയുന്നത് 2008ലെ ബെയ്ജിങ് ഒളിമ്പിക് മെഡൽ ജേതാവ് വിജേന്ദർ സിങ്.
തൊട്ടുതലേന്ന് കൃത്യമായ തൂക്കവുമായി മത്സരിച്ച് വൻജയങ്ങൾ കുറിച്ച ഫോഗട്ട് പിറ്റേന്ന് ഭാരക്കൂടുതലിന് അയോഗ്യയാക്കപ്പെടുന്നത് മനസ്സിലാകുന്നില്ലെന്ന് താരത്തിന്റെ ഭർതൃപിതാവ് രാജ്പാൽ റാഠി കുറ്റപ്പെടുത്തി. 100 ഗ്രാമാണ് ഭാരം കൂടുതലെങ്കിൽ 300 ഗ്രാമെങ്കിലും തൂക്കം വരുന്ന അവളുടെ മുടി വെട്ടിയാൽ മതിയായിരുന്നെന്നും എന്തോ അനീതി നടന്നിട്ടുണ്ടെന്നും റാഠി കുറ്റപ്പെടുത്തി.
ഹീനമായ ഗൂഢാലോചന - പ്രതിപക്ഷം
ഒളിമ്പിക്സ് ഫൈനലിന് തൊട്ടുമുമ്പ് വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടതിനുപിന്നിൽ ഹീനമായ ഗൂഢാലോചനയുണ്ടെന്ന വിമർശനവുമായി പ്രതിപക്ഷം. ഇത് ഇന്ത്യൻ കായിക രംഗത്ത് കറുത്ത ദിനമാണെന്ന് കോൺഗ്രസ് എം.പി രൺദീപ് സുർജെവാല കുറ്റപ്പെടുത്തി. ‘‘140 കോടി ഇന്ത്യക്കാർ വിനേഷ് ഫോഗട്ടിന്റെ അയോഗ്യത കേട്ട് ഞെട്ടിയിരിക്കുകയാണ്. ഇന്ത്യൻ കായിക രംഗത്തിന് ഇത് കറുത്ത ദിനമാണ്. ഇന്ത്യൻ കായികതാരങ്ങളുടെ കാര്യത്തിലും കായിക രംഗത്തും മോദി സർക്കാർ പരാജയപ്പെട്ടിരിക്കുന്നു. 2023ൽ നീണ്ട 140 ദിവസം ഡൽഹിയിലെ ജന്തർ മന്തറിൽ സമരം ചെയ്തത് ഇതേ വിനേഷ് ഫോഗട്ടാണെന്ന് നാം തിരിച്ചറിയണം. അതേ വിനേഷ് ഫോഗട്ടിനെയാണ് പാർലമെന്റിനുമുന്നിൽ പൊലീസ് വലിച്ചിഴച്ചത്’’- അദ്ദേഹം പറഞ്ഞു. ‘വിനേഷ് ഫോഗട്ട് പുറത്തായതിനു പിന്നിലെ സാങ്കേതിക കാരണങ്ങൾ അന്വേഷിക്കണമെന്ന പരിഹാസവുമായി സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും രംഗത്തെത്തി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ ഉൾപ്പെടെ നേതാക്കളും വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.