ദ്യോകോവിച് യുഗം അവസാനിച്ചിട്ടില്ല! അൽകാരസിനെ വീഴ്ത്തി ഒളിമ്പിക്സിൽ കന്നി സ്വർണം; ഇനി ഗോൾഡൻ സ്ലാം തിളക്കം
text_fieldsപാരിസ്: പുരുഷ ടെന്നീസിൽ ഇനി സ്പാനിഷ് യുവതാരം കാർലോസ് അൽകാരസിന്‍റെ കാലമാണെന്ന് പറഞ്ഞവർക്ക് തെറ്റുപറ്റി! പ്രായം തന്‍റെ പോരാട്ടവീര്യത്തെ തളർത്തിയിട്ടില്ലെന്ന് തെളിയിച്ച് സെർബിയൻ ഇതിഹാസം നൊവാക് ദ്യോകോവിച്.
പാരിസ് ഒളിമ്പിക്സ് പുരുഷ സിംഗ്ൾസ് ടെന്നീസിൽ അൽകാരസിനെ വീഴ്ത്തി ദ്യോകോവിച്ചിന് സ്വർണം. തന്നെ എഴുതി തള്ളിയവർക്കുള്ള മറുപടി കൂടിയാണ് ഒളിമ്പിക്സിലെ കളിമൺ ക്വാർട്ടിൽ ദ്യോകോ സ്വർണ നേട്ടത്തിലൂടെ നൽകിയത്. 24 ഗ്രാൻഡ് സ്ലാം കിരീടങ്ങളുടെ തിളക്കമുള്ള ദ്യോകോയുടെ കരിയറിലെ ആദ്യ ഒളിമ്പിക്സ് സ്വർണ നേട്ടമാണിത്. ഇതോടെ കരിയർ ഗോൾഡൻ സ്ലാം നേടുന്ന അഞ്ചാമത്തെ താരമായി.
നേരത്തെ മൂന്ന് തവണ സെമിഫൈനലിൽ ഇടറി വീഴുകയായിരുന്നു. ഒളിമ്പിക്സിൽ ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കൂടിയ പുരുഷ താരമെന്ന നേട്ടം ഇതിനകം 37കാരൻ സ്വന്തമാക്കിയിരുന്നു. ത്രില്ലർ കലാശ പോരിൽ നേരിട്ടുള്ള സെറ്റുകൾക്കാണ് അൽകാരസിനെ വീഴ്ത്തിയത്. ഇരു സെറ്റുകളിലും ടൈബ്രേക്കറിലാണ് ജോക്കോവിച്ച് ജയിച്ചു കയറിയത്. സ്കോർ - 7-6, 7-6. റഫേൽ നദാൽ, സെറീന വില്യംസ്, ആന്ദ്രേ അഗസ്സി, സ്റ്റെഫി ഗ്രാഫ് എന്നിവരാണ് ഇതിനു മുമ്പ് കരിയർ ഗോൾഡൻ സ്ലാം സ്വന്തമാക്കിയവർ.
നാല് ഗ്രാൻഡ് സ്ലാം കിരീടങ്ങളും ഒളിമ്പിക്സ് സ്വർണവും ഉൾപ്പെടുന്നതാണ് കരിയർ ഗോൾഡൻ സ്ലാം. 1904ന് ശേഷം ഫൈനൽ കാണുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് 21കാരനായ അൽകാരസ്. കഴിഞ്ഞ രണ്ടു തവണത്തെയും വിമ്പിൾഡൻ ഫൈനലിലെ തോൽവിക്കുള്ള മധുര പ്രതികാരം കൂടിയായി ദ്യോകോവിചിന്‍റെ ഈ വിജയം. രണ്ടു ഫൈനലുകളിലും അൽകാരസിനായിരുന്നു ജയം.
ഇറ്റാലിയൻ താരം ലോറൻസോ മസറ്റിയെ 6-4, 6-2 എന്ന സ്കോറിന് കീഴടക്കിയാണ് ടോപ് സീഡായ ദ്യോകോവിച് ആദ്യമായി ഒളിമ്പിക്സ് ഫൈനലിലേക്ക് മുന്നേറിയത്. അതേസമയം, കാനഡയുടെ ഫെലിക്സ് ഓഗറിനെ 6-1, 6-1 എന്ന സ്കോറിന് അനായാസം മറികടന്നാണ് അൽകാരസിന്റെ ഫൈനൽ പ്രവേശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.